എസ്.ഡി.പി.ഐ നേതാക്കളുമായി കുഞ്ഞാലിക്കുട്ടിയും ഇടിയും ചര്‍ച്ച നടത്തി

By Web TeamFirst Published Mar 14, 2019, 9:13 PM IST
Highlights

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ നസറൂദ്ദീന്‍ എളമരം, എസ്‍ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ അബ്ദുള്‍ മജീദ് ഫൈസി എന്നിവരുമായിട്ടായിരുന്നു ചര്‍ച്ച

കോഴിക്കോട്: എസ്ഡിപിഐയുടേയും പോപ്പുലര്‍ ഫ്രണ്ടിന്‍റേയും നേതാക്കളുമായി മുസ്ലീം ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തി. ലീഗ് നേതാക്കളും മലപ്പുറം-പൊന്നാനി മണ്ഡലങ്ങളിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുമായ പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍ എന്നിവരാണ് പോപ്പുലര്‍ ഫ്രണ്ട് - എസ്ഡിപിഐ നേതാക്കളുമായി ചര്‍ച്ച നടത്തിയത്.  

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ നസറൂദ്ദീന്‍ എളമരം, എസ്‍ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ അബ്ദുള്‍ മജീദ് ഫൈസി എന്നിവരുമായിട്ടായിരുന്നു ചര്‍ച്ച. കൊണ്ടോട്ടിയിലെ കെടിഡിസി ഹോട്ടലിലെ 105-ാം മുറിയില്‍ വച്ച്  രാത്രി എട്ടരയോടെയായിരുന്നു കൂടിക്കാഴ്ച്ച.  
ഇടി മുഹമ്മദ് ബഷീര്‍ ആണ് ആദ്യം ഹോട്ടലില്‍ എത്തിയത്. പത്ത് മിനിറ്റിന് ശേഷം നസറൂദ്ദിന്‍ എളമരവും സംഘവും എത്തി. പതിനഞ്ച് മിനിറ്റ് കഴിഞ്ഞാണ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയത്. 

പൊന്നാനി മണ്ഡലത്തിലെ കാര്യങ്ങളാണ് ഹോട്ടല്‍ ചര്‍ച്ചയിലെ വിഷയമായതെന്നാണ് സൂചന. പിവി അന്‍വര്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ  കടുത്ത മത്സരമാണ് മുസ്ലീം ലീഗ് പൊന്നാനിയില്‍ നേരിടുന്നത്. മണ്ഡലത്തിലെ കോണ്‍ഗ്രസ് വോട്ടുകള്‍ ലീഗിന് ലഭിക്കില്ലെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു  ഈ സാഹചര്യത്തില്‍ വോട്ടു ധാരണയ്ക്ക് വേണ്ടിയാണ് രണ്ട് പാര്‍ട്ടികളുടേയും നേതാക്കള്‍ തമ്മില്‍ കണ്ടെത്തെന്നാണ് പുറത്തു വരുന്ന വിവരം. 2014-ല്‍ പൊന്നാനി മണ്ഡലത്തില്‍ 26,000 വോട്ടുകളാണ് പോപ്പുലര്‍ ഫ്രണ്ട് നേടിയത്. 

അതേസമയം എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ഇടി മുഹമ്മദ് ബഷീര്‍ നിഷേധിച്ചു. കെടിഡിസി ഹോട്ടലില്‍ വച്ച് തീര്‍ത്തും യാദൃശ്ചികമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കണ്ടുമുട്ടുക മാത്രമായിരുന്നു സംഭവിച്ചതെന്നും ബഷീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എസ്ഡിപിഐയുമായി ചര്‍ച്ച ചെയ്യേണ്ട കാര്യം ലീഗിനില്ലെന്നും ബഷീര്‍ വ്യക്തമാക്കി. 
 

click me!