
കാസര്‍കോട്: കേന്ദ്ര സർക്കാരിന്‍റെ ജനദ്രോഹ നടപടികൾക്കെതിരെയുള്ള സിപിഎമ്മിന്‍റെ ജനകീയ പ്രതിരോധ യാത്രയെ കുറിച്ച് വിശദീകരിക്കുന്ന തുളുനാട് പത്രത്തിലെ പേജ് പങ്കുവെച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജാഥയുടെ ഉദ്ഘാടന ദിവസം പുറത്തിറങ്ങിയ തുളുനാട് പത്രം ശ്രദ്ധേയമാണെന്നും വർഗീയതയ്ക്കും ജനദ്രോഹനയങ്ങൾക്കുമെതിരായ പോരാട്ടത്തിന്‍റെ പുതുചരിത്രമെഴുതുന്ന ജനകീയ പ്രതിരോധ ജാഥ ഭാഷാ, ദേശങ്ങൾക്കതീതമായി ജനത ഏറ്റെടുക്കുകയാണെന്നും എം വി ഗോവിന്ദൻ ഫേസ്ബുക്കില്‍ കുറിച്ചു.
'അനന്തപുരം മുതൽ അനന്തപുരി വരെ' എന്ന ലേഖനം ഭാഷാ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളും വിഷയത്തിൽ ഇടതുപക്ഷത്തിന്‍റെ ഇടപെടലുകളും വിശദമാക്കുന്നതാണ്. മഹാനായ എ കെ ജിയുടെ പട്ടിണിജാഥയെ അനുസ്മരിക്കുന്ന ലേഖനവുമുണ്ട്. വരും ദിവസങ്ങളിലും ജാഥ മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യങ്ങൾ ഏറ്റെടുത്ത് വലിയ വിഭാഗം ജനങ്ങൾ ഈ മുന്നേറ്റത്തിൽ അണിചേരുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്നലെയാണ് തുടക്കമായത്. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു മാനേജരായ ജാഥയിൽ കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്, ജെയ്‌ക് സി തോമസ്, കെ ടി ജലീൽ എംഎൽഎ എന്നിവർ സ്ഥിരാംഗങ്ങളാണ്. വൈകിട്ട് 4.30ന് മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്‌ഘാടനം നിര്‍വഹിച്ചത്. ജി എസ് ടി വഴി ഇപ്പോൾ കേരളത്തിന് നികുതി വരുമാനം കുറയുന്നു. കർഷകദ്രോഹ ബജറ്റാണ് ഇത്തവണ കേന്ദ്രം അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരള ബജറ്റിനെ വിമർശിക്കുന്ന പ്രതിപക്ഷം ഇത് കാണുന്നില്ല. കേരളം കടത്തിൽ മുങ്ങിത്താഴുന്നു എന്ന പ്രചാരണം നടത്തുന്നു. കേരളത്തിന്റെ സാമ്പത്തിക ഞെരുക്കത്തിന്റെ കാരണം നികുതി പിരിവിലെ അലംഭാവം അല്ല. കേന്ദ്രം കേരളത്തെ അവഗണിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം സംസ്ഥാനത്തെ ഞെരുക്കുന്നതിനെ പ്രതിപക്ഷം വിമര്‍ശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam