വനിതാ തടവുകാർ ജയിൽ ചാടിയ സംഭവം: ജയിൽ സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തു; രണ്ടുപേരെ പിരിച്ചുവിട്ടു

By Web TeamFirst Published Jun 29, 2019, 8:59 PM IST
Highlights

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അട്ടകുളങ്ങര വനിതാ ജയിലിൽ നിന്നും ശില്‍പ്പയും സന്ധ്യയും ജയിൽ ചാടിയത്.

തിരുവനന്തപുരം: അട്ടക്കുളങ്ങരയിൽ വനിതാ തടവുകാർ ജയിൽ ചാടിയ സംഭവത്തിൽ ജയിൽ സൂപ്രണ്ട് ഒ വി വല്ലിയെ സസ്പെന്‍ഡ് ചെയ്തു.  വനിതാ തടവുകാർ മതിൽ ചാടി രക്ഷപ്പെട്ടതിൽ വീഴ്ച വരുത്തിയതിനാണ് നടപടി. ഇതിന് പുറമെ രണ്ട്  താൽക്കാലിക വാർഡൻമാരെ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അട്ടകുളങ്ങര വനിതാ ജയിലിൽ നിന്നും ശില്‍പ്പയും സന്ധ്യയും ജയിൽ ചാടിയത്. തുടർന്ന് കഴിഞ്ഞ ദിവസം ഇരുവരേയും പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. ശിൽപ്പയുടെ വീട്ടിലേക്ക് പോകുന്ന വഴി പാലോട് പൊലീസും റൂറൽ എസ്പിയുടെ കീഴിലുള്ള ഷാഡോ പൊലീസും ചേർന്നാണ് ഇരുവരെയും പിടികൂടിയത്. 

പാങ്ങോട് സ്വദേശിയായ ശിൽപ്പയെ ജോലിക്ക് നിന്ന വീട്ടിലെ ഗൃഹനാഥന്‍റെ മോതിരം മോഷ്ടിച്ചതിനാണ് അറസ്റ്റ് ചെയ്തത്. മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയതിനാണ് വര്‍ക്കല സ്വദേശിയായ സന്ധ്യ അറസ്റ്റിലായത്. ഇരുവരും സാമ്പത്തികമായി താഴേത്തട്ടിലുള്ള കുടുംബത്തിലുള്ളവരാണ്. രണ്ട് പേരും ചെറിയ കുട്ടികളുടെ അമ്മമാരുമാണ്. 

ജയില്‍ കാലാവധി നീളുമെന്ന ഭയത്തെ തുടര്‍ന്നാണ് ജയില്‍ ചാടിയതെന്ന് യുവതികള്‍ പറഞ്ഞിരുന്നു. ആറുവര്‍ഷം വരെ തടവ് ലഭിക്കുമെന്ന് അഭിഭാഷകര്‍ പറഞ്ഞിരുന്നു. വേഗം പുറത്തിറങ്ങാൻ കഴിയില്ലെന്ന് ഉറപ്പായതോടെ ജയിൽ ചാടാൻ തീരുമാനിച്ചെന്നും യുവതികള്‍ മൊഴി നല്‍കിയിരുന്നു.

click me!