'അത് സിപിഎമ്മിന്‍റെ കെണിയാണ്, ഒരു കോണ്‍ഗ്രസ് പ്രവർത്തകനും വീഴരുത്'; മുഖ്യമന്ത്രി ചർച്ചയിൽ ടി സിദ്ദിഖ്

Published : May 02, 2026, 02:52 PM IST
t siddique mla

Synopsis

രാജ്യത്ത് കോൺഗ്രസിന്‍റെ തിരിച്ചുവരവ് കേരളത്തിലെ യുഡിഎഫിന്‍റെ വിജയത്തിലൂടെ ആയിരിക്കുമെന്ന് കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ്. ഫലത്തിന് മുൻപുള്ള മുഖ്യമന്ത്രി ചർച്ച സിപിഎമ്മിന്റെ കെണിയാണെന്നും കേരളത്തിൽ 90 സീറ്റുകളിൽ യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കൽപ്പറ്റ: രാജ്യത്തെ കോൺഗ്രസിന്‍റെ തിരിച്ചുവരവ്, കേരളത്തിലെ യുഡിഎഫിന്‍റെ വിജയത്തിലൂടെ എന്ന് ടി സിദ്ദിഖ് എംഎൽഎ. ഫലം വരുന്നതിനു മുൻപേയുള്ള മുഖ്യമന്ത്രി ചർച്ച സിപിഎമ്മിന്റെ കെണിയാണ്. വയനാട്ടിലെ മൂന്നു സീറ്റ് ഉൾപ്പെടെ കേരളത്തിൽ 90 സീറ്റുകളിൽ യുഡിഎഫ് വിജയിക്കുമെന്നും സിദ്ദിഖ് പറഞ്ഞു. വ്യക്താധിഷ്ഠിത പ്രചാരണം സിപിഎമ്മിന്‍റെ ഇതുവരെയുള്ള സമീപനത്തിന് എതിരാണെന്നും ടി സിദ്ദിഖ് വിമർശിച്ചു. പിണറായി വിജയനെ മാത്രം കേന്ദ്രീകരിച്ചുള്ള ഫ്ലക്സ് ബോർഡുകൾ കോണ്‍ഗ്രസിന് ഗുണം ചെയ്തുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയെ കുറിച്ചും ടി സിദ്ദിഖ് പ്രതികരിച്ചു. നാലാം തിയ്യതി എംഎൽഎമാരുടെ അഭിപ്രായം എടുത്ത് കോണ്‍ഗ്രസ് ഹൈക്കമാൻഡ് കൈക്കൊള്ളേണ്ട തീരുമാനമാണത്. അവരാണ് മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കേണ്ടത്. ആ അധികാരം കവർന്നെടുത്ത് സംസാരിക്കുന്നത് പാർട്ടി പ്രവർത്തകന് ഭൂഷണമല്ലെന്നും ടി സിദ്ദിഖ് പറഞ്ഞു. അതുകൊണ്ടുതന്നെ സിപിഎം ഉണ്ടാക്കിയിട്ടുള്ള ഈ കെണിയിൽ ഒരു കോണ്‍ഗ്രസ് പ്രവർത്തകനും നേതാവും വീഴരുതെന്നും ടി സിദ്ദിഖ് പ്രതികരിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കരുനീക്കങ്ങൾ

അതേസമയം തെരഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിവസം ബാക്കി നിൽക്കുമ്പോഴും കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോരും കരുനീക്കങ്ങളും ശക്തമായി തുടരുകയാണ്. ലീഗിന്റെ പരസ്യ പിന്തുണയിൽ സന്തോഷത്തിലാണ് സതീശൻ വിഭാഗം. എന്നാൽ ലീഗ് നിലപാട് പരസ്യമാക്കരുതെന്നാണ് കെ സി വേണുഗോപാൽ പക്ഷത്തിന്റെയും രമേശ് ചെന്നിത്തല വിഭാഗത്തിന്റെയും നിലപാട്. കൂടുതൽ ഘടക കക്ഷിളെ ഒപ്പം നിർത്താനുള്ള ശ്രമം മൂന്നുചേരികളും തുടരുകയാണ്.

കെ സി വേണുഗോപാൽ പക്ഷത്തിന്‍റെ നീക്കങ്ങൾ എന്താകുമെന്ന ആകാംക്ഷയിലാണ് ചെന്നിത്തല പക്ഷവും സതീശൻ പക്ഷവും. ഇതിനിടെ കെ സി വേണുഗോപാലിനെ കുറിച്ചുള്ള ഡോക്യുമെന്‍ററി ഷൂട്ടിംഗ് നിർത്തിവെച്ചു. ഹൈക്കമാൻഡ് നിർദേശ പ്രകാരമാണ് ഷൂട്ടിംഗ് നിര്‍ത്തിയതെന്നാണ് സൂചന. കെസി പക്ഷത്തിന്‍റെ പിന്തുണ ചെന്നിത്തല വിഭാഗം പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ, കളമൊഴിഞ്ഞിട്ടില്ലെന്നും ഇപ്പോഴും കളത്തിൽ തന്നെയുണ്ടെന്നുമാണ് കെസി പക്ഷം പറയാതെ പറയുന്നത്. മുസ്ലീം ലീഗ്, സതീശൻ അനുകൂല നിലപാട് പരസ്യമായി എടുത്തത് ചെന്നിത്തല, കെസി പക്ഷങ്ങൾക്ക് കനത്ത ക്ഷീണമായിട്ടുണ്ട്. ഇതിൽ കെസി, ആർസി പക്ഷത്തിന് കടുത്ത അമര്‍ഷവുമുണ്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'നേതാക്കൾ വി ഡിയുടെ പിആർ ചതിക്കുഴിയിൽ വീഴരുത്'; കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ ലീഗ് നേതൃത്വത്തെ വിമർശിച്ച് കോട്ടക്കലിൽ ബാനർ
പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഏരിയാ സെക്രട്ടറിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കി; 53 പ്രവർത്തകർ സിപിഐയിലേക്ക്