'അത് കമ്മ്യൂണിക്കേഷൻ ഗ്യാപ്പ്', വെടിയുണ്ട വിവാദത്തിലെ ഭിന്നാഭിപ്രായത്തിൽ മുല്ലപ്പള്ളി

By Web TeamFirst Published Feb 18, 2020, 4:27 PM IST
Highlights

പൊലീസിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടുന്ന സിഎജി റിപ്പോർട്ടിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. മുല്ലപ്പള്ളി പറഞ്ഞതാകട്ടെ സിഎജി അന്വേഷണം വേണമെന്നും. 

തിരുവനന്തപുരം: വെടിയുണ്ട വിവാദത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്‍റും തമ്മിലുള്ള ഭിന്നാഭിപ്രായത്തിൽ വിശദീകരണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. പൊലീസിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടുന്ന സിഎജി റിപ്പോർട്ടിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. മുല്ലപ്പള്ളി പറഞ്ഞതാകട്ടെ സിഎജി അന്വേഷണം വേണമെന്നും. അതൊരു 'കമ്മ്യൂണിക്കേഷൻ ഗ്യാപ്പ്' മാത്രമാണെന്നാണ് മുല്ലപ്പള്ളിയുടെ വിശദീകരണം. 

വിവാദമുണ്ടായ സമയത്ത് ചെന്നിത്തല ഗൾഫ് നാടുകളിൽ പര്യടനത്തിലായിരുന്നു. അതിനാൽ സംസാരിക്കാനായില്ല. അതുകൊണ്ടാണ് രണ്ടഭിപ്രായം പറഞ്ഞതെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് നടന്ന രാഷ്ട്രീയ കാര്യസമിതി യോഗത്തിന് ശേഷം വിശദീകരിച്ചു. 

സിബിഐ അന്വേഷണം തന്നെയാണ് സിഎജി റിപ്പോർട്ടിൽ വേണ്ടതെന്ന നിലപാടാണ് കെപിസിസി രാഷ്ട്രീയ കാര്യസമിതിയുടേത്. ജുഡീഷ്യൽ അന്വേഷണമാണെങ്കിൽ അത് വർഷങ്ങൾ നീണ്ട് പോയേക്കാം. സിറ്റിംഗ് ജഡ്ജി അന്വേഷിക്കണമെന്നായിരുന്നു തന്‍റെ ആവശ്യം. അത് ലഭിക്കില്ലെന്ന് വ്യക്തമായതോടെ സിബിഐ അന്വേഷണമെന്ന ആവശ്യത്തിൽ ഉറച്ച് മുന്നോട്ട് പോകും. 

ആ ആവശ്യമുന്നയിച്ച്  മാർച്ച് 7-ന് എല്ലാ പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിലും കോൺഗ്രസ് ധർണ സംഘടിപ്പിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. വൻ പ്രതിഷേധപരിപാടികൾ സർക്കാരിന്‍റെ അഴിമതി ചൂണ്ടിക്കാട്ടി നടത്തുമെന്നും, സമരപരമ്പരകൾക്കാണ് കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. 

അതേസമയം, രാഷ്ട്രീയകാര്യസമിതിയിൽ നേതൃത്വത്തിനെതിരെ വിമർശനമുണ്ടായോ എന്ന ചോദ്യത്തിന് ''ഇത്രയും നല്ല രാഷ്ട്രീയകാര്യസമിതി അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല'' എന്ന മറുപടിയാണ് മുല്ലപ്പള്ളി നൽകിയത്. ആരോഗ്യകരമായ ചർച്ചകളാണ് നടന്നത്. മികച്ച നിർദേശങ്ങളുയർന്ന് വന്നു.

രാഷ്ട്രീയകാര്യസമിതിയോഗം നടക്കാറില്ലെന്ന കെ മുരളീധരൻ എംപിയുടെ വിമർശനം ചൂണ്ടിക്കാട്ടിയപ്പോൾ, നവംബറിന് ശേഷം ഡിസംബറിൽ രാഷ്ട്രീയകാര്യസമിതി ചേരാനിരുന്നതാണെന്നും, പൗരത്വ പ്രക്ഷോഭം ഉയർന്ന് വന്നതിനാലാണ് രാഷ്ട്രീയകാര്യസമിതി വൈകിയതെന്നും മുല്ലപ്പള്ളി വിശദീകരിച്ചു. 

കെപിസിസിയുടെ അച്ചടക്കസമിതി ഉടൻ വരും. പാർട്ടിക്ക് അപഖ്യാതിയുണ്ടാക്കുന്ന തരത്തിൽ പരസ്യമായി പ്രസ്താവനകൾ നടത്തുന്ന നേതാക്കൾക്കെതിരെ നടപടിയുണ്ടാകും - മുല്ലപ്പള്ളി പറഞ്ഞു.

15 കോൺഗ്രസ് എംപിമാർ നടത്തിയ ലോങ് മാർച്ച് ജനങ്ങൾക്കിടയിൽ വലിയ ചലനമുണ്ടാക്കിയെന്നും, പൗരത്വ നിയമഭേദഗതിക്കെതിരെ ശക്തമായ സമരം നടത്തിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസാണെന്നും പറഞ്ഞ മുല്ലപ്പള്ളി ഇടത് മുന്നണിയുടേത് വെറും വഴിപാട് സമരമായിരുന്നെന്നും പരിഹസിച്ചു. 
 

click me!