പത്താം ക്ലാസിൽ മുഴുവൻ എ പ്ലസ് വാങ്ങിയ മിടുക്കി, ജീവാ മോഹൻ ആത്മഹത്യ ചെയ്തതെന്തിന്?

By Web TeamFirst Published Jun 5, 2022, 12:12 PM IST
Highlights

ഇന്നലെ രാവിലെ പഠിക്കാൻ മുറിയിൽ കയറിയ പതിനാറുകാരി ഉച്ചയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽവാസികൾ എത്തി ജനൽ ചില്ല് പൊളിച്ചപ്പോൾ കണ്ടത് മുകളിലെ നിലയിലെ കിടപ്പുറിയിലെ ഫാനിൽ തൂങ്ങി മരിച്ച  നിലയിൽ.

തിരുവനന്തപുരം: തിരുവനന്തപുരം നാവായിക്കുളത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയായ ജീവാ മോഹൻ ആത്മഹത്യ ചെയ്തതെന്തിന്? ഞെട്ടലോടെ പരസ്പരം ചോദിക്കുകയാണ് നാട്ടുകാർ. വിങ്ങലടക്കാനാകാതെ നിൽക്കുന്ന ജീവയുടെ മുത്തച്ഛനോ അമ്മയ്ക്കോ അനിയത്തിക്കോ സംസാരിക്കാൻ പോലുമാകുന്നില്ല. മൊബൈൽ ഫോണിനടിമയായെന്ന വിഷമം ആറ് താളുകൾ നീണ്ട ആത്മഹത്യാക്കുറിപ്പിലെഴുതി വച്ചാണ് ജീവ ആത്മഹത്യ ചെയ്യുന്നത്. കൃത്യസമയത്ത് കൗൺസിലിംഗോ, ഏതെങ്കിലും തരത്തിലുള്ള മാനസികാരോഗ്യവിദഗ്ധരുടെ സഹായമോ കിട്ടിയിരുന്നെങ്കിൽ ഇപ്പോഴും ജീവിച്ചിരുന്നേനെ ഈ മിടുക്കിയായ പെൺകുട്ടിയെന്ന് ബന്ധുക്കളും നാട്ടുകാരും വേദനയോടെ പറയുന്നു. 

മിടുമിടുക്കിയായിരുന്നു ജീവ...

പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി പാസ്സായ മിടുമിടുക്കിയായിരുന്നു ജീവ. പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള കുട്ടി. അച്ഛൻ നേരത്തേ മരിച്ചു. അതിന്‍റെ വേദനകളുണ്ടായിരുന്നെങ്കിലും അമ്മയും അനിയത്തിയും മുത്തശ്ശനും മുത്തശ്ശിയും ഏറെ സ്നേഹത്തോടെ കഴിയുന്ന കുടുംബമായിരുന്നു അത്. ജീവയുടെ അപ്രതീക്ഷിത മരണത്തിൽ നടുങ്ങിയിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. 

ഇന്നലെ രാവിലെ പഠിക്കാൻ മുറിയിൽ കയറിയ പതിനാറുകാരി ഉച്ചയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽവാസികൾ എത്തി ജനൽ ചില്ല് പൊളിച്ചപ്പോൾ കണ്ടത് മുകളിലെ നിലയിലെ കിടപ്പുറിയിലെ ഫാനിൽ തൂങ്ങി മരിച്ച  നിലയിൽ.

''വീട്ടുകാർക്കും നാട്ടുകാർക്കും നല്ല മതിപ്പുള്ള കുട്ടിയായിരുന്നു. എല്ലാം മനസ്സിലാക്കി പഠിക്കുന്ന, മികച്ച ഒരു വിദ്യാർത്ഥിനിയായിരുന്നു. എല്ലാവർക്കും വളരെ ഇഷ്ടമായിരുന്നു ജീവയെ'', ബന്ധുവായ അനിൽകുമാർ പറയുന്നു. 

'ഫോണിൽ നിന്ന് മോചനം കിട്ടുന്നില്ല'

ആറ് താളുകളിലായി വലിയൊരു കുറിപ്പെഴുതി വച്ചാണ് ഈ പതിനാറുകാരി ജീവനൊടുക്കിയത്. മൊബൈൽ ഫോണിന് അടിമയായിപ്പോയി. പഠനത്തിൽ ശ്രദ്ധ കിട്ടുന്നില്ല. ഉറ്റ കൂട്ടുകാരില്ല... ആറ് താളുകളിലായി മനസ്സിനെ ഉലച്ച, വേദനയിലാഴ്ത്തിയ വിഷമങ്ങളെക്കുറിച്ചെല്ലാം നീണ്ട കുറിപ്പെഴുതി വച്ച് യാത്ര പറഞ്ഞു ജീവ. ടെൻഷൻ വരുമ്പോൾ ബിടിഎസ് അടക്കമുള്ള കൊറിയൻ സംഗീതബാൻഡുകളിൽ അഭയം തേടുമായിരുന്നു ജീവ. വേറെ വഴിയില്ല. കൂട്ടുകാരില്ല. ഒറ്റപ്പെട്ടുപോയെന്ന ദുഃഖമാണ് ജീവ എഴുതിയ കുറിപ്പുകളിൽ നിറയെ... 

''പഠനത്തിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല. പാട്ടുകൾ കേൾക്കാൻ മാത്രമേ തോന്നുന്നുള്ളൂ. എനിക്കെന്തായാലും ഇങ്ങനെ സംഭവിച്ചു, തന്‍റെ അനിയത്തിക്ക് മൊബൈൽ കൊടുക്കരുത്. അവൾക്കിങ്ങനെ സംഭവിക്കരുതെന്നെല്ലാം അവളാ കത്തിൽ എഴുതിവച്ചിട്ടുണ്ട്'', എന്ന് ബന്ധുവായ ബിനുകുമാർ പറയുന്നു. 

ഫോണിൽ നിന്നും തനിക്ക് മോചനം ലഭിക്കുന്നില്ലെന്ന് ആത്മഹത്യ ചെയ്ത ജീവയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. അവൾ എഴുതുന്നതിങ്ങനെ:''അമ്മേ, പഠിക്കാൻ ഫോൺ വാങ്ങിയിട്ട് അമ്മയെ താൻ പറ്റിക്കുകയായിരുന്നു. പഠിക്കുന്നതിന് പകരം മ്യൂസിക് ബാൻഡുകൾ കേൾക്കുകയായിരുന്നു ഞാൻ. എനിക്ക് പശ്ചാത്താപമുണ്ട്. അമ്മ തന്‍റെ കയ്യിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങുമ്പോൾ ദേഷ്യം വരാറുണ്ട്'', സങ്കടത്തോടെ ജീവ എഴുതുന്നു. 

സാധാരണ കാണും പോലെ ഓൺലൈൻ സൗഹൃദങ്ങളോ ഓൺലൈൻ ഗെയിം അഡിക്ഷനോ പരിധിവിട്ട സാമൂഹിക മാധ്യമ ഉപയോഗമോ പെൺകുട്ടിക്കില്ലെന്ന് മൊബൈൽ ഫോൺ പ്രാഥമികമായി പരിശോധിച്ച പൊലീസ് പറയുന്നു. കൂടുതൽ വ്യക്തത വരുത്താൻ മൊബൈൽ ഫോൺ വിശദമായി പരിശോധിക്കും. മൊബൈൽ ഫോൺ അഡിക്ഷനോടൊപ്പം പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്നുണ്ടായ വിഷാദവുമാകാം മരണകാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ കല്ലമ്പലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

click me!