
കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ എം സി കമറുദ്ദീനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. കാസർഗോഡ് ചിത്താരി സ്വദേശികളായ സാബിറ , അഫ്സാന എന്നിവർ നൽകിയ പരാതിയിലാണ് അറസ്റ്റ്. നിക്ഷേപമായി ഇരുവരിൽ നിന്നും യഥാക്രമം 15 ലക്ഷം രൂപയും 22 ലക്ഷം രൂപയും വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. കാഞ്ഞങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി 263 പേരുടെ പരാതികളാണ് ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിൽ ക്രൈംബ്രാഞ്ച് എസ്പി പിപി സദാനന്ദൻ്റെ നേതൃത്വത്തിൽ അന്വേഷിക്കുന്നത്. ഇതിൽ 168 കേസുകൾ നേരത്തെ രജിസ്റ്റർ ചെയ്തിരുന്നു. നിരവധി കേസുകളിൽ കുറ്റപത്രം ഇതിനോടകം സമർപ്പിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ സ്വത്തുക്കളടക്കം നേരത്തെ കണ്ടുകെട്ടിയിരുന്നു. സംഭവത്തിൽ നേരത്തെ എംസി കമറുദ്ദീൻ അറസ്റ്റിലാവുകയും 93 ദിവസം ജയിലിൽ കഴിയുകയും ചെയ്തിരുന്നു. കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ ഇദ്ദേഹം മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായിരുന്നു. ഈ തട്ടിപ്പ് വൻ വിവാദമായതോടെയാണ് ഇദ്ദേഹത്തിന് എംഎൽഎ സ്ഥാനം നഷ്ടമായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam