മധുകൊലക്കേസ്: സാക്ഷികളുടെ തുടർകൂറുമാറ്റം പ്രതിസന്ധി,വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം വേണം-സ്പെഷ്യൽ പ്രോസിക്യൂട്ടർ

By Web TeamFirst Published Jul 22, 2022, 5:09 AM IST
Highlights

ഇതിനിടെ കഴിഞ്ഞ ദിവസം ഹാജരാവാതിരുന്ന പതിമൂന്നാം സാക്ഷി സുരേഷ്, പതിനാറാം സാക്ഷി റസാഖ് എന്നിവരെ മണ്ണാർക്കാട് വിചരാണക്കോടതി ഇന്ന് വിസ്തരിക്കും. കേസിൽ ഇതുവരെ 5 സാക്ഷികൾ കൂറുമാറിയിട്ടുണ്ട്

പാലക്കാട് : അട്ടപ്പാടി മധുകൊലക്കേസിൽ(attappadi madhu murder case) പ്രോസിക്യൂഷൻ സാക്ഷികളുടെ(prosecution witnesses) തുടർകൂറുമാറ്റം പ്രതിസന്ധിയാണെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ(special prosecutor) രാജേഷ് എം.മേനോൻ(rajesh m menon). മൊഴിമാറ്റം തടയാൻ വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം നടപ്പിലാക്കണം.പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയതിനാൽ, പ്രോസിക്യൂഷൻ സാക്ഷികളെ സ്വാധീനിക്കാൻ അവസരമുണ്ടായി . ഇതും തിരിച്ചടിയായെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

 

ഇതിനിടെ കഴിഞ്ഞ ദിവസം ഹാജരാവാതിരുന്ന പതിമൂന്നാം സാക്ഷി സുരേഷ്, പതിനാറാം സാക്ഷി റസാഖ് എന്നിവരെ മണ്ണാർക്കാട് വിചരാണക്കോടതി ഇന്ന് വിസ്തരിക്കും. കേസിൽ ഇതുവരെ 5 സാക്ഷികൾ കൂറുമാറിയിട്ടുണ്ട്.

ഇന്നലെ 15-ാം സാക്ഷി മെഹറുന്നീസയും മൊഴിമാറ്റിയിരുന്നു. കേസിൽ ഇത് തുടർച്ചയായ അഞ്ചാം കൂറുമാറ്റം ആണ്. പ്രോസിക്യൂഷൻ സാക്ഷിയായ മെഹറുന്നീസ രഹസ്യ മൊഴി നൽകിയ വ്യക്തി കൂടിയാണ്.
കോടതിയിൽ നേരത്തെ  10, 11, 12, 14 സാക്ഷികളും കൂറുമാറിയവരാണ്. ഇവരും രഹസ്യമൊഴി നൽകിയവരാണ്.

സാക്ഷികളെ പ്രതിഭാഗം സ്വാധീനിക്കുന്നു എന്ന് മധുവിന്റെ കുടുംബവും ആരോപിച്ചിരുന്നു. വിസ്താരത്തിനിടെ മൊഴി മാറ്റിയ മധു കേസിലെ പന്ത്രണ്ടാം സാക്ഷിയായ അനിൽകുമാറിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചറായിരുന്നു അനിൽകുമാർ

'കൂറുമറാതിരിക്കാൻ പണം ചോദിച്ചു' പൊട്ടിക്കരഞ്ഞ് മധുവിന്റെ സഹോദരി 

അട്ടപ്പാടി മധുകേസിൽ സാക്ഷികൾ കൂട്ടത്തോടെ കൂറ് മാറുന്നതിന്‍റെ സങ്കടത്തിലും നിരാശയിലുമാണ് കുടുംബം. ഇക്കാര്യം പറഞ്ഞ് പൊട്ടിക്കരഞ്ഞ് മധുവിന്റെ സഹോദരി സരസു നേരത്തെ മാധ്യമങ്ങൾക്ക് മുന്നിലെത്തിയിരുന്നു. കൂറുമാറാതിരിക്കാൻ സാക്ഷികൾ പണം ആവശ്യപ്പെടുകയാണ്. കേസുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് തങ്ങൾക്ക് വലിയ സമ്മർദം ഉണ്ടെന്നും സരസു പറയുന്നു.  സ്വന്തം സഹോദരന് നീതി തേടി പോരാടുമ്പോഴുള്ള  ഒരു സഹോദരിയുടെ നിസ്സഹായവസ്ഥ ആണിത്. കൂറുമാറാതിരിക്കാൻ പണം ചോദിക്കുന്ന സാക്ഷികൾ. ഇതിനിടെ, അട്ടപ്പാടിയിൽ കഴിയാൻ ഭീഷണി ഉണ്ടെന്നു കാണിച്ചു മധുവിന്റെ കുടുംബം പാലക്കാട് എസ്പിക്ക് പരാതി നൽകി.

മണ്ണാർക്കാടേക്ക് താമസം മാറ്റാനാണ് ആലോചന. ഭീഷണിയും പ്രലോഭങ്ങളും ഭയന്നാണ് തീരുമാനം. സാക്ഷികൾക്കും മധുവിന്റെ കുടുംബത്തിനും പൊലീസ് സംരക്ഷണം നൽകണമെന്ന് ജില്ലാ ജഡ്ജി അധ്യക്ഷനായ കമ്മിറ്റി കഴിഞ്ഞ ഉത്തരവിട്ടിരുന്നു. 

പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് മേനോൻ ചുമതലയേറ്റശേഷമാണ് സാക്ഷി വിസ്താരം പുനരാരംഭിച്ചത്. രാജേന്ദ്രനെ നീക്കി പകരം, രാജേഷ് എം.മേനോനെ നിയമിക്കണമെന്ന് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് അഡീ. സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയിരുന്ന രാജേഷ് എം.മേനോനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. 

2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്. ജൂൺ 8ന് കേസിൽ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് പ്രധാന സാക്ഷികൾ കൂറ് മാറിയിരുന്നു. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് മധുവിന്‍റെ അമ്മയും സഹോദരിയും രംഗത്തെത്തിയിരുന്നു

click me!