
തിരുവനന്തപുരം: ജയിൽ കോഴക്കേസിൽ കേസെടുത്ത് അന്വേഷണം നേരിടുന്ന ജയിൽ ആസ്ഥാനത്തെ ഡിഐജി വിനോദ് കുമാറിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനിയുടെ ബന്ധുവിൽ നിന്നും വിനോദ് കുമാർ കൈക്കൂലി വാങ്ങി എന്നാണ് വിവരം. ഗൂഗിള്‍ പേ വഴിയാണ് സുനിയുടെ അടുത്ത ബന്ധുവിൽ നിന്നും വിനോദ് കുമാർ പണം വാങ്ങിയത്. എട്ട് തടവുകാരുടെ ബന്ധുക്കളിൽ നിന്നും ഡിഐജി നേരിട്ട് പണം വാങ്ങിയതിന്‍റെ തെളിവുകള്‍ വിജിലൻസിന് ലഭിച്ചു.
പരോളിനും ജയിലിൽ സൗകര്യങ്ങളൊരുക്കാനും വിനോദ് കുമാർ തടവുകാരുടെ ബന്ധുക്കളിൽ നിന്നും പണം വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് കേസെടുത്തത്. പരോള്‍ നൽകാനും പരോള്‍ നീട്ടി നൽകാനും തടവുകാരുടെ ബന്ധുക്കളിൽ നിന്നും പണ പിരിവ്, ജയിനുള്ളിൽ സൗകര്യങ്ങളൊരുക്കാനും സ്ഥലം മാറ്റത്തിനും കൈക്കൂലി. ജയിൽ ആസ്ഥാന ഡിഐജി വിനോദ് കുമാറിൻെറ വഴിവിട്ട നടപടികൾ മാസങ്ങളായി വിജിലൻസ് നിരീക്ഷിച്ചുവരുകയായിരുന്നു. ഭരണ നേതൃത്വവുമായി അടുപ്പമുള്ള ജയിൽ ആസ്ഥാന ഡിഐജി, സ്വാധീനമുപയോഗിച്ച് ജയിൽ സൂപ്രണ്ടുമാരെയും മറ്റ് ഉദ്യോഗസ്ഥരെയും വിരട്ടി കാര്യങ്ങള്‍ നടത്തുമായിരുന്നു എന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. വിയ്യൂർ ജയിലിലെ തടവുകാർക്ക് സൗകര്യങ്ങള്‍ ചെയ്യുന്നതിനായി വിരമിച്ച ഉദ്യോഗസ്ഥനെ ഏജൻ്റാക്കി പണം വാങ്ങിയതിൽ വിജിലൻസിന് തെളിവ് ലഭിച്ചു. തെക്കൻ കേരളത്തിലെ ഒരു സബ് ജയിലിലെ സൂപ്രണ്ടിൽ നിന്നും ഗൂഗിള്‍ പേയിലൂടെ പണം വാങ്ങിയതിനും തെളിവ് ലഭിച്ചതോടെയാണ് ഇന്നലെ കേസെടുത്തത്. സ്ഥലംമാറ്റത്തിനും വിനോദ് കുമാർ ജീവനക്കാരിൽ നിന്നും പണം വാങ്ങിയിരുന്നു എന്നാണ് വിവരം. വിനോദ് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവും അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉത്തരവിട്ടിട്ടുണ്ട്.
സ്ഥിരമായി ജോലിക്ക് ഹാജരാകാത്തതിന് കണ്ണൂർ ജയിൽ സൂപ്രണ്ടായിരുന്നപ്പോൾ സസ്പെൻഷൻ നേരിട്ട ആളാണ് വിനോദ് കുമാർ. ടിപി കേസിലെ പ്രതികള്‍ക്ക് വിയ്യൂരിൽ വഴിവിട്ട സൗകര്യങ്ങളൊരുക്കിയതിനാണ് രണ്ടാമത്തെ സസ്പെൻഷൻ. വകുപ്പതല അന്വേഷണങ്ങളെല്ലാം ഒതുക്കി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഡിഐജിയായ ഉയർത്തിയ വിനോദ് കുമാറിനെ ജയിൽ ആസ്ഥാനത്ത് നിയമിച്ചു. നിരവധി പരാതികള്‍ വന്നപ്പോഴും, ജോലിയിൽ വീഴ്ച വരുത്തിയിപ്പോഴും ഡിഐജിയെ ജയിൽ ആസ്ഥാനത്തുമാറ്റണമെന്ന് ജയിൽ മേധാവിമാർ ആഭ്യന്തരവകുപ്പിനോട് പല ആവശ്യപ്പെട്ടുവെങ്കിലും ഉദ്യോഗസ്ഥന് സംരക്ഷണം നൽകി. വിരമിക്കാൻ നാല് മാസം ബാക്കി നിൽക്കേയാണ് വിജിലൻസ് കേസിൽ പ്രതിയാകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam