
തിരുവനന്തപുരം: സ്ത്രീധനപീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസിലെ പ്രതി കിരണിന് 30 ദിവസത്തെ പരോള്‍. പൊലിസ് റിപ്പോർട്ട് എതിരായിട്ടും ജയിൽ മേധാവിയാണ് പരോള്‍ അനുവദിച്ചത്. 10 വർഷത്തെ തടവിനാണ് കിരണിനെ ശിക്ഷിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന കിരണ്‍ പരോളിന് ആദ്യം അപേക്ഷ നൽകിയെങ്കിലും പെബ്രേഷൻ റിപ്പോർട്ടും പൊലീസ് റിപ്പോർട്ടും എതിരായതിനാൽ ജയിൽ സൂപ്രണ്ട് അപേക്ഷ തള്ളി.
വീണ്ടും അപേക്ഷ നൽകിയപ്പോള്‍ പൊലീസ് റിപ്പോർട്ട് എതിരായിരുന്നു. പ്രൊബേഷൻ റിപ്പോർട്ട് അനുകൂലമായി വന്നു. സൂപ്രണ്ട് അപേക്ഷ ജയിൽ മേധാവിയുടെ പരിഗണനക്ക് വിട്ടു. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ 30 ദിവസത്തെ പരോള്‍ അനുവദിക്കുകയായിരുന്നു. കടുത്ത നിബന്ധനകളോടെയാണ് പരോള്‍ അനുവദിച്ചതെന്നാണ് ജയിൽ ആസ്ഥാനത്തിൻെറ വിശദീകരണം.
വിധിയെന്ന് പറയാനല്ലാതെ മറ്റൊന്നും പറയാൻ കഴിയില്ലെന്നായിരുന്നു വിസ്മയയുടെ അച്ഛൻ ത്രിവിക്രമന്റെ ആദ്യപ്രതികരണം. ''അവനവിടെ നല്ലപുള്ളി ചമഞ്ഞ് പേരെടുത്തിരിക്കുകയാണ്. അവനും ഒരു യൂണിഫോമിട്ടവനല്ലേ? കൊടി സുനിയുടെ കാര്യം എംഎൽഎ പറയുന്നത് കേട്ടില്ലേ? അതുപോലെ വെളിയിൽ നിന്ന് ഞാനും എന്ത് പറയാനാ? വക്കീലുമായി സംസാരിക്കണം. അവനിപ്പോൾ പരോൾ കിട്ടാൻ യാതൊരു ചാൻസുമില്ല. ജയിലിനുള്ളിൽ നല്ലപുള്ളി ചമഞ്ഞതുകൊണ്ടായിരിക്കും ഉദ്യോഗസ്ഥൻ ഇത് കൊടുത്തിരിക്കുക എന്നാണ് എനിക്ക് തോന്നുന്നത്. ഇത്രയും നീചമായ പ്രവർത്തി ചെയ്ത ഒരുത്തന് പരോൾ കൊടുക്കുക എന്നത് കേരളത്തിന് തന്നെ അപമാനമല്ലേ? പരോൾ കൊടുത്തിരിക്കുന്നത് അങ്ങേയറ്റം അംഗീകരിക്കാൻ പറ്റാത്ത പ്രവർത്തിയാണ്.'' ത്രിവിക്രമൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ഭർതൃപീഡനത്തെ തുടർന്നാണ് 2021 ജൂണില്‍ വിസ്മയ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചത്. ഭർത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തുടക്കം മുതൽ ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും കിരൺകുമാറിനെ പ്രതിയാക്കുകയും ചെയ്തു. 100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകൾക്കൊപ്പം സ്ത്രീധനമായി നൽകിയാണ് വിസ്മയയെ കിരൺ കുമാറിന് വിവാഹം ചെയ്ത് നൽകിയത്. എന്നാൽ വിവാഹം കഴിഞ്ഞതോടെ കൂടുതൽ സ്ത്രീധനതുക ആവശ്യപ്പെട്ട് കിരൺ, വിസ്മയയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam