ബംഗാൾ ഉൾക്കടലിൽ അതി തീവ്ര ന്യൂനമർദ്ദം; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്

By Web TeamFirst Published Sep 14, 2021, 12:13 AM IST
Highlights

കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. വടക്കൻ കേരളത്തിൽ കൂടുതൽ മഴ കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഈ സാഹചര്യത്തിൽ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്. ബംഗാൾ ഉൾക്കടല്‍ രൂപപ്പെട്ട ന്യൂനമർദ്ദം അതി തീവ്ര ന്യൂനമർദ്ദമായി മാറിയതിന്‍റെ ഫലമായാണ് സംസ്ഥാനത്ത് കാലവർഷം സജീവമാകുന്നത്.

വടക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യുന മർദ്ദം, കഴിഞ്ഞ മണിക്കൂറുകളിലായി പടിഞ്ഞാറ് വടക്കു-പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 12  കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച്  ശക്തി പ്രാപിച്ച് സീസണിലെ ആദ്യ അതി തീവ്ര ന്യൂന മർദ്ദമായി മാറുകയായിരുന്നു. അടുത്ത മണിക്കൂറുകളിൽ വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശക്തി കുറഞ്ഞ തീവ്ര ന്യൂനമർദ്ദമാകും.

കടലാക്രമണത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യത ഉള്ളതിനാൽ തീരവാസികൾ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ബീച്ചുകളിൽ പോകുന്നതും, കടലിൽ ഇറങ്ങുന്നതും ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍, കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. വടക്കൻ കേരളത്തിൽ കൂടുതൽ മഴ കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

കേന്ദ്ര കാലാവസ്ഥാവകുപ്പ് പുറത്തിറക്കിയ മഴ സാധ്യത പ്രവചനം

14-09-2021: കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona‍‍‍

click me!