സിപിഐക്ക് പിന്നാലെ ജോസ് കെ മാണിയുമായുള്ള സഹകരണത്തെ എതിർത്ത് ജനതാദളും

By Web TeamFirst Published Jul 3, 2020, 1:49 PM IST
Highlights

ജോസിനായി കൈനീട്ടിയ സിപിഎം ശ്രമങ്ങളെ പൂർണ്ണമായും തള്ളിക്കൊണ്ടാണ് നേരത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം എതിർപ്പ് ഉയർത്തിയത്. 

തിരുവനന്തപുരം: സിപിഐക്ക് പിന്നാലെ ജോസ് കെ മാണിയുള്ള സഹകരണത്തെ എതി‍ർത്ത് ജെഡിഎസ്സും. ജോസിൻറ സമ്മർദ്ദ തന്ത്രത്തിന് എൽഡിഎഫ് തലവെക്കേണ്ടെന്ന് ജെഡിഎസ് സെക്രട്ടറി ജനറൽ ജോർജ്ജ് തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതിനിടെ കേരള കോൺഗ്രസ്സിനെ പ്രശംസിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനും കളത്തിലിറങ്ങി.

ജോസിനായി കൈനീട്ടിയ സിപിഎം ശ്രമങ്ങളെ പൂർണ്ണമായും തള്ളിക്കൊണ്ടാണ് കാനം എതിർപ്പ് ഉയർത്തിയത്. സഹകരണത്തെ ചൊല്ലി എൽഡിഎഫിലെ ഭിന്നത രൂക്ഷമാക്കിയാണ് മറ്റൊരു ഘടക കക്ഷിയായ ജെഡിഎസ്സും നിലപാട് വ്യക്തമാക്കിയത്. ജോസിനോടുള്ള കാനത്തിൻ്റെ എതിർപ്പ് സിപിഐ കോട്ടയം ജില്ലാ സെക്രട്ടറിയും ആവർത്തിച്ചു. സിപിഎം കഴിഞ്ഞാൽ കോട്ടയത്ത് കരുത്ത് കേരള കോൺഗ്രസ്സിനാണെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയാണ് സിപിഐ ജില്ലാ നേതൃത്വം തള്ളിയത്. 

ഉടക്കിട്ടെങ്കിലും സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം ഉറ്റുനോക്കുകയാണ് സിപിഐ സംസ്ഥാന ഘടകം. അതേ സമയം സിപിഎമ്മിന് പിന്നാലെ കേരള കോൺഗ്രസ്സിനെ പുകഴ്ത്തി ബിജെപിയും രംഗത്തു വന്നിട്ടുണ്ട്. കുമ്മനം ബിജെപി പ്രസിഡൻ്റായിരിക്കേ മാണിയെ എൻഡിഎയിൽ എത്തിക്കാനുള്ള നീക്കങ്ങളെ മുരളീപക്ഷമാണ് എതിർത്തത്. ഇന്ന് അവർ ജോസിൻറെ വരവ് ആഗ്രഹിക്കുന്നു.

പക്ഷെ പഴയ ആവേശം പുറത്ത് കാണിക്കാതെ തന്ത്രപരമായാണ് നീക്കങ്ങൾ. വാതിൽ തുറന്നിട്ടെന്ന് പറയുമ്പോഴും അനുനയചർച്ചകളുടെ സൂചനകൾ കോൺഗ്രസ് കാണിക്കുന്നില്ല. എന്നാൽ രണ്ടില ചിഹ്നത്തെ കുറിച്ചുള്ള കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം വരുന്ന മുറക്ക് കോട്ടയത്ത് അവിശ്വാസപ്രമേയത്തിന് നീക്കം തുടങ്ങാനാണ് ജോസഫ് പക്ഷ തീരുമാനം.

click me!