
കോഴിക്കോട് : കോടഞ്ചേരിയിൽ മിശ്രവിവാഹിതരായ ജോയ് സ്നയും ഷെജിനും സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തു. കോടഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിലാണ് ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ്, സിപിഎം തിരുവമ്പാടി അംഗങ്ങൾ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. രണ്ട് മതവിഭാഗങ്ങളിൽ പെട്ട ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതിരെ ലൗജിഹാദെന്ന ആരോപണം ഉയർത്തി സിപിഎം ജില്ല സെക്രട്ടേറിയേറ്റ് അംഗം ജോർജ്ജ് എം തോമസ് തന്നെ രംഗത്തെത്തിയത് ഏറെ വിവാദമായിരുന്നു.
ഡിവൈഎഫ്ഐ നേതാവായ ഷെജിനൊപ്പം ജീവിക്കാനാണ് താത്പര്യമെന്ന് നിലപാടറിയിച്ചതോടെ, ജോയ് സനയുടെ പിതാവ് നൽകിയ ഹേബിയസ് കോർപസ് ഹർജി കഴിഞ്ഞമാസം ഹൈക്കോടതി തീർപ്പാക്കിയിരുന്നു. പെൺകുട്ടിയെ യുവാവിനൊപ്പം പോകാൻ അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടു. കോടഞ്ചേരി സ്വദേശി ജോയ്സ്നയുടെ അച്ഛൻ ജോസഫ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി തീർപ്പാക്കിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും മാതാപിതാക്കളെ പിന്നീട് പോയി കാണുമെന്നും ജോയ്സനയും ഷെജിനും പ്രതികരിച്ചു.
ഷെജിനൊപ്പം ഹൈക്കോടതിയിലെത്തിയ ജോയ്സന നിലപാട് ആവർത്തിച്ചു. സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിനൊപ്പം പോകുന്നത് എന്ന് ജോയ്സ്ന അറിയിച്ചു. ജോയ്സനയെ കേട്ട കോടതി ഉടൻ ഹർജി തീർപ്പാക്കി പെൺകുട്ടിയുടെ തീരുമാനം അംഗീകരിച്ചു. വിദേശത്തേക്ക് പോകാൻ സാധ്യതയുണ്ടെന്നും ഇത് തടയണമെന്നും അച്ഛൻ ജോസഫ് ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് പരിഗണിച്ചില്ല. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയുമായ ഷജിനും ജോയ്സനയും തമ്മിലുള്ള വിവാഹം കോടഞ്ചേരി മേഖലയിൽ വലിയ വിവാദങ്ങൾക്കും രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾക്കും കാരണമായിരുന്നു. ഏപ്രില്‍ പത്തിനാണ് കോടഞ്ചേരി നൂറാംതോട് സ്വദേശിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷൈജിന്‍ എംഎസ് കോടഞ്ചേരി തെയ്യപ്പാറ സ്വദേശിയും നഴ്സുമായ ജ്യോത്സ്ന ജോസഫും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്.
Read More : ലൗ ജിഹാദ് ആരോപണം തള്ളി കോടഞ്ചേരിയിലെ മിശ്രവിവാഹിതര്‍: സമുദായ സംഘടനകൾ അനാവശ്യ വിവാദമുണ്ടാക്കുന്നു
സൗദിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന ജ്യോത്സ്ന മറ്റൊരാളുമായുളള വിവാഹ നിശ്ചയത്തിനായി രണ്ടാഴ്ച മുന്പായിരുന്നു നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെ പുറത്ത് പോയ പെണ്‍കുട്ടി തിരികെ എത്താഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കി. മൂന്ന് ദിവസമായിട്ടും പെണ്‍കുട്ടിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനിലേക്ക് ബന്ധുക്കളും നാട്ടുകാരും മാര്‍ച്ചും നടത്തി. ഇതിന് പിന്നാലെയാണ് ജ്യോത്സന ഷൈജിനൊപ്പം പോയതാണെന്ന് വാര്‍ത്ത പുറത്ത് വന്നത്.
പിന്നാലെ സംസ്ഥാനത്ത് ലൗ ജിഹാദ് എന്നത് യാഥാര്‍ത്ഥ്യമാണെന്ന് പറഞ്ഞ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജോർജ് എം തോമസ് ഷൈജിനെ തള്ളിപ്പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകൾ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥിനികളെ ലൗ ജിഹാദിൽ കുടുക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഡിവൈഎഫ്ഐ നേതാവ് ഷെജിനും ജോയ്‌സ്നയും തമ്മിലുള്ള വിവാഹം വിവാദമായ സാഹചര്യത്തിലായിരുന്നു ജോർജ് എം തോമസിന്റെ പ്രതികരണം.
ഷെജിൻ ജോയ്സ്നയുമായി ഒളിച്ചോടിയ നടപടി ശരിയല്ലെന്ന് ജോർജ് എം തോമസ് വിമർശിച്ചു. ഇത്തരമൊരു പ്രണയമുണ്ടെങ്കിൽ പാർട്ടിയോട് അറിയിക്കണമായിരുന്നു. അടുത്ത സഖാക്കളോടോ പാർട്ടി ഘടകത്തിലോ സംഘടനയിലോ ആരുമായും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. ക്രൈസ്തവ സമുദായം വലിയ തോതിൽ പാർട്ടിയുമായി അടുക്കുന്ന സമയമാണ്. ഈ ഘട്ടത്തിൽ ഇത്തരമൊരു നീക്കം പാർട്ടിക്ക് വലിയ തിരിച്ചടിയാണ് പ്രദേശത്ത് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വലിയ വിമര്‍ശനം ഉയര്‍ന്നതോടെ ജോർജ് എം തോമസ് നിലപാട് മാറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam