
പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ചരിഞ്ഞത് കടുവയുടെ ആക്രമണമേറ്റെന്ന് പ്രഥമിക നിഗമനം. കഴിഞ്ഞ ദിവസമാണ് അട്ടപ്പാടി ഉൾവനത്തിൽ രണ്ടാഴ്ച പഴക്കമുള്ള കാട്ടാനയുടെ ജഡം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. അഗളി ഫോറസ്റ്റ് റെയിഞ്ചിൽ ഉൾപ്പെട്ട ചിന്നപ്പറമ്പ് മന്തൻചോല മലവാരത്ത് നിന്നാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടിക്കൊമ്പനാണ് ചരിഞ്ഞത്. ആന ചരിഞ്ഞിട്ട് രണ്ടാഴ്ചയെങ്കിലും ആയിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. കടുവയുടെ സാനിദ്ധ്യമുള്ള പ്രദേശത്ത് നിന്നാണ് ജഡം കണ്ടെത്തിയത്.
ആനയുടെ ശരീരത്തിൽ ആക്രമണമേറ്റതിന്‍റെ പാടുകളുമുണ്ടായിരുന്നു. ഇത് കണക്കിലെടുത്താണ് ആനവേട്ടയല്ലെന്ന നിഗമനത്തിലേക്ക് വനം വകുപ്പെത്തിയത്. ആനയുടെ കൊമ്പുകളും മോഷണം പോയിട്ടില്ല. പോസ്‍റ്റുമോര്‍ട്ടം റിപ്പോർട്ട് കിട്ടിയാലെ കൂടുതൽ വ്യക്തത വരൂ എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പാലക്കാട് ഫ്ലെയിങ്ങ് സ്ക്വാഡ് ഡിഎഫ്ഒ യുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. അമ്പലപ്പാറ വനമേഖലയിൽ കാട്ടാന ചരിഞ്ഞതിന് പിന്നാലെയാണ് അട്ടപ്പാടിയിലും ആനയുടെ ജഡം കണ്ടെത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam