
തിരുവനന്തപുരം: പത്തനംതിട്ട ജസ്ന തിരോധാനക്കേസിൽ വഴിത്തിരിവാകുമായിരുന്ന തടവുകാരന്റെ മൊഴി തള്ളി സിബിഐ. പൂജപ്പുര ജയിലിലെ സഹതടവുകാരന് ജസ്നയുടെ തിരോധാനത്തിൽ ബന്ധമുണ്ടെന്നായിരുന്നു കൊല്ലം സ്വദേശിയായ പോക്സോ കേസിലെ പ്രതിയുടെ മൊഴി. എന്നാൽ മൊഴിയിൽ ആധികാരികതയില്ലെന്നാണ് തുടർന്നുള്ള അന്വേഷണത്തിലെ കണ്ടെത്തൽ. ഈ മൊഴിയിലും സാധ്യത മങ്ങിയതോടെ പുതിയ വഴികൾ തേടുകയാണ് സിബിഐ.
പത്തനംതിട്ടയിൽ നിന്നും ജസ്നയെന്ന വിദ്യാർത്ഥിനിയെ കാണാതായിട്ട് അഞ്ച് വർഷം കഴിയുന്നു. സിബിഐ പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് അനുസരിച്ച് നിരവധി വിവരങ്ങള്‍ സിബിഐക്ക് ലഭിക്കുന്നതിനിടെയാണ് പൂജപ്പുര ജയിലിൽ നിന്നും കൊല്ലം സ്വദേശിയായ പോസ്കോ തടവുകാരന്‍റെ വിളിയുമെത്തുന്നത്. മോഷണക്കേസിൽ പെട്ട് സെല്ലിലുണ്ടായിരുന്ന പത്തനംതിട്ടക്കാരന് ജസ്ന തിരോധാനത്തിൽ ബന്ധമുണ്ടെന്നായിരുന്നു മൊഴി. പത്തനംതിട്ട സ്വദേശിയായതിനാൽ ആദ്യം മൊഴി ഗൗരവമായി എടുത്ത സിബിഐ ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തു. മൊഴി കള്ളമെന്ന് തെളിഞ്ഞുവെന്ന് സിബിഐ വൃത്തങ്ങള്‍ പറയുന്നു.
Also Read: ജസ്ന തിരോധാനത്തിൽ വഴിത്തിരിവായേക്കാവുന്ന വെളിപ്പെടുത്തൽ; പോക്സോ തടവുകാരന്റെ നിർണായക മൊഴി സിബിഐക്ക്
സെല്ലിൽ ഒപ്പമുണ്ടായിരുന്ന മൂന്നാമൻ പറഞ്ഞ് കേട്ട അറിവെന്നായിരുന്നു പോക്സോ കേസ് പ്രതിയുടെ വാദം. തട്ടിപ്പ് കേസിൽ അകത്തായി ജാമ്യത്തിലിറങ്ങിയ ഈ മൂന്നാമനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇയാള്‍ കള്ളം പറഞ്ഞതാകാമെന്നാണ് സിബിഐയുടെ നിഗമനം. രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി വിവരങ്ങളാണ് ജസ്ന തിരോത്ഥാനത്തെ കുറിച്ച് ലഭിക്കുന്നതെന്നും ഒന്നും തള്ളിക്കളയാറില്ലെന്നുമാണ് സിബിഐ വിശദീകരണം.
2018 മാര്‍ച്ച 22നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജസ്നാ മരിയ ജയിംസിനെ എരുമേലിയിൽ നിന്നും കാണതാകുന്നത്. വീട്ടില്‍ നിന്നും മുണ്ടകയത്തെ ബന്ധുവീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു തിരോധാനം. കണ്ടെത്താന്‍ ക്രൈംബ്രാഞ്ചടക്കം കേരളാ പോലീസിന്‍റെ നിരവധി സംഘങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam