
കായംകുളം: അച്ഛന്‍ നഷ്ടപ്പെട്ട കായംകുളം സ്വദേശിനിയായ അഞ്ജുവിനായി ചേരാവള്ളി മുസ്ലീം ജമാ അത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പള്ളിയില്‍ പന്തലും സദ്യയുമൊരുങ്ങി. മതവിത്യാസങ്ങള്‍ മാറിനിന്ന് മനുഷ്യമനസുകള്‍ ഒന്നിച്ചപ്പോള്‍ നൂറുകണക്കിനാളുകളുടെ അനുഗ്രഹവും ആശംസയും ഏറ്റ് വാങ്ങി ശരത്ത് അഞ്ജുവിനെ വരണമാല്യം ചാര്‍ത്തി ജീവിതത്തോട് ചേര്‍ത്തു. ഞായറാഴ്ച ഉച്ചയ്ക്ക് 12.10 നു ശേഷമുള്ള മുഹൂർത്തത്തിലാണ് നാടാകെ കാത്തിരുന്ന വിവാഹം നടന്നത്. ചേരാവള്ളി അമൃതാഞ്ജലിയിൽ ബിന്ദുവിന്റെയും പരേതനായ അശോകന്റെയും മകൾ അഞ്ജുവിന് കൃഷ്ണപുരം കാപ്പിൽ കിഴക്ക് തോട്ടേതെക്കേടത്ത് തറയിൽ ശശിധരന്റെയും മിനിയുടെയും മകൻ ശരത് ഹൈന്ദാവാചാരപ്രാകരം വരണമാല്യം ചാർത്തി. ചേരാവള്ളി മുസ്‍ലിം ജമാഅത്ത് കമ്മിറ്റിയുടെ സഹകരണത്തോടെയാണു വിവാഹച്ചടങ്ങുകൾ നടന്നത്.
കഴിഞ്ഞ വർഷം ഹൃദയാഘാതം വന്നാണ് അഞ്ജുവിന്റെ അച്ഛൻ അശോകൻ മൂന്നുമക്കളെയും ഭാര്യ ബിന്ദുവിനെയും വിട്ടുപിരിഞ്ഞത്. മൂത്തമകളായ അഞ്ജുവിന്റെ വിവാഹം നടത്താൻ മറ്റ് വഴികളൊന്നുമില്ലാതെ വന്നപ്പോഴാണ് വീടിന് സമീപത്തുള്ള മുസ്ലീം ജമാ അത്ത് പള്ളിക്കമ്മറ്റിയെ ബിന്ദു സമീപിക്കുന്നത്. വിവാഹത്തിന് സഹായം നൽകാമെന്ന വെറുംവാക്കല്ല, പള്ളിക്കമ്മറ്റി അംഗങ്ങൾ പറഞ്ഞത്. വിവാഹത്തിന്റെ എല്ലാ ചെലവുമുൾപ്പെടെ ആഘോഷപൂർവ്വം നടത്തിത്തരാമെന്നാണ്. ക്ഷണക്കത്ത് മുതൽ ഭക്ഷണവും ആഭരണങ്ങളും ഉൾപ്പെടെ ഒരുക്കി ജമാ അത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവാഹ ഒരുക്കങ്ങള്‍ നടത്തിയപ്പോള്‍ നാടൊരുമിച്ച് നിന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഫേസ്ബുക്ക് പോസ്റ്റിലൂടെ വധൂവരന്മാർക്ക് ആശംസകൾ നേർന്നു.
2500 പേർക്കു ജമാഅത്ത് കമ്മിറ്റി ഭക്ഷണമൊരുക്കിയിരുന്നു. വിവാഹവേദിയിൽ 200 പേർക്ക് ഇരിക്കാൻ സൗകര്യമൊരുക്കി. പുറത്തു വിശാലമായ പന്തലും കെട്ടി. നേരിട്ടു ക്ഷണിച്ചതിനെക്കാൾ ആളുകൾ നന്മയും സ്നേഹവും വിളംബരം ചെയ്യുന്ന ചടങ്ങു കേട്ടറിഞ്ഞു വിവാഹത്തിനെത്തിയിരുന്നു. അഞ്ജുവിന്‍റെ അമ്മ, ബിന്ദുവിന്റെ ബന്ധുവാണ് വരനായ ശരത്ത്. പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും ഭക്ഷണവും തുടങ്ങി വിവാഹത്തിന് വേണ്ട മുഴുവന്‍ ചെലവുകളും പള്ളി കമ്മിറ്റിയാണ് വഹിച്ചത്. വിവാഹ സമയത്ത് വേണ്ട പൂജാവിധികള്‍ക്ക് വേണ്ട ചെലവുകള്‍ ഉള്‍പ്പടെ എല്ലാം പള്ളി കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍വഹിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam