
ഇടുക്കി : അയല്‍വാസി നല്‍കിയ വ്യാജ പീഡന പരാതിയില്‍ 45 ദിവസം ജയിലിൽ കിടക്കേണ്ടിവന്നെന്ന ആരോപണവുമായി യുവാവ്. ഇടുക്കി മൈലപ്പുഴ സ്വദേശി പ്രജോഷാണ് ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നൽകിയത്. സത്യം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നൂറിലധികം നാട്ടുകാരും ഡിജിപിക്കും എസ്പിക്കും പരാതി നൽകിയിട്ടുണ്ട്. മുൻ വൈരാഗ്യത്തിന്‍റെ പേരിൽ വ്യാജ പീഡന പരാതി നൽകുകയായിരുന്നുവെന്നാണ് ഇവരുടെ ആരോപണം.
വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചുവെന്ന വീട്ടമ്മയുടെ പരാതിയിൽ ഏപ്രില്‍ 18 നാണ് പ്രജോഷിനെ അറസ്റ്റ് ചെയ്യുന്നത്. മാര്‍ച്ച് 24 ന് പീഡനം നടന്നുവെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്. ഇടുക്കി കഞ്ഞികുഴി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് വനിതാ പൊലീസ് സ്റ്റേഷനാണ് അന്വേഷിച്ചത്. മാര്‍ച്ച് 24 ന് താൻ മറ്റൊരിടത്ത് കോൺക്രീറ്റ് പണി ചെയ്യുകയായിരുന്നുവെന്നും അറസ്റ്റിനെത്തിയപ്പോൾ പൊലീസിനെ ഇത് അറിയിച്ചിരുന്നുവെന്നുമാണ് പ്രജോഷ് പറയുന്നത്. എന്നാൽ അതേക്കുറിച്ച് അന്വേഷണം നടത്താൻ പൊലീസ് തയ്യാറായില്ലെന്നും പ്രജോഷ് കുറ്റപ്പെടുത്തി. തടിപ്പണിയുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ ഭർത്താവുമായി തർക്കംഉണ്ടായിരുന്നുവെന്നും ഇതാണ് വ്യാജ പരാതിക്ക് കാരണമെന്നും പ്രജോഷ് ആരോപിക്കുന്നു.
സംഭവത്തിലെ യാഥാർത്ഥ്യം കണ്ടെത്തണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളായ 117 ആളുകള്‍ ഒപ്പിട്ട പ്രത്യേക പരാതി ഡിജിപിക്കും ഇടുക്കി എസ്പിക്കും നല്‍കിയിട്ടുണ്ട്. എന്നാൽ പരാതി നല്‍കി മാസം ഒന്നുകഴിഞ്ഞിട്ടും കാര്യമായ അന്വേഷണം നടത്താത്തതില്‍ നാട്ടുകാർക്കും പ്രതിക്ഷേധവുമുണ്ട്.
അതേ സമയം കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും ക്രമക്കേടൊന്നുമുണ്ടായിട്ടില്ലെന്നുമാണ് ഇടുക്കി വനിതാ പൊലീസ് സ്റ്റേഷന്‍റെ വിശദീകരണം. സംഭവത്തെ കുറിച്ച് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയതായി ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസും അറിയിച്ചു.
റെയിൽവേ ട്രാക്കിൽ മൃതദേഹം, വന്ദേഭാരതും ജനശതാബ്തിയും പുറപ്പെട്ടത് അര മണിക്കൂർ വൈകി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam