പരീക്ഷാക്രമക്കേട്; ശിവരഞ്ജിത്തിന്‍റെ ബിരുദവും സംശയത്തിന്‍റെ നിഴലില്‍

By Web TeamFirst Published Aug 6, 2019, 12:54 PM IST
Highlights

ശിവരഞ്ജിത് ബിരുദവിദ്യാര്‍ത്ഥിയായിരിക്കെ ഒന്ന് മുതല്‍ നാല് വരെയുള്ള സെമസ്റ്ററില്‍ സപ്ലിമെന്‍ററി പരീക്ഷകള്‍ എഴുതിയാണ് വിജയിച്ചത്. എന്നാല്‍ അഞ്ചും ആറും സെമസ്റ്ററിലെ പരീക്ഷകളില്‍ ഇയാള്‍ എ ഗ്രേഡും ബി ഗ്രേഡുമാണ് നേടിയിട്ടുള്ളത്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി ശിവര‍ഞ്ജിത് ബിരുദപരീക്ഷയിലും ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന് സംശയം. കോളേജില്‍ നിന്ന് ഉത്തരക്കടലാസ് കടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. പിഎസ്‍സി പരീക്ഷയില്‍ ശിവരഞ്ജിത് ക്രമക്കേട് നടത്തിയതായി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.

യൂണിവേഴ്സിറ്റി കോളേജില്‍ പിജി വിദ്യാര്‍ത്ഥിയായ ശിവരഞ്ജിത് ബിരുദവിദ്യാര്‍ത്ഥിയായിരിക്കെ ഒന്ന് മുതല്‍ നാല് വരെയുള്ള സെമസ്റ്ററില്‍ സപ്ലിമെന്‍ററി പരീക്ഷകള്‍ എഴുതിയാണ് വിജയിച്ചത്. എന്നാല്‍ അഞ്ചും ആറും സെമസ്റ്ററിലെ പരീക്ഷകളില്‍ ഇയാള്‍ എ ഗ്രേഡും ബി ഗ്രേഡുമാണ് നേടിയിട്ടുള്ളത്. ശിവരഞ്ജിത്തിന്‍റെ കെമിസ്ട്രി മാര്‍ക് ലിസ്റ്റാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പി ജി പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്കാണ് ശിവരഞ്ജിത് നേടിയതെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. 

പിഎസ്‍സി വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്,നസീം, പ്രണവ് എന്നിവര്‍  സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. പരീക്ഷാസമയത്ത് ഇവര്‍ മൂന്ന് പേരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായാണ് സൂചന. പരീക്ഷയുടെ ഉത്തരങ്ങള്‍ ഇവര്‍ക്ക് എസ്എംഎസായി ലഭിച്ചെന്നാണ് നിഗമനം. 

പരീക്ഷക്കിടെ മൂന്ന് പേരുടെയും മൊബൈല്‍ ഫോണുകളിലേക്കും നിരവധി തവണ എസ്എംഎസുകള്‍ വന്നുവെന്നും ഇതേക്കുറിച്ച് കേസെടുത്ത് വിശദമായി അന്വേഷിക്കണമെന്നും പിഎസ്‍സി ശുപാര്‍ശ ചെയ്തിരുന്നു. പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ നിന്നും നീക്കിയത് കൂടാതെ മൂവരേയും ആജീവനാന്ത കാലത്തേക്ക് പിഎസ്‍സി പരീക്ഷ എഴുതുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. 

click me!