മധ്യകേരളത്തില്‍ കനത്ത മഴ; എരുമേലി-മുണ്ടക്കയം സംസ്ഥാന പാതയില്‍ വെള്ളം കയറി, മണിമലയാറ്റിൽ ജലനിരപ്പ് ഉയരുന്നു

By Web TeamFirst Published Oct 23, 2021, 5:15 PM IST
Highlights

എരുമേലി, മുണ്ടക്കയം സംസ്ഥാന പാതയിൽ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. മണിമലയാറ്റിൽ ജലനിരപ്പ് ഉയരുന്നുണ്ട്. 

തിരുവനന്തപുരം: മധ്യകേരളത്തില്‍ കനത്ത മഴ (heavy rain) . കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി ഉൾപ്പെടെ കിഴക്കൻ മേഖലയിൽ കനത്ത മഴയാണ് പെയ്യുന്നത്. വണ്ടൻപതാല്‍ തേക്കിന്‍കൂപ്പില്‍ മണ്ണിടിച്ചിലും മലവെള്ളപാച്ചിലും ഉണ്ടായി. ആളപായമില്ല.  മുണ്ടക്കയം മേഖലയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വണ്ടൻപതാലിൽ വീടുകളിൽ വെള്ളം കയറി. എരുമേലി, മുണ്ടക്കയം സംസ്ഥാന പാതയിൽ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. മണിമലയാറ്റിൽ ജലനിരപ്പ് ഉയരുന്നുണ്ട്. ചെറുതോടുകൾ കരകവിഞ്ഞ് ഒഴുകുകയാണ്. ഈരാറ്റുപേട്ടയിലും കനത്ത മഴയാണ്. 

സംസ്ഥാനത്ത് വൈകുന്നേരം മുതൽ അടുത്ത രണ്ടുദിവസം കനത്ത മഴ പെയ്യുമെന്നാണ് റിപ്പോര്‍ട്ട്. എറണാകുളത്തും ഇടുക്കിയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. ചൊവ്വാഴ്ച്ചയോടെ തുലാവർഷം തുടങ്ങും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇതിന് മുന്നോടിയായി രൂപപ്പെട്ട ചക്രവാതചുഴിയാണ് മഴ ശക്തമാകാൻ കാരണം. നിലവിൽ ലക്ഷദ്വീപ് തീരത്തിന് സമീപമാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്.  നാളെയും മറ്റന്നാളും മഴ തുടരും. വിഴിഞ്ഞത്ത് ചരക്ക് കപ്പലുമായി കൂട്ടിയിടിച്ച ബോട്ടിലെ മത്സ്യത്തൊഴിലാളികളെ തീരസേന രക്ഷിച്ചു.

click me!