
തിരുവനന്തപുരം: തൊഴിൽ തേടി വിദേശത്തേക്ക് കുടിയേറുന്ന മലയാളി പ്രൊഫഷണലുകൾ മെച്ചപ്പെട്ട സാമൂഹിക അന്തരീക്ഷമാണ് നാട്ടിൽ ആവശ്യപ്പെടുന്നത്. സംസ്ഥാനത്തെ സോഫ്റ്റ്‍വെയർ, ഐ ടി അനുബന്ധ തൊഴിൽ മേഖലകളിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് വേഗത്തിലുള്ള വളർച്ചയ്ക്ക് തടസ്സം. രാജ്യത്തെ മറ്റ് നഗരങ്ങളിൽ നിന്നടക്കം പ്രൊഫഷണലുകളെ ആകർഷിക്കാനായാൽ കേരളത്തിന്റെ ടൂറിസം, മെഡിക്കൽ രംഗത്തും വലിയ മാറ്റങ്ങൾക്ക് വഴി വയ്ക്കും.
ആഗോള ഭൂമികയിൽ വിനിമയങ്ങൾ നടക്കുന്ന ഐ ടി മേഖലയിൽ വിദേശ രാജ്യങ്ങളിൽ പോയി ജോലിയെടുക്കുക സ്വാഭാവികം. എന്നാൽ ഇങ്ങനെ ഓൺസൈറ്റായി പോകുന്നവരിൽ വലിയ ശതമാനം കുടുംബത്തോടൊപ്പം ആ രാജ്യത്ത് സ്ഥിരതാമസമാക്കുന്നു. ശമ്പളം മാത്രമല്ല മെച്ചപ്പെട്ട തൊഴിൽ പരിസരങ്ങൾ, ജോലി സമ്മർദ്ദം കുറയ്ക്കുക, ജീവിത നിലവാരം മെച്ചപ്പെടുത്തുക- നാട്ടിൽ പലതും മാറണം. ബഹുരാഷ്ട്ര കമ്പനികളെ കൂടുതലായി എത്തിക്കണം. മെച്ചപ്പെട്ട റോഡുകൾ, പൊതുഗതാഗതം, ശുചിത്വപരിസരം മുതൽ വിനോദത്തിനുള്ള അവസരങ്ങൾ വരെ. എല്ലാം അത്യാവശ്യം. തൊഴിൽ സമ്മർദ്ദം കാരണം നാട്ടിലെ ബാങ്കിംഗ് മേഖല വിട്ട് വിദേശത്തെത്തിയവരും പുതിയൊരു തൊഴിൽ സംസ്കാരത്തിന്‍റെ ഭാഗമായതിന്‍റെ ആശ്വാസത്തിലാണ്.
ടെക്നോപാർക്കും ഇൻഫോപാർക്കും കേന്ദ്രീകരിച്ചുള്ള സംസ്ഥാനത്തെ ഐടി മേഖല വളർച്ചയുടെ പാതയിലാണ്. 2016 ലെ 78,000ത്തിൽ നിന്ന് സംസ്ഥാനത്തെ ഐടി പ്രൊഫഷണലുകളുടെ എണ്ണം 2.5 ലക്ഷമായെന്ന എംഎസ്എംഇ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൌണ്‍സിലിന്‍റെ കണക്ക് നൽകുന്നത് വലിയ പ്രതീക്ഷകളാണ്. എന്നാൽ ഈ വിഭവശേഷിക്കൊപ്പം അടിസ്ഥാന സൗകര്യങ്ങൾ കൂടി മെച്ചപ്പെടണം. തിരുവനന്തപുരത്തും കൊച്ചിയിലും പ്രഖ്യാപിച്ചിട്ടുള്ള ഐടി ഇടനാഴികൾ, ഇൻഫോപാർക്കിലേക്ക് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം- നാട്ടിൽ ജോലിയെടുത്ത് ജീവിതം ആഗ്രഹിക്കുന്ന വലിയ ശതമാനം യുവാക്കൾ പ്രതീക്ഷയിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam