
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് (heavy rain) സാധ്യത. തിരുവനന്തപുരത്ത് ഇന്ന് റെഡ് അലർട്ട് (red alert) പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടയിരിക്കും. എന്നാൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ ജില്ലകളിലും റെഡ് അലർട്ടിന് സമാനമായ മുന്നൊരുക്കങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി. ഐഎംഡിക്ക് പുറമെ മറ്റ് കാലാവസ്‌ഥാ ഏജൻസികളുടെ കൂടെ മുന്നറിയിപ്പുകൾ കണക്കിലെടുത്താണ് നിർദേശം.
നാളെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. മലയോര മേഖലകളിൽ കടുത്ത ജാഗ്രത വേണം. പ്രളയ, മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം. തമിഴ്നാടിന് മുകളിലെ ചക്രവതച്ചുഴി അറബികടലിലേക്ക് നീങ്ങുന്നതിനാൽ പടിഞ്ഞാറൻ കാറ്റ് സജീവമാകുന്നതാണ് മഴയ്ക്ക് കാരണം. ബംഗാൾ ഉൾക്കടലിലെ പുതിയ ന്യൂനമർദ്ദം 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ചു ആന്ധ്രാതീരത്ത് പ്രവേശിക്കും.
ശക്തമായ മഴ തുടരുന്നതിനാൽ നഗരപ്രദേശങ്ങളിലും താഴ്ന്നപ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകുവാനും സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് മുന്നിൽ കണ്ടുകൊണ്ടുള്ള മുൻകരുതലുകൾ അധികൃതരും പൊതുജനങ്ങളും സ്വീകരിക്കണം. അതിതീവ്രമായ മഴ ലഭിക്കുന്ന സാഹചര്യം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാൻ സാധ്യത കൂടുതലാണ്. ഇത് മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടിവരും.
ഡാമുകളുടെ റൂൾ കര്‍വുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെറിയ ഡാമുകളിൽ നേരത്തെ തന്നെ തയ്യാറെടുപ്പുകൾ നടത്താനും കെഎസ്ഇബി, ഇറിഗേഷൻ, കെഡബ്ല്യുഎ വകുപ്പുകൾക്ക് നിർദേശം നൽകേണ്ടതാണ്. നദികളിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് പ്രത്യേകം നിരീക്ഷിക്കേണ്ടതാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam