'ശങ്കുവിന്റെ ആവശ്യം നിഷ്കളങ്കം, പക്ഷേ അംഗൻവാടികളിലോ സ്‌കൂളുകളിലോ പൊരിച്ച കോഴിയും ബിരിയാണിയും നല്ല കാര്യമല്ല'

Published : Feb 15, 2025, 07:05 PM ISTUpdated : Feb 15, 2025, 09:07 PM IST
'ശങ്കുവിന്റെ ആവശ്യം നിഷ്കളങ്കം, പക്ഷേ  അംഗൻവാടികളിലോ സ്‌കൂളുകളിലോ പൊരിച്ച കോഴിയും ബിരിയാണിയും നല്ല കാര്യമല്ല'

Synopsis

അം​ഗൻവാടിയിലെ മെനു പരിഷ്കരിക്കണമെന്ന് മിക്കവരും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമോ എന്നും ചോദ്യമുയർന്നു.

സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധനേടിയതായിരുന്നു അം​ഗൻവാടി വിദ്യാർഥി ശങ്കുവിന്റെ വീഡിയോ. അം​ഗൻവാടിയിലെ ഉപ്പുമാവ് മാറ്റി ബിരിയാണിയും പൊരിച്ച കോഴിയുമാക്കണമെന്നായിരുന്നു കുരുന്നിന്റെ ആവശ്യം. സംഭവം വൈറലായതോടെ ആരോ​ഗ്യമന്ത്രി തന്നെ രം​ഗത്തെത്തി. അം​ഗൻവാടിയിലെ മെനു മാറ്റുന്നത് പരി​ഗണിക്കാമെന്നായിരുന്നു മന്ത്രി അറിയിച്ചത്. സംഭവം വലിയ രീതിയിൽ വാർത്തയാകുകയും ചർച്ചയാകുകയും ചെയ്തു. അം​ഗൻവാടിയിലെ മെനു പരിഷ്കരിക്കണമെന്ന് മിക്കവരും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമോ എന്നും ചോദ്യമുയർന്നു.

അം​ഗൻവാടികളിലും സ്കൂളുകളിലും പൊരിച്ച കോഴിയും ബിരിയാണിയും ഉച്ചഭക്ഷണമാക്കുന്നത് ഒരു നല്ല കാര്യമല്ലെന്ന് യുഎൻ ദുരന്തനിവാരണ വിദ​ഗ്ധൻ മുരളി തുമ്മാരുകുടിയും അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം. ഇപ്പോൾ തന്നെ മലയാളികളുടെ ഭക്ഷണശീലം ഏറെ അനാരോഗ്യകരമാണ്. അതെ സമയം തന്നെ വേണ്ടത്ര വ്യായാമങ്ങൾ ചെയ്യുന്നുമില്ല. കേരളം  ജീവിത ശൈലീ രോഗങ്ങളുടെ തലസ്ഥാനമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഈ തലമുറയിൽ ഇത് മാറാൻ പോകുന്നുണ്ട് എന്ന് തോന്നുന്നില്ല. വ്ലോഗുകാരും അൺലിമിറ്റഡ് കുഴിമന്തിക്കാരും ദിവസേന സദ്യക്കാരും പോത്തിൻ കാലുകാരും ഒക്കെയായി മൂന്നു നേരത്തെ ഭക്ഷണം ഒരു നേരം കഴിക്കുന്ന സ്വഭാവം രൂപപ്പെട്ടു കഴിഞ്ഞു. അതിനി മധ്യവയസ്സിൽ തന്നെ ജീവിതത്തിന്റെ ഗുണനിലവാരം കുറക്കുന്ന ജീവിതശൈലീരോഗങ്ങൾ ആയി, ചികിത്സാചിലവുകൾ താങ്ങാൻ വ്യക്തികൾക്കും സമൂഹത്തിന്റെ ആരോഗ്യപരിപാലന ചിലവുകൾ കൈകാര്യം ചെയ്യാൻ സർക്കാരിനും സാധിക്കാത്ത ഒരു പ്രതിസന്ധിയിൽ എത്തുമ്പോൾ മാത്രമേ ഈ മാറ്റത്തിന്റെ ഗുരുതരാവസ്ഥ നമ്മൾ മനസ്സിലാക്കുകയുള്ളൂ.  ഒരു കുട്ടിയുടെ നിഷ്കളങ്കമായ നിർദ്ദേശത്തെ തുടർന്ന് ഉപ്പുമാവ് മാറ്റി ബിരിയാണിയാക്കുകയല്ല, കേരളത്തിലെ ഡയട്ടീഷ്യന്മാരും, ഡോക്ടർമാരും,  സെലിബ്രിറ്റി ഷെഫുമാരും ഒക്കെ ചേർന്ന് എങ്ങനെയാണ് കേരളത്തിന്റെ സാഹചര്യത്തിന് യോജിച്ച കുട്ടികൾ ഇഷ്ടപ്പെടുന്ന, അവർക്ക് ആരോഗ്യകരമായ, അവരിൽ ആരോഗ്യ ശീലങ്ങൾ വളർത്തുന്ന ഉച്ചഭക്ഷണം സ്‌കൂളുകളിൽ കൊടുക്കുന്നതും അവരുടെ കുടുംബങ്ങളിലേക്ക് ആരോഗ്യകരമായ ഭക്ഷണത്തിന്റെ സന്ദേശം എത്തിക്കുക്കുന്നതും എങ്ങനെയാണെന്ന് ചർച്ച ചെയ്യാനുള്ള അവസരമാണെന്നും അദ്ദേഹം കുറിച്ചു. 
 

കുറിപ്പിന്റെ പൂർണരൂപം

ഉപ്പുമാവിൽ നിന്നും ബിർണാണിയിലേക്ക് 

കേരളത്തിലെ ഒരു ആംഗൻവാടിയിലെയോ നേഴ്സറിയിലെയോ ഒരു കുട്ടി തനിക്ക് ഉച്ചഭക്ഷണമായി ഉപ്പുമാവ് വേണ്ട ബിരിയാണിയും പൊരിച്ച കോഴിയും മതിയെന്ന് പറയുന്ന വീഡിയോ വൈറൽ ആയല്ലോ.
ഉച്ചഭക്ഷണം എന്താണ് നൽകുന്നതെന്ന് പരിഗണിക്കും എന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. നല്ല കാര്യമാണ്. കുട്ടികൾക്ക് ആരോഗ്യകരമായ ഭക്ഷണം നൽകണം, ആരോഗ്യകരമായ ഭക്ഷണം ഒരു ശീലമാക്കുന്നത് ചെറുപ്പകാലത്ത് തന്നെ തുടങ്ങണം.
പക്ഷെ അംഗൻ വാടികളിലോ സ്‌കൂളുകളിലോ ഇനി മുതൽ പൊരിച്ച കോഴിയും ബിരിയാണിയും ഉച്ചഭക്ഷണമാക്കുന്നത് ഒരു നല്ല കാര്യമല്ല. ഇപ്പോൾ തന്നെ മലയാളികളുടെ ഭക്ഷണശീലം ഏറെ അനാരോഗ്യകരമാണ്. അതെ സമയം തന്നെ വേണ്ടത്ര വ്യായാമങ്ങൾ ചെയ്യുന്നുമില്ല. കേരളം  ജീവിത ശൈലീ രോഗങ്ങളുടെ തലസ്ഥാനമാകുന്നു. 
ഈ തലമുറയിൽ ഇത് മാറാൻ പോകുന്നുണ്ട് എന്ന് തോന്നുന്നില്ല. വ്ലോഗുകാരും അൺലിമിറ്റഡ് കുഴിമന്തിക്കാരും ദിവസേന സദ്യക്കാരും പോത്തിൻ കാലുകാരും ഒക്കെയായി മൂന്നു നേരത്തെ ഭക്ഷണം ഒരു നേരം കഴിക്കുന്ന സ്വഭാവം രൂപപ്പെട്ടു കഴിഞ്ഞു. 
അതിനി മധ്യവയസ്സിൽ തന്നെ ജീവിതത്തിന്റെ ഗുണനിലവാരം കുറക്കുന്ന ജീവിതശൈലീരോഗങ്ങൾ ആയി, ചികിത്സാചിലവുകൾ താങ്ങാൻ വ്യക്തികൾക്കും സമൂഹത്തിന്റെ ആരോഗ്യപരിപാലന ചിലവുകൾ കൈകാര്യം ചെയ്യാൻ സർക്കാരിനും സാധിക്കാത്ത ഒരു പ്രതിസന്ധിയിൽ എത്തുമ്പോൾ മാത്രമേ ഈ മാറ്റത്തിന്റെ ഗുരുതരാവസ്ഥ നമ്മൾ മനസ്സിലാക്കുകയുള്ളൂ. 
പക്ഷെ പുതിയ തലമുറയെ എങ്കിലും രക്ഷിക്കാൻ നമുക്ക് സാധ്യതയുണ്ട്.
വികസിതരാജ്യങ്ങളിൽ ഒക്കെ സ്‌കൂൾ കുട്ടികൾക്ക് ആരോഗ്യകരമായ ഭക്ഷണം എന്താകണം എന്നത് സമൂഹം ഏറെ ശ്രദ്ധിക്കുന്ന കാര്യമാണ്. ജാമി ഒലിവറേപ്പോലെയുള്ള അതിപ്രശസ്തരായ ഷെഫുമാർ കുട്ടികൾക്ക് ആരോഗ്യകരവും എന്നാൽ കുട്ടികൾക്ക് കണ്ണിനും നാവിനും അസാധ്യകരവുമായ ഭക്ഷണം എങ്ങനെ ഉണ്ടാക്കാം എന്നതിനെപ്പറ്റി ടെലിവിഷനിൽ ക്‌ളാസ്സുകൾ എടുക്കുന്നു.
ഒരു കുട്ടിയുടെ നിഷ്കളങ്കമായ നിർദ്ദേശത്തെ തുടർന്ന് ഉപ്പുമാവ് മാറ്റി ബിരിയാണിയാക്കുകയല്ല, കേരളത്തിലെ ഡയട്ടീഷ്യന്മാരും, ഡോക്ടർമാരും,  സെലിബ്രിറ്റി ഷെഫുമാരും ഒക്കെ ചേർന്ന് എങ്ങനെയാണ് കേരളത്തിന്റെ സാഹചര്യത്തിന് യോജിച്ച കുട്ടികൾ ഇഷ്ടപ്പെടുന്ന, അവർക്ക് ആരോഗ്യകരമായ, അവരിൽ ആരോഗ്യ ശീലങ്ങൾ വളർത്തുന്ന ഉച്ചഭക്ഷണം സ്‌കൂളുകളിൽ കൊടുക്കുന്നതും അവരുടെ കുടുംബങ്ങളിലേക്ക് ആരോഗ്യകരമായ ഭക്ഷണത്തിന്റെ സന്ദേശം എത്തിക്കുക്കുന്നതും എങ്ങനെയാണെന്ന് ചർച്ച ചെയ്യാനുള്ള അവസരമാണ്.
അതിനെ ആംഗൻവാടിയിൽ ബിരിയാണി ഫെസ്റ്റിവൽ നടത്തി കളയരുത്. കുട്ടികളുടേയും സമൂഹത്തിന്റെയും ഭാവിയുടെ പ്രശ്നമാണ്.

Asianet News Live

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിസി നിയമന തർക്കത്തിനിടെ ഗവർണറെ കണ്ട് മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ലോക് ഭവനിൽ
മകൾക്ക് കലയോടാണ് ഇഷ്ടം, എനിക്ക് മകളെയാണ് ഇഷ്ടമെന്ന് യൂസഫലി; എന്റെ പൊന്നേ 'പൊന്ന് പോലെ' നോക്കണമെന്ന് ഫെഷീന യൂസഫലി