
തിരുവനന്തപുരം: ചട്ടം ലംഘിച്ച് പുസ്തകമെഴുതിയതിന് അടക്കം നടപടി നേരിട്ട ജേക്കബ് തോമസിന് ശമ്പളം കൊടുക്കാതെ സര്‍ക്കാര്‍. സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തി ഷൊറണൂർ മെറ്റൽ ഇൻഡസ്ട്രീസ് എംഡി ആയി ചുമതലയേറ്റിട്ടും ശമ്പളമോ അലവൻസോ നൽകാൻ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ഐഎംജി ഡയറക്ടർ ആയിരിക്കെ, 2017 ഡിസംബറിലാണ് സംസ്ഥാനത്തെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസ് അവസാനമായി ശമ്പളം വാങ്ങിയത്. പിന്നീട് അനുമതിയില്ലാതെ പുസ്തകമെഴുത്ത് ഉൾപ്പെടെയുളള ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടി സസ്പെൻഷൻ. 2019 ഒക്ടോബറിലാണ് ഷൊറണൂർ മെറ്റൽ ഇൻഡസ്ട്രീസ് എംഡിയായി ജേക്കബ് തോമസിനെ സർക്കാർ നിയമിക്കുന്നത്. സസ്പെൻഷൻ കാലയളിവിലെ വേതനം നൽകിയില്ലെന്ന് മാത്രമല്ല, നിലവിൽ വഹിക്കുന്ന ചുമതലയുടെ ശമ്പളമോ മറ്റ് അലവൻസുകളോ ഒന്നും നൽകാൻ തയ്യാറായിട്ടുമില്ല. ഡജിപി റാങ്കിലുളള ഉദ്യോഗസ്ഥനായിട്ടും വാഹനമോ, ജീവനക്കാരേയോ അനുവദിച്ച് നൽകാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
വിരമിക്കാൻ മാസങ്ങൾ മാത്രം നിലനിൽക്കെയാണ് ജേക്കബ് തോമസിനെ എഡിജിപി റാങ്കിലേക്ക് തരം താഴ്ത്താൻ സർക്കാർ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടതും. സര്‍ക്കാര്‍ നീക്കത്തിന് മുമ്പേ തന്നെ കഴിഞ്ഞ മാർച്ചിൽ സ്വയം വിരമിക്കലിന് ജേക്കബ് തോമസ് അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും ഇതിലും സർക്കാർ തീരുമാനമെടുത്തിട്ടില്ല.
നിലവിൽ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഷൊറണുർ മെറ്റൽ ഇൻഡസ്ട്രീസിലെ ജീവനക്കാരുടെയും ശമ്പള വിതരണം പ്രതിസന്ധിയിലാണ്. ശമ്പളം നൽകാൻ കേന്ദ്രസർക്കാർ നിർദ്ദേശമുണ്ടെങ്കിലും സംസ്ഥാനം അത് പാലിക്കുന്നില്ലെന്നാണ് ജേക്കബ് തോമസ് പറയുന്നത്. തൊഴിലുറപ്പ് പണിക്ക് പോകുന്നവർക്ക് പോലും കൂലിയുണ്ട്. ഇക്കാര്യത്തിൽ ഇനി പരസ്യപ്രതികരണത്തിനില്ലെന്നും ശമ്പളം നൽകുന്നതിലെ തടസ്സമെന്തെന്ന് വ്യക്തമാക്കേണ്ടത് സർക്കാരാണെന്നും ജേക്കബ് തോമസ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam