
കണ്ണൂര്‍: കണ്ണൂർ ജില്ലാ ജയിലിൽ ഉദ്യോഗസ്ഥരെ മയക്കിക്കിടത്തി ജയിൽ ചാടാൻ തടവുകാരുടെ ശ്രമം. കൊലക്കേസ് പ്രതിയടക്കമുള്ള മൂന്ന് തടവുകാരാണ് ജയിൽ ചാടാൻ ശ്രമിച്ചത്.കൊലക്കേസ് പ്രതി അരുൺകുമാർ, മോഷണക്കേസ് പ്രതികളായ റഫീക്ക്, അഷ്റഫ് ഷംസീർ എന്നിവരാണ് ജയിൽ ചാടാൻ ശ്രമിച്ചത്. 24ന് പുലർച്ചെ നാലരയോടെയാണ് സംഭവം. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ഉദ്യോഗസ്ഥർക്ക് മയക്കുഗുളിക ചേർത്ത ചായ നൽകി ഉറക്കിക്കിടത്തിയാണ് മൂന്നംഗസംഘം തടവ് ചാടാൻ ശ്രമിച്ചത്.
പ്രഭാതഭക്ഷണം തയ്യാറാക്കാനാണ് മൂവരേയും പുറത്തിറക്കിയത്. ഇന്നലെ അടുക്കളയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ജയിൽ ചാടൽ ശ്രമം പുറത്തറിഞ്ഞത്. കുഴഞ്ഞ് അവശനിലയിലായ ഉദ്യോഗസ്ഥരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഭക്ഷ്യവിഷ ബാധയേറ്റിരിക്കാമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. എന്നാൽ ഭക്ഷ്യസുരക്ഷാ ഓഫീസറടക്കം എത്തി പരിശോധിച്ചിട്ടും ജയിലിൽ ഭക്ഷ്യവിഷ ബാധക്കുള്ള സാധ്യത കണ്ടെത്തിയില്ല.
തുടർന്ന് സംശയം തോന്നിയ ജയിൽ സൂപ്രണ്ട് അശോകൻ അരിപ്പ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഒരു തടവുകാരൻ ഉദ്യോഗസ്ഥർക്കുള്ള ചായയിൽ പോക്കറ്റിൽ നിന്നും എന്തോ പൊടി ഇടുന്നത് ദൃശ്യങ്ങളിൽ കണ്ടു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ജയില്‍ചാട്ടത്തിനുള്ള ശ്രമം പുറത്തറിഞ്ഞത്. മാനസികരോഗത്തിന് ചികിത്സചെയ്യുന്ന സഹതടവുകാരിൽ നിന്നാണ് മൂന്നംഗസംഘം മയക്കുഗുളികകൾ സംഘടിപ്പിച്ചത്.
ഉദ്യോഗസ്ഥരെ മയക്കിയ ശേഷം ചാവി കൈക്കലാക്കി ജയിൽ ഗേറ്റിന് സമീപത്തേക്ക് നീങ്ങി. എന്നാൽ ഡ്യൂട്ടിയിലില്ലാതിരുന്ന ഒരു ഉദ്യോഗസ്ഥൻ ആ സമയം ഗേറ്റിന് സമീപത്തേക്ക് വന്നു. ഇത് കണ്ടതോടെ മൂവരും പിൻവാങ്ങി. തങ്ങൾക്കും ഭക്ഷ്യവിഷബാധയേറ്റെന്ന് പറഞ്ഞ് ഇവരും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മൂന്ന് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam