Asianet News MalayalamAsianet News Malayalam

Love Jihad : ലൗ ജിഹാദ് ആരോപണം തള്ളി കോടഞ്ചേരിയിലെ മിശ്രവിവാഹിതര്‍: സമുദായ സംഘടനകൾ അനാവശ്യ വിവാദമുണ്ടാക്കുന്നു

ഇക്കാര്യത്തിൽ സമുദായ സംഘടനകള്‍ അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്നും പല സംഘടനകളില്‍ നിന്നും തങ്ങൾക്ക് ഭീഷണിയുണ്ടെന്നും ഇരുവരും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു

Kodanchery couples responding to Controversies
Author
Kodancherry, First Published Apr 12, 2022, 5:48 PM IST

കോഴിക്കോട്: ലവ് ജിഹാദ് വിവാദം തള്ളി കോടഞ്ചേരിയിലെ മിശ്രവിവാഹിതരായ ജോയ്സനയും ഷിജിനും (Young Couples From Kodenchery responding to controversies) . സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയുമായ ഷജിനും ജോയ്സനയും തമ്മിലുള്ള വിവാദം കോടഞ്ചേരി മേഖലയിൽ വലിയ വിവാദങ്ങൾക്കും രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾക്കും കാരണമായിരുന്നു. 

അതേസമയം തങ്ങളുടെ വിവാദം ലൗവ് ജിഹാദ് അല്ലെന്ന് യുവദമ്പതികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. ഇക്കാര്യത്തിൽ സമുദായ സംഘടനകള്‍ അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്നും പല സംഘടനകളില്‍ നിന്നും തങ്ങൾക്ക് ഭീഷണിയുണ്ടെന്നും ഇരുവരും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. വ്യക്തിപരമായ കാര്യമായതിനാലാണ് പാര്‍ട്ടിയെ അറിയിക്കാതിരുന്നതെന്നും ഇതിൽ തനിക്ക് വീഴ്ച പറ്റിയെന്നും ഷജിന്‍ പറഞ്ഞു. 

ഇക്കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് കോ‍ടഞ്ചേരി നൂറാംതോട് സ്വദേശിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷെജിന്‍ എംഎസ് കോടഞ്ചേരി തെയ്യപ്പാറ സ്വദേശിയും നഴ്സുമായ ജ്യോത്സ്ന ജോസഫിനൊപ്പം ഒളിച്ചോടിയത്. സൗദിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന ജ്യോത്സ്ന മറ്റൊരാളുമായുളള വിവാഹ നിശ്ചയത്തിനായി രണ്ടാഴ്ച മുന്പായിരുന്നു നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെ പുറത്ത് പോയ പെണ്‍കുട്ടി തിരികെ എത്താഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കി. മൂന്ന് ദിവസമായിട്ടും പെണ്‍കുട്ടിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ചാണ് ബന്ധുക്കളും നാട്ടുകാരും കോടഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. 

എന്നാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ജ്യോത്സ്ന ഇങ്ങനെ പറയുന്നതെന്നും പാര്‍ട്ടി നേതാക്കളുടെ പിന്തുണയോടെയാണ് ഷജിന്‍ ജ്യോത്സനെയുമായി ഒളിവില്‍ കഴിയുന്നതെന്നും ജ്യോത്സനയുടെ കുടുംബം ആരോപിച്ചു. അതേസമയം, ഷജിന്‍റെ നടപടിയെ സിപിഎം തളളിപ്പറ‌ഞ്ഞിരുന്നു. ഇരുവരെയും ഉടന്‍ കണ്ടെത്തണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടതായും പെണ്‍കുട്ടിയുമായി സംസാരിക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യത്തിനൊപ്പമാണ് പാര്‍ട്ടിയെന്നും തിരുവന്പാടി മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ ജോര്‍ജ്ജ് എം തോമസ് പറഞ്ഞു. ജോയ്സനയെ കണ്ടെത്താൻ ഹേബിയസ് കോര്‍പ്പസ് ഹ‍ര്‍ജിയുമായി പിതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്ന് രാവിലെ ദമ്പതികൾ കോടതിയിൽ ഹാജരായി മാതപിതാക്കൾക്കൊപ്പം പോകാൻ ആഗ്രഹമില്ലെന്ന് ജോയ്സന വ്യക്തമാക്കിയതിനെ തുടര്‍ന്ന് കോടതി ദമ്പതികളെ വിട്ടയക്കുകയും ചെയ്തു. 
 

ഷജിനെ തള്ളി സിപിഎം; ലൗ ജിഹാദ് കേരളത്തിലുണ്ടെന്ന് മുൻ എംഎൽഎ ജോ‍ര്‍ജ്ജ് എം തോമസ്

കോഴിക്കോട്: ലൗ ജിഹാദ് എന്നത് യാഥാര്‍ത്ഥ്യമാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജോർജ് എം തോമസ്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകൾ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥിനികളെ ലൗ ജിഹാദിൽ കുടുക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഡിവൈഎഫ്ഐ നേതാവ് ഷെജിനും ജോയ്‌സ്നയും തമ്മിലുള്ള വിവാഹം വിവാദമായ സാഹചര്യത്തിലായിരുന്നു ജോർജ് എം തോമസിന്റെ പ്രതികരണം.

ഷെജിൻ ജോയ്സ്നയുമായി ഒളിച്ചോടിയ നടപടി ശരിയല്ലെന്ന് ജോർജ് എം തോമസ് വിമർശിച്ചു. ഇത്തരമൊരു പ്രണയമുണ്ടെങ്കിൽ പാർട്ടിയോട് അറിയിക്കണമായിരുന്നു. അടുത്ത സഖാക്കളോടോ പാർട്ടി ഘടകത്തിലോ സംഘടനയിലോ ആരുമായും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. ക്രൈസ്തവ സമുദായം വലിയ തോതിൽ പാർട്ടിയുമായി അടുക്കുന്ന സമയമാണ്. ഈ ഘട്ടത്തിൽ ഇത്തരമൊരു നീക്കം പാർട്ടിക്ക് വലിയ തിരിച്ചടിയാണ് പ്രദേശത്ത് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ജോയ്സ്ന 15 ദിവസം മുൻപാണ് വിദേശത്ത് നിന്ന് വന്നത്. 15 ദിവസം കൊണ്ട് ഇത്രയും ആഴത്തിലുള്ള പ്രണയം ഉണ്ടാകുമോയെന്ന് തനിക്ക് അറിയില്ല. ഷെജിനെതിരെ പാർട്ടി അച്ചടക്ക നടപടിയെടുക്കും. വരും ദിവസങ്ങളിൽ ഇക്കാര്യം പാർട്ടിയിൽ ചർച്ച ചെയ്യുമെന്നും ജോർജ് എം തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

Follow Us:
Download App:
  • android
  • ios