
തിരുവനന്തപുരം: ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനത്തിന് മുന്നോടിയായി എൻസിപി നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ച് സിപിഎം.പാലായിൽ വിട്ടുവീഴ്ചയില്ലെന്ന് ജോസ് വിഭാഗം പറയുമ്പോൾ മാണി സി കാപ്പൻ ഉയർത്തുന്ന കലാപക്കൊടിയാണ് തലവേദന.സിറ്റിംഗ് സീറ്റിൽ വിട്ടുവീഴ്ച വേണ്ടെന്ന് എൻസിപിക്കൊപ്പം സിപിഐ അടക്കം നിലപാട് എടുത്താൽ നിലവിൽ ചർച്ചക്ക് നേതൃത്വം നൽകുന്ന സിപിഎം മുന്നണിയിൽ ഒറ്റപ്പെടും
ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനത്തിൽ ചർച്ചകൾ അവസാന ലാപ്പിലാണ്. പാലായില്ലാതെ പാക്കേജ് സാധ്യമല്ലെന്ന ജോസ് പക്ഷത്തിന്‍റെ നിലപാടിൽ സിപിഎമ്മിന് യോജിപ്പുണ്ടെങ്കിലും മുന്നണിയിൽ ഇതുണ്ടാക്കുന്ന വിള്ളലാണ് ആശങ്ക. മാണി സി കാപ്പൻ തുടങ്ങിയ വയ്ക്കുകയും പിന്നീട് എൻസിപി ഒപ്പംചേരുകയും ചെയ്ത പാലാ വികാരം തള്ളിക്കളയാൻ സിപിഎമ്മിന് കഴിയില്ല.
നിർണ്ണായക സമയത്തെ ഉപതെരഞ്ഞെടുപ്പിൽ പാലയിലെ രാഷ്ട്രീയ വിജയം വലിയ അംഗീകാരമായാണ് സിപിഎം ഉയർത്തികാട്ടിയത്.എങ്ങനെയും ജോസ് വിഭാഗത്തെ എൽഡിഎഫിൽ എത്തിക്കാൻ പാലാ ബലികഴിച്ചാൽ ഇതിലെ യുഡിഎഫ് മുതലെടുപ്പും സിപിഎം മുന്നിൽകാണുന്നു.മാണി സി കാപ്പൻ യുഡിഎഫിലേക്ക് പോകുമോ എന്ന അഭ്യൂഹം സിപിഎം കാര്യമാക്കുന്നില്ലെങ്കിലും ഇതിൽ തട്ടി എൻസിപി സിപിഐ ഘടകകക്ഷികൾ വീണ്ടും ഉടക്കുമോ എന്ന ആശങ്ക സിപിഎമ്മിനുണ്ട്.
അതെ സമയം എന്ത് വിലക്കൊടുത്തിട്ടായാലും ജോസ് വിഭാഗത്തെ ഒപ്പം എത്തിക്കണം എന്നതാണ് സിപിഎം നേതൃത്വത്തിന്‍റെ നിലപാട്.യുഡിഎഫിനെ ദുർബ്ബലമാക്കാൻ കിട്ടിയ അവസരം പാലായിൽ തട്ടി പാഴാക്കാതിരിക്കാൻ വലിയ ശ്രമമാണ് സിപിഎം നടത്തുന്നത്.പാലാ സീറ്റിൽ പ്രശ്നമൊഴിഞ്ഞാലും 20സീറ്റ് ആവശ്യപ്പെട്ട ജോസ് വിഭാഗത്തിന് 12സീറ്റെങ്കിലും കിട്ടാതെ മുന്നണിയിൽ എത്തുമോ എന്നതും അടുത്ത വെല്ലുവിളി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam