സ്വർണ്ണക്കടത്ത് കേസ്: ഐടി സെക്രട്ടറിയോട് വിശദീകരണം തേടും, സ്ഥാനത്ത് നിന്ന് മാറ്റിനിർത്തിയേക്കും

By Web TeamFirst Published Jul 7, 2020, 8:09 AM IST
Highlights

കോൺസുലേറ്റിൽ നിന്ന് പുറത്താക്കിയ സ്വപ്ന സുരേഷിനെ ഐടി വകുപ്പിൽ നിയമിച്ച സംഭവത്തിലും സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടും വിശദീകരണം തേടും

തിരുവനന്തപുരം: സംസ്ഥാനത്ത് വൻ വിവാദമായ സ്വർണ്ണക്കടത്ത് കേസിൽ ഐടി വകുപ്പ് സെക്രട്ടറിയോട് വിശദീകരണം തേടും. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ ശിവശങ്കരൻ അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയാണ്. കോൺസുലേറ്റിൽ നിന്ന് പുറത്താക്കിയ സ്വപ്ന സുരേഷിനെ ഐടി വകുപ്പിൽ നിയമിച്ച സംഭവത്തിലും സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടും ഇദ്ദേഹത്തോട് വിശദീകരണം തേടും. സ്വപ്നയുടെ നിയമനത്തെ കുറിച്ച് അറിയില്ലെന്നാണ് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്.

കെഎസ്ഐടിഎല്ലിന് കീഴിൽ സ്പേസ് പാർക്കിന്റെ മാർക്കറ്റിംഗ് ലെയ്സണ്‍ ഓഫീസർ ആയിരുന്നു സ്വപ്ന. താൽക്കാലിക നിയമനം ആയിരുന്നു ഇവരുടേത്. ഇന്നലെ ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. എന്നാൽ സ്വപ്നയ്ക്ക് ഐടി വകുപ്പ് സെക്രട്ടറിയുമായി വളരെ അടുത്ത ബന്ധമാണെന്ന് ആരോപണം ഉയർന്നത് ഇതിന് പിന്നാലെയാണ്. സർക്കാരിന് തന്നെ വലിയ നാണക്കേടുണ്ടാക്കുന്ന സംഭവമായി ഇതുമാറി. തിരുവനന്തപുരം മുടവൻമുഗളിൽ സ്വപ്ന താമസിച്ചിരുന്ന ഫ്ലാറ്റിലെ നിത്യസന്ദർശകനായിരുന്നു ഐടി വകുപ്പ് സെക്രട്ടറിയെന്ന ആരോപണം കൂടി ഉയർന്നതോടെ ഇദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റിനിർത്താനാണ് ആലോചന.

യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോ ഉപയോ​ഗിച്ച് 15 കോടി രൂപയുടെ സ്വർണം കടത്തിയ കേസിലാണ് സ്വപ്നയ്ക്കെതിരെ അന്വേഷണം നടക്കുന്നത്. കഴിഞ്ഞ മാസം 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കാർഗോയിലാണ് സ്വർണം കണ്ടെത്തിയത്. സ്വപ്ന നേരത്തെ യുഎഇ കോൺസുലേറ്റ് ഉദ്യോ​ഗസ്ഥയായിരുന്നു.

തട്ടിപ്പ് വിവരം പുറത്തുവന്നതിനെത്തുടർന്ന് ഒളിവിൽ പോയ സ്വപ്നയ്ക്കായി തെരച്ചിൽ തുടരുകയാണ്. രാഷ്ട്രീയ, ഉദ്യോഗസ്ഥ തലങ്ങളിലൊക്കെയുള്ള തന്റെ  ഉന്നത ബന്ധങ്ങൾ സ്വപ്ന തട്ടിപ്പിന് ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. പുറത്തെത്തിക്കുന്ന സ്വർണം ആർക്കെല്ലാമാണ് നൽകിയത് എന്നതും അന്വേഷണ പരിധിയിലാണ്.

click me!