കെപിസിസിയില്‍ ഭിന്നത രൂക്ഷം: മുല്ലപ്പള്ളിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നേതാക്കള്‍

By Web TeamFirst Published Feb 18, 2020, 4:11 PM IST
Highlights

പാര്‍ട്ടിയിലും നേതാക്കള്‍ക്കിടയിലും സമവായമുണ്ടാക്കേണ്ട ഉത്തരവാദിത്തം കെപിസിസി അധ്യക്ഷനാണെന്നും ആ ഉത്തരവാദിത്തം മുല്ലപ്പള്ളി നിര്‍വഹിക്കുന്നില്ലെന്നും വിഡി സതീശന്‍ തുറന്നടിച്ചു. 

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ അതിരൂക്ഷവിമര്‍ശനം. കെപിസിസി നേതൃത്വത്തില്‍ ഐക്യമില്ലെന്നും നേതാക്കള്‍ തമ്മില്‍ അഭിപ്രായസമന്വയമുണ്ടാക്കാന്‍ കെപിസിസി അധ്യക്ഷന് സാധിക്കുന്നില്ലെന്നും രാഷ്ട്രീയകാര്യസമിതിയുടെ യോഗത്തില്‍ നേതാക്കള്‍ വിമര്‍ശനമുയര്‍ത്തി. 

നേതാക്കള്‍ വ്യത്യസ്ത അഭിപ്രായം പറയുകയാണെന്നും പല വിഷയങ്ങളിലും പാര്‍ട്ടിയില്‍ അഭിപ്രായ ഐക്യമില്ലെന്നും കെവി തോമസ്, പിസി ചാക്കോ, വിഎം സുധീരന്‍ എന്നീ നേതാക്കള്‍ വിമര്‍ശിച്ചു. സിഎജി റിപ്പോര്‍ട്ടിലുണ്ടായ വിവാദങ്ങളില്‍ രണ്ട് തരത്തിലുള്ള അന്വേഷണം നേതാക്കള്‍ ആവശ്യപ്പെട്ടത് ഈ അഭിപ്രായഭിന്നതയുടെ പരസ്യ ഉദാഹരണമായി നേതാക്കള്‍ ചൂണ്ടിക്കാട്ടി. 

കെപിസിസി അധ്യക്ഷന്‍ കൂടിയാലോചനകള്‍ നടത്താറില്ലെന്ന് കെ.സുധാകരന്‍ എംപി വിമര്‍ശനം ഉന്നയിച്ചു. ഒന്നര വര്‍ഷമായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റായിരുന്ന തന്നെ മുല്ലപ്പള്ളി ഒരിക്കല്‍ പോലും വിളിച്ചിട്ടില്ലെന്ന് സുധാകരന്‍ തുറന്നടിച്ചു. സുധാകരന്‍ ഇതേവരെ തന്നെയും വന്നു കണ്ടിട്ടില്ലെന്ന് മുല്ലപ്പള്ളി തിരിച്ചടിച്ചു. 

മുല്ലപ്പള്ളിയുടെ പ്രവര്‍ത്തനശൈലിയെ വിമര്‍ശിച്ച വിഎം സുധീരന്‍ സര്‍വ്വപ്രതാപിയായിരുന്ന കെ.കരുണാകരന്‍ പോലും കൂടിയാലോചനകള്‍ നടത്തിയാണ് പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടു പോയിരുന്നതെന്ന് ഓര്‍മ്മിപ്പിച്ചു. അധികാരം നഷ്ടപ്പെട്ട കരുണാകരന്‍റെ അവസ്ഥ എന്തായിരുന്നുവെന്ന് ഓര്‍ക്കണമെന്നും സുധീരന്‍ പറഞ്ഞു. പാര്‍ട്ടിയെ നയിക്കുന്നതിലും നിര്‍ണായക വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടപ്പോഴും നേതാക്കള്‍ എന്തു കൊണ്ട് കൂടിയാലോചന നടത്തുന്നില്ലെന്ന് വിഡി സതീശന്‍ ചോദിച്ചു. പാര്‍ട്ടിയിലും നേതാക്കള്‍ക്കിടയിലും സമവായമുണ്ടാക്കേണ്ട ഉത്തരവാദിത്തം കെപിസിസി അധ്യക്ഷനാണെന്നും ആ ഉത്തരവാദിത്തം മുല്ലപ്പള്ളി നിര്‍വഹിക്കുന്നില്ലെന്നും വിഡി സതീശന്‍ തുറന്നടിച്ചു. പാര്‍ട്ടിയെ തുലയ്ക്കാനാണോ ശ്രമമെന്നും സതീശന്‍ ചോദിച്ചു. 

പൗരത്വ ഭേദഗതി, പള്ളി തർക്കം എന്നീ വിഷയങ്ങളിലെ ഇടപെടലിലൂടെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സിപിഎം സ്വാധീനം വര്‍ധിപ്പിക്കുന്നുണ്ടെന്നും ഇതു ഗൗരവമായി കണ്ട് പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും രാഷ്ട്രീയകാര്യസമിതിയില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. പൗരത്വ നിയമത്തിനെതിരെ യോജിച്ച സമരം ദേശീയതലത്തില്‍ വേണമെന്ന് കെവി തോമസ് യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും രാഷ്ട്രീയകാര്യസമിതി ഈ ആവശ്യം തള്ളി. സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രത്യക്ഷ സമരപരിപാടികള്‍ നടത്താന്‍ യോഗം തീരുമാനിച്ചു. 

click me!