പി.ടി. തോമസിനെതിരെ ആരോപണം കടുപ്പിച്ച് ഇടതുപക്ഷം; പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്

By Web TeamFirst Published Oct 14, 2020, 6:47 AM IST
Highlights

നിൽപ്പു സമരവും വിശദീകരണയോഗങ്ങളും ഓൺലൈൻ പ്രാചാരണവുമായി സിപിഎം പിടി തോമസിനെതിരായ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് പ്രതിരോധമൊരുക്കാനുള്ള കോൺഗ്രസിന്‍റെ രാഷ്ട്രീയ തീരുമാനം. 
 

കൊച്ചി: അഞ്ചുമന ഭൂമി ഇടപാടില്‍ പി.ടി. തോമസ് എം.എൽഎക്കെതിരായ ആരോപണങ്ങളില്‍ പ്രതിരോധത്തിന് കോൺഗ്രസ് നേതൃത്വം. പ്രാദേശിക തലത്തിൽ വിശദീകരണയോഗങ്ങളും ഓൺലൈൻ പ്രചാരണവും നടത്താനാണ് നീക്കം. അതേ സമയം പിടി തോമസ് രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷം സമരം ശക്തമാക്കുകയാണ്.

നിൽപ്പു സമരവും വിശദീകരണയോഗങ്ങളും ഓൺലൈൻ പ്രാചാരണവുമായി സിപിഎം പിടി തോമസിനെതിരായ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് പ്രതിരോധമൊരുക്കാനുള്ള കോൺഗ്രസിന്‍റെ രാഷ്ട്രീയ തീരുമാനം. 

തൃക്കാക്കര മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലും ജനസഭ സംഘടിപ്പിച്ച് വിശദീകരണം നടത്തും. കൂടെ പ്രമുഖ നേതക്കാളെ പങ്കെടുപ്പിച്ച് ഈ മാസം 28 മുതൽ സത്യാഗ്രഹ സമരവും തുടങ്ങും. ഭൂമി കൈമാറ്റം ചെയ്യാനാകാതെ പ്രതിസന്ധിയിലായ കമ്യൂണിസ്റ്റ് കുടുംബത്തെ സഹായിക്കാനാണ് ശ്രമിച്ചതെന്ന വാദത്തിലൂന്നി ഓണ്‍ലൈന്‍ പ്രാചാരണവും നടത്തും. ഇടപാട് സമയത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കൂടെ ഉണ്ടായിരുന്നത് ഇതിന് തെളിവായി ഉയർത്തിക്കാട്ടും.

അതേ സമയം പിടി തോമസിനെതിരായ പ്രതിഷേധം ശക്തമാക്കുകയാണ് ഇടതുമുന്നണി. റിയൽ എസ്റ്റേറ്റുക്കാർക്ക് വേണ്ടി കള്ളപ്പണ ഇടപാടിന് എംഎൽഎ കൂട്ട് നിൽക്കുന്നെന്നാണ് ആരോപണം. സ്ഥലം ഉടമ രാജീവനെ വീട്ടിലെത്തി നേരിട്ട് കണ്ട് മുതിർന്ന നേതാക്കൾ തന്നെ പിന്തുണ അറിയിച്ചു തെരഞ്ഞെടുപ്പ് അടുത്തതോടെ വിഷയം ചർച്ചയാക്കാമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. ജനസഭകളിലൂടെ പ്രതിരോധം തീർക്കാനാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.

click me!