'ഉമയ്ക്ക് എതിരായ സൈബർ ആക്രമണം അറിയില്ല, അങ്ങനെ ഉണ്ടെങ്കിൽ ശരിയല്ല', ബൃന്ദ കാരാട്ട്

Published : Jun 05, 2022, 11:45 AM IST
'ഉമയ്ക്ക് എതിരായ സൈബർ ആക്രമണം അറിയില്ല, അങ്ങനെ ഉണ്ടെങ്കിൽ ശരിയല്ല', ബൃന്ദ കാരാട്ട്

Synopsis

ഏത് തരത്തിലുള്ള സൈബറാക്രമണത്തിനും താനെന്നല്ല, സിപിഎം തന്നെ എതിരാണെന്നും, അത് അംഗീകരിക്കാനാകുന്നതല്ലെന്നും ബൃന്ദ കാരാട്ട് കോഴിക്കോട്ട് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ...

കോഴിക്കോട്: തൃക്കാക്കരയിൽ നിന്ന് ജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിനെതിരെ നടക്കുന്ന സൈബറാക്രമണങ്ങളെക്കുറിച്ച് അറിയില്ലെന്ന് സിപിഎം പിബി അംഗം ബൃന്ദാ കാരാട്ട്. ഏത് തരത്തിലുള്ള സൈബറാക്രമണത്തിനും താനെന്നല്ല, സിപിഎം തന്നെ എതിരാണെന്നും, അത് അംഗീകരിക്കാനാകുന്നതല്ലെന്നും ബൃന്ദ കാരാട്ട് കോഴിക്കോട്ട് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ, മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

പി. ടി. തോമസിനായി ഭക്ഷണം മാറ്റി വയ്ക്കുന്നുവെന്ന് പറഞ്ഞതിന് തനിക്ക് ഹീനമായ സൈബറാക്രമണമാണ് നേരിടേണ്ടി വന്നതെന്ന് പറഞ്ഞ് ഉമ തോമസ് വിങ്ങിപ്പൊട്ടിയിരുന്നു. വിജയിച്ച ശേഷം പി.ടി.തോമസിന്‍റെ ചിതാഭസ്മം സൂക്ഷിച്ച മുറിയിലെത്തിയപ്പോൾ കരഞ്ഞതിന്‍റെ ചിത്രം പ്രമുഖ ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച് വന്നതിന്‍റെ പേരിലും ഉമാ തോമസിനെതിരെ രൂക്ഷമായ വിമർശനമാണ് പല ഇടത് അനുകൂല സൈബർ ഹാൻഡിലുകളിലും നിന്നുയർന്നത്. 

താൻ ഭക്ഷണം കഴിക്കുമ്പോൾ ഒരു പങ്ക് പി.ടി.ക്ക് മാറ്റി വയ്ക്കുന്നത് എന്‍റെ സ്വകാര്യതയാണ്. അതിലാരും ഇടപെടുന്നതോ അതിനെ പൊതുവിടങ്ങളിൽ ചർച്ച ചെയ്യുന്നതും എനിക്കിഷ്ടമല്ല. അത് ശരിയല്ല. ഇതെല്ലാമെടുത്ത് എനിക്കെതിരെ സൈബറാക്രമണം നടത്തുന്നത് പരാജഭീതി കൊണ്ടാണ് - ഉമ തോമസ് പറയുന്നു. 

''ഞാനൊരു സ്ഥാനാർത്ഥിയായപ്പോൾത്തന്നെ ഒരു സ്ത്രീയെന്ന തരത്തിലുള്ള ആക്രമണം ഞാൻ നേരിട്ട് കഴിഞ്ഞു. പണ്ടെല്ലാം സ്ത്രീകൾ ഭർത്താവ് മരിച്ചുകഴിഞ്ഞാൽ ചിതയിലേക്ക് ചാടും. ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് ചാടി എന്നൊക്കെയാണ് ചിലരൊക്കെ പറഞ്ഞത്'', ഉമ തോമസിന്‍റെ തൊണ്ടയിടറുന്നു. ''ചിതയിലേക്ക് ചാടുന്ന തരത്തിലുള്ള സ്ത്രീകളാണ് ഇവിടെ വേണ്ടത് എന്നാണോ അവര് ചിന്തിക്കുന്നത്? നേതൃപാടവമുള്ള സ്ത്രീകൾ ഇവിടെ വരരുത് എന്നാണ് ഇടതുപക്ഷ മുന്നണി ചിന്തിക്കുന്നത് എങ്കിൽ, അവർ തിരുത്തപ്പെടേണ്ടവരാണ്. തീർച്ചയായും തെരഞ്ഞെടുപ്പൊക്കെ കഴിയും. അത് കഴിഞ്ഞാൽ എല്ലാവരും ഒരുമിച്ച് പോകണ്ടവരാണ്. അവർക്കെതിരെ, ഞാൻ പോരാടും എന്നതിൽ ഒരു സംശയവുമില്ല'', ഉമ തോമസ് പറയുന്നു.

''പിടിക്ക് ഞാൻ ഭക്ഷണം മാറ്റി വയ്ക്കുന്നതിനെക്കുറിച്ചാണ് വേറൊരു പരിഹാസം. അതെന്‍റെ സ്വകാര്യതയാണ്. ഞാനത് പറഞ്ഞ് വോട്ട് പിടിച്ചിട്ടില്ല. ഇത്തരത്തിൽ ഭക്ഷണം കൊടുക്കുന്നു എന്നൊന്നും പറഞ്ഞല്ല ഞാൻ വോട്ട് ചോദിച്ചത്. അതെന്‍റെ സ്വന്തം, എന്‍റെ പിടിക്ക് വേണ്ടി ഞാൻ ചെയ്യുന്ന കാര്യമാണ്. അതിലൊരാളും ഇടപെടേണ്ട ആവശ്യമില്ല. അതെനിക്കിഷ്ടമല്ല. ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് അവരുടെ പരാജയഭീതിയാണെന്ന കാര്യത്തിൽ സംശയമില്ല. ഏത് രീതിയിലാക്രമിക്കണമെന്ന് അറിയാതെ ചെയ്യുന്നതാണിതൊക്കെ. രണ്ടാം കിട എന്നല്ല, തീർത്തും താഴേക്കിടയിലുള്ള അധഃപതിച്ച പ്രവർത്തനമാണ് അവർ നടത്തുന്നത്. ഇതിനെയും പ്രോത്സാഹിപ്പിക്കാൻ ചിലരുണ്ടെങ്കിൽ ലജ്ജിക്കണം എന്നല്ലാതെ എനിക്കൊന്നും പറയാനില്ല. സ്ത്രീകളങ്ങനെ അപമാനിക്കപ്പെടേണ്ടവരല്ല'', ഉമ തോമസ്. 

സൈബറാക്രമണങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്നും, ഇതിനോടിനി പ്രതികരിക്കാനില്ലെന്നും ഉമ തോമസ് വ്യക്തമാക്കിയിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മേയറില്ല! ഗവർണറടക്കം 22 പേരുടെ പട്ടികയിൽ വിവി രാജേഷിനെ ഉൾപ്പെടുത്തിയില്ല
മണ്ണാർക്കാട് ലീഗിൽ പ്രതിസന്ധി രൂക്ഷം; ഷംസുദ്ദീനെ 'തടയാൻ' പ്രമേയം പാസാക്കി ലീഗ് പ്രാദേശിക നേതൃത്വം