
പത്തനംതിട്ട: ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലിന്റ അന്വേഷണം നടത്താൻ സിബിഐ ഉദ്യോഗസ്ഥർ നാളെ മുണ്ടക്കയത്ത് എത്തും. ഏഷ്യനെറ്റ് ന്യൂസ് വഴി നിർണായക വിവരങ്ങൾ പുറത്ത് വിട്ട മുണ്ടക്കയം സ്വദേശിനിയുടെ മൊഴി എടുക്കും. ലോഡ്ജിൽ കണ്ടത് ജെസ്ന തന്നെ ആണോ, കാണാതായതിന് ഇവിടവുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാകും പരിശോധിക്കുക.
തിരുവല്ലയിൽ നിന്നും കാണാതായ ജസ്ന മുണ്ടക്കയത്തെ ലോഡ്ജിൽ എത്തിയിരുന്നുവെന്ന വെളിപ്പെടുത്തലോടെ ജസ്ന തിരോധാന കേസ് വീണ്ടും ചർച്ചയാകുകയാണ്. ജസ്ന എത്തിയെന്ന് പറയപ്പെടുന്ന മുണ്ടക്കയത്തെ ലോഡ്ജിനെ കേന്ദ്രീകരിച്ചാണ് വെളിപ്പെടുത്തലുകൾ. ജസ്നയുടെ അവസാന സിസിടിവി ദൃശ്യം ലഭിക്കുന്നത് ഈ പ്രദേശത്ത് വെച്ചാണെന്നതിനാൽ നേരത്തെ പല തവണ ക്രൈംബ്രാഞ്ച് ഇവിടെ പരിശോധന നടത്തിയിരുന്നു. പത്തനംതിട്ട എസ്പി ഓഫീസിലേക്ക് വിളിച്ചു വരുത്തി തന്നെ ചോദ്യം ചെയ്തിരുന്നെന്നും ലോഡ്ജ് ഉടമ ബിജു സേവ്യർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മുണ്ടക്കയം ബസ് സ്റ്റാന്റിന്റെ നേരേ എതിർ വശത്തുള്ള കെട്ടിടത്തിലാണ് ജസ്ന എത്തിയെന്ന് പറയപ്പെടുന്ന ലോഡ്ജ് പ്രവർത്തിക്കുന്നത്. റോഡരികിലുള്ള കടമുറികൾ ഇടയിലൂടെ കുറച്ച് അകത്തേക്ക് എത്തണം. താഴത്തെ നിലയിൽ റിസപ്ഷനെന്ന് പറയാവുന്ന രീതിയിൽ സജീകരിച്ചിരിക്കുന്ന ഇടം. കോണിപ്പടികൾ കയറി ചെന്നാൽ മുകളിലെ നിലകളിലായി കുറെ മുറികൾ കാണാം. ഏഷ്യാനെറ്റ് ന്യൂസിലൂടെ ലോഡ്ജിലെ മുൻ ജീവനക്കാരി നടത്തിയ വെളിപ്പെടുത്തൽ പ്രകാരം ലോഡ്ജിന്റെ കോണിപ്പടികളിലാണ് ജസ്നയുടെ രൂപ സാദ്യശ്യമുളള പെൺകുട്ടിയെ ആൺസുഹൃത്തിനൊപ്പം അന്ന് കണ്ടത്.പടിക്കെട്ടുകെട്ടുകൾ കയറി രണ്ടാമത്തെ നിലയിൽ എത്തുമ്പോഴാണ് ജസ്നയും ആൺസുഹൃത്തും എടുത്തുവെന്ന് പറയുന്ന 102 നമ്പർ മുറി.
കേസിലെ ഏറ്റവും പുതിയ വെളിപ്പെടുത്തലിനെ ലോഡ്ജ് ഉടമ പൂർണമായും തളളുകയാണ്. പക്ഷെ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണവേളയിൽ ഉദ്യോഗസ്ഥർ ഇവിടെ എത്തിയതും തെളിവ് ശേഖരിച്ചതും ലോഡ്ജ് ഉടമ തള്ളുന്നില്ല. ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ട വാർത്തയ്ക്ക് പിന്നാലെ സിബിഐ അന്വേഷണ സംഘം ലോഡ്ജ് ഉടമയെ ഫോണിൽ ബന്ധപ്പെട്ടു. ഉടൻ വിശദമായ മൊഴിയും രേഖപ്പെടുത്തിയേക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam