'ലൗ ജിഹാദെന്ന ആരോപണം കൃത്യമായ കണക്കുകളില്ലാതെ';ഇടയലേഖനത്തിനെതിരെ ഒരു വിഭാഗം വൈദികര്‍

By Web TeamFirst Published Jan 19, 2020, 1:22 PM IST
Highlights

വൈദിക സെനറ്റും പാസ്റ്ററൽ കൗൺസിലും ചേരുമ്പോൾ പ്രതിഷേധം അറിയിക്കുമെന്നും ഫാ ജോസ് വയലിക്കോടത്ത് പറഞ്ഞു. 

കൊച്ചി: കേരളത്തില്‍ ലൗജിഹാദെന്ന് ആവര്‍ത്തിച്ച സിറോമലബാര്‍ സഭയുടെ ഇടയലേഖനത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍. കൃത്യമായ കണക്കുകളില്ലാതെയാണ് സഭ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്ന് വൈദിക സെനറ്റ് അംഗം ഫാ. ജോസ് വയലിക്കോടത്ത് പറഞ്ഞു. വൈദിക സെനറ്റും പാസ്റ്ററൽ കൗൺസിലും ചേരുമ്പോൾ പ്രതിഷേധം അറിയിക്കുമെന്നും ഫാ ജോസ് വയലിക്കോടത്ത് പറഞ്ഞു. കഴിഞ്ഞയാഴ്ച എറണാകുളത്ത് ചേര്‍ന്ന സിനഡ് യോഗത്തിലെ തീരുമാനങ്ങള്‍ വിശദീകരിക്കാനായിരുന്നു കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനം പള്ളികളില്‍ വായിച്ചത്. 

ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ എന്ന തലക്കെട്ടോടെയുള്ള ഭാഗത്താണ് ലൗജിഹാദ് പരാമര്‍ശിക്കുന്നത്. സാമൂഹിക സമാധാനത്തെ അപകടപ്പെടുത്തുന്ന രീതിയില്‍ മതാന്തര പ്രണയങ്ങള്‍ വര്‍ദ്ധിക്കുന്നു. ക്രിസ്ത്യൻ പെണ്‍കുട്ടികളെ ലക്ഷ്യം വെച്ചുള്ള ഈ ആസൂത്രിത നീക്കം ആശങ്കയുളവാക്കുന്നതാണ്. ഐഎസ് തീവ്രവാദ സംഘടനയിലേക്ക് പോലും പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നു.നിയമപാലകര്‍ അടിയന്തര നടപടിയെടുക്കണമെന്നും ഇടയലേഖനത്തില്‍ ആവശ്യപ്പെടുന്നുണ്ട്. 

ലൗജിഹാദിനെക്കുറിച്ച് സഭയിലെ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ബോധവല്‍ക്കരണം നടത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കണമെന്ന് സിനഡ് തീരുമാനിച്ചിട്ടുണ്ടെന്നും ഇടയലേഖനത്തില്‍ പറയുന്നു. എന്നാല്‍ ലവ്ജിഹാദ് വാദം അനവസരത്തിലുള്ളതാണെന്നാണ് സഭയിലെ ഒരു വിഭാഗം വൈദികരുടെ നിലപാട്. ഇവരെ പിന്തുണക്കുന്ന എറണാകുളം – അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം പള്ളികളിലും ഇടയലേഖനം വായിച്ചിട്ടില്ല. നേരത്തെ സിനഡില്‍ ലൗ ജിഹാദ് ആരോപണം ഉയര്‍ന്നപ്പോഴും അതിനെതിരെ സഭക്കുള്ളില്‍ എതിര്‍പ്പ് ശക്തമായിരുന്നു. ബിജെപിയോട് അടുക്കാൻ ശ്രമിക്കുന്നതിന്‍റെ ഭാഗമാണ് ഒരു മതവിഭാഗത്തെ ലക്ഷ്യം വെച്ചുള്ള ലൗ ജിഹാദ് വാദം എന്നാണ് ഈ വൈദികരുടെ നിലപാട്.


 

click me!