കോതമംഗലം മാർത്തോമാ പള്ളിയിൽ സംഘർഷാവസ്ഥ; പള്ളിയില്‍ കയറാൻ ഓർത്തഡോക്സ്, തടഞ്ഞ് യാക്കോബായ വിഭാഗം

By Web TeamFirst Published Oct 28, 2019, 11:11 AM IST
Highlights

വന്‍ പൊലീസ് സംഘത്തിന്‍റെ കാവലില്‍ പ്രാര്‍ത്ഥനയോടെയാണ് ഓർത്തഡോക്സ് സംഘം പള്ളിയിലേക്ക് നടന്നെത്തിയത്. യാക്കോബായ വിഭാഗം സംഘടിച്ച് പള്ളിയില്‍ തമ്പടിച്ചിരിക്കുകയാണ്

കോതമംഗലം: പളളിത്തർക്കം നിലനിൽക്കുന്ന കോതമംഗലം മാർത്തോമാ ചെറിയ പളളിയ്ക്ക് മുന്നില്‍ സംഘര്‍ഷാവസ്ഥ. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ 
പള്ളിയില്‍ പ്രവേശിക്കുന്നതിന് വേണ്ടി ഓർത്തഡോക്സ് വിഭാഗത്തിലെ തോമസ് പോൾ റമ്പാന്‍റെ നേതൃത്വത്തിൽ വൈദികരുടെയും വിശ്വാസികളുടെയും സംഘം പള്ളിയുടെ മുമ്പിലെത്തി. എന്നാല്‍ പള്ളിക്കുള്ളിലേക്ക് പ്രവേശിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വിഭാഗം. പള്ളിക്ക് മുന്നില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അനിഷ്ടസംഭവങ്ങള്‍ ഇല്ലാതാക്കാന്‍  പൊലീസ് ശ്രമിക്കുന്നു. 

വന്‍ പൊലീസ് സംഘത്തിന്‍റെ കാവലില്‍ പ്രാര്‍ത്ഥനയോടെയാണ് ഓർത്തഡോക്സ് സംഘം പള്ളിയിലേക്ക് നടന്നെത്തിയത്. യാക്കോബായ വിഭാഗം സംഘടിച്ച് പള്ളിയില്‍ തമ്പടിച്ചിരിക്കുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ആയിരത്തിയഞ്ഞുറോളം പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. നിലിവിലെ സാഹചര്യത്തില്‍ കൂടുതല്‍ വനിതാപൊലീസിനെ വിന്യസിച്ചിട്ടുണ്ട്. 

ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ കയറുന്നത് തടയുന്നതിനായി ഇന്നലെ രാത്രി മുതല്‍ തന്നെ യാക്കോബായ വിഭാഗം പള്ളിയിൽ തമ്പടിച്ചിരിക്കുകയാണ്. മുമ്പ് മൂന്നുതവണ റമ്പാന്‍റെ നേതൃത്വത്തിൽ ഓർത്ത‍ോക്സ് വിഭാഗം പളളിയിൽ പ്രവേശിക്കാൻ എത്തിയെങ്കിലും യാക്കോബായ സഭാ വിഭാഗം തടയുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ഇരുവിഭാഗവും തമ്മിലുണ്ടായ സംഘർഷത്തിൽ റമ്പാനടക്കം നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

click me!