തർക്കം തീരുന്നില്ല: വത്തിക്കാൻ ആർക്കും ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്ന് മാർ ജേക്കബ് മനത്തോടത്ത്

By Web TeamFirst Published Jun 30, 2019, 9:57 AM IST
Highlights

റോമിൽ നിന്ന് തിരിച്ചെത്തിയ ശേഷം വിഷയത്തിൽ കൂടുതൽ പ്രതികരിക്കാമെന്നും ജേക്കബ് മാനത്തോടത് പറഞ്ഞു. 

അങ്കമാലി: സഭ ഭൂമി ഇടപാടിൽ ആർക്കും വത്തിക്കാൻ ക്ലീന്‍ചിറ്റ് നൽകിയിട്ടില്ലെന്ന് ബിഷപ് ജേക്കബ് മാനത്തോടത്. മാർപാപ്പ ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും നിലവിലെ ഭരണമാറ്റം തന്റെ റിപ്പോ‍ർട്ടിന്റെ അടിസ്ഥാനത്തിൽ അല്ലെന്നും മുൻ അപ്പോസ്തലിക് അഡ്മിനിട്രേറ്ററായിരുന്ന ജേക്കബ് മാനത്തോടത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

റോമിൽ നിന്ന് തിരിച്ചെത്തിയ ശേഷം വിഷയത്തിൽ കൂടുതൽ പ്രതികരിക്കാമെന്നും ജേക്കബ് മാനത്തോടത് പറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഭൂമി ഇടപാട് ആരോപണത്തെ തുടർന്ന് ഭരണച്ചുമതലയില്‍ നിന്ന് ഒഴിവാക്കപ്പെട്ട കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ പൂർണ്ണ ഭരണ ചുമതലയിൽ തിരിച്ചുകൊണ്ടുവന്നിരുന്നു. സഹായമെത്രാൻമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻ വീട്ടിൽ എന്നിവരെ തൽസ്ഥാനത്ത് നിന്നും നീക്കുകയും ചെയ്തു. സഭയെ പിടിച്ചുലച്ച വിവാദ ഭൂമി ഇടപാട് അന്വേഷിക്കാൻ മാർപ്പാപ്പ  നിയോഗിച്ച സ്വതന്ത്ര അന്വേഷണ കമ്മീഷൻ കണ്ടെത്തലുകളും അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററുടെ റിപ്പോർട്ടും പരിഗണിച്ചായിരുന്നു വത്തിക്കാന്‍റെ നിർണ്ണായക നീക്കം. 

അതേസമയം ഭരണ ചുമതലയിലേക്ക് കർദ്ദിനാൾ ആല‌‌ഞ്ചേരിയെ  തിരിച്ചുകൊണ്ടുന്ന  നടപടിയ്ക്കെതിരെ വിമത വൈദികർ രംഗത്തെത്തിയിരുന്നു. ഭൂമി വിവാദത്തിൽ മാർ ജോർജ്ജ് ആല‌ഞ്ചേരി അഗ്നിശുദ്ധിവരുത്തണമെന്നും  അതുവരെ നിസ്സഹകരണ തുടരാനും വൈദിക യോഗം തീരുമാനിച്ചിരുന്നു. വത്തിക്കാന്‍റെ തീരുമാനം രാത്രി നടപ്പാക്കിയ കർദിനാളിന്‍റെ നടപടി അപഹാസ്യമാണെന്നും വൈദികർ കുറ്റപ്പെടുത്തുന്നു.
 

click me!