
തിരുവനന്തപുരം: കോട്ടയം എരുമേലിയില്‍ നിന്നും കാണാതായ ജെസ്നയുടെ അച്ഛന് കോടതിയുടെ നോട്ടീസ്. കേസന്വേഷണം അവസാനിപ്പിച്ച് സിബിഐ സമർപ്പിച്ച റിപ്പോർട്ടിൻ പരാതിയുണ്ടെങ്കിൽ അറിയിക്കാൻ തിരുവനന്തപുരം സിജെഎം കോടതിയുടെ നോട്ടീസ്. ജെസ്ന തിരോധാന കേസിലെ അന്വേഷണം താല്‍കാലികമായി അവസാനിപ്പിച്ച് കൊണ്ടുള്ള സിബിഐ റിപ്പോര്‍ട്ടിൽ പരാതിയുണ്ടെങ്കിൽ അറിയിക്കാൻ നിര്‍ദ്ദേശിച്ചുകൊണ്ടാണ് ജെസ്നയുടെ അച്ഛന് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. പരാതി ഉണ്ടെങ്കില്‍ ഈ മാസം 9 നുള്ളില്‍ അറിയിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.
പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്നും കാണാതായ ഡിഗ്രി വിദ്യാർത്ഥിനി ജെസ്നക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനായില്ലെന്നാണ് സിബിഐ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. ഭാവിയിൽ പുതിയ തെളിവുകള്‍ ലഭിക്കുകയാണെങ്കിൽ തുടരന്വേഷണം നടത്തുമെന്നും തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്.
2018 മാർച്ച് 22നാണ് ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന പറഞ്ഞിറങ്ങിയ ജെസ്നയെ കാണാതാകുന്നത്. ലോക്കൽ പൊലീസും പ്രത്യേക സംഘവും ക്രൈം ബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് ഹൈക്കോടതി നിർദ്ദേശ പ്രകാരം സിബിഐ ഏറ്റെടുത്തത്. 2021 ഫെബ്രുവരിൽ കേസേറ്റെടുത്ത സിബിഐക്കും ജെസ്ന എവിടെയെന്ന കണ്ടെന്നായില്ല. മതപരിവർത്തന കേന്ദ്രങ്ങളിലടക്കം സംസ്ഥാനത്തനകത്തും പുറത്തും അന്വേഷണം നടത്തി. അച്ഛനും സുഹൃത്തിനുമെതിരെയായിരുന്നു ചിലർ സംശയമുന്നയിച്ചത്. രണ്ട് പേരെയും രാജ്യത്തെ മികച്ച് ലാബുകളിൽ കൊണ്ടുപോയി ശാസ്ത്രീയ പരിശോധന നടത്തി. തിരോധാനത്തിൽ രണ്ടുപേർക്കും പങ്കില്ലെന്ന് തെളിഞ്ഞു.
കാണാതാകുന്നതിന് തലേ ദിവസം മരിക്കാൻ പോകുന്നവെന്ന ഒരു സന്ദേശമാണ് ജെസ്ന സുഹൃത്തിന് അയച്ചത്. പക്ഷേ, ജെസ്നക്ക് എന്ത് സംഭവിച്ചുവെന്ന് സ്ഥിരീകരിക്കാൻ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ജെസ്നയെ കാണില്ലെന്ന് റിപ്പോർട്ട് ചെയ്ത ആദ്യ 48 മണിക്കൂറിൽ ലോക്കൽ പൊലീസിന് വലിയ അലംഭാവം ഉണ്ടായെന്ന് റിപ്പോർട്ടിൽ സിബിഐ പറയുന്നു. ഗോള്‍ഡൻ അവറിൽ ശേഖരിക്കേണ്ടിയിരുന്ന തെളിവുകള്‍ ശേഖരിച്ചില്ല, കേസന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ജെസ്ന ജീവിച്ചിരിക്കുന്നതിന് തെളിവുണ്ടെന്ന് പ്രചരിപ്പിച്ചു. തീർത്തും അടിസ്ഥാന രഹിതമായിരുന്നു ഇതെന്നും സിബിഐ പറയുന്നു. ലുക്ക് ഔട്ട് നോട്ടീസും ഇന്‍റർപോള്‍ നോട്ടീസും സജീവമാണ്, ഭാവിയിൽ സൂചന ലഭിച്ചാൽ തുടരന്വേഷണം നടത്തുമെന്ന് സിബിഐ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam