കമ്മ്യൂണിസത്തിനെതിരായ സമസ്ത പ്രമേയം തള്ളി ജിഫ്രി മുത്തുക്കോയ തങ്ങൾ: 'പ്രമേയം തൻ്റെ അറിവോടെയല്ല'

By Web TeamFirst Published Jan 3, 2022, 8:25 PM IST
Highlights


ഇസ്ലാമിന്‍റെ അടിസ്ഥാന ആശയങ്ങളെ നിഷേധിക്കുകയും നിസാരവൽക്കരിക്കുകയും ചെയ്യുന്ന കമ്മ്യൂണിസം അടക്കമുള്ള ചിന്തകളേയും പ്രസ്ഥാനങ്ങളെയും മുസ്ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്നാണ് സമസ്ത പാസാക്കിയ പ്രമേയത്തിൽ പറയുന്നത്


മലപ്പുറം: കമ്മ്യൂണിസത്തെ തള്ളിക്കൊണ്ട് സമസ്ത പാസാക്കിയ പ്രമേയം തൻ്റെ അറിവോട് കൂടിയല്ലെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രിമുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. കമ്മ്യൂണിസവുമായി സഹകരിക്കുന്നതില്‍ മുസ്ലിം സമൂഹം ജാഗ്രത പുലര്‍ത്തണം എന്നുള്ള  പ്രമേയം അവതരിപ്പിച്ചത് തൻ്റെ അറിവോ സമ്മതമോ ഇല്ലാതെയെന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇപ്പോൾ വിശദീകരിക്കുന്നത്. 

ഇസ്ലാമിന്‍റെ അടിസ്ഥാന ആശയങ്ങളെ നിഷേധിക്കുകയും നിസാരവൽക്കരിക്കുകയും ചെയ്യുന്ന കമ്മ്യൂണിസം അടക്കമുള്ള ചിന്തകളേയും പ്രസ്ഥാനങ്ങളെയും മുസ്ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്നാണ് സമസ്ത പാസാക്കിയ പ്രമേയത്തിൽ പറയുന്നത്. സമസ്ത മലപ്പുറം ജില്ലാ സുവർണ ജൂബിലി സമ്മേളനത്തിലാണ് സമ്മേളനത്തിൻ്റെ കൺവീനർ സലിം എടക്കര കമ്മ്യൂണിസത്തിനെതിരെ  പ്രമേയം  അവതരിപ്പിച്ചത്.

ഭരിക്കുന്ന സർക്കാരുമായി സഹകരിച്ചു പോകുകയെന്നതാണ് നയമെന്ന് സമസ്ത സംസ്ഥാന പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍  വ്യക്തമാക്കിയ അതേ സമ്മേളനത്തിലാണ് കമ്മ്യൂമിസത്തിനെതിരെ പ്രമേയം പാസാക്കിയത് ചർച്ചയായിരുന്നു. ഈ സാഹചര്യത്തിൽ പ്രമേയം പാസാക്കിയത് തൻ്റെ അറിവോടെയല്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ തന്നെ വിശദീകരിച്ചത്. ഇതോടെ സമസ്തയും മുസ്ലീം ലീഗുമായി ബന്ധപ്പെട്ട ഉയരുന്ന വിവാദങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചയാവാനാണ് സാധ്യത. 

ഇതിനിടെ വഖഫ് വിഷയത്തില്‍ മുസ്ലീം ലീഗ് രണ്ടാം ഘട്ട സമരം   പ്രഖ്യാപിച്ചു.ഈ മാസം 27 ന് കലക്ട്രേറ്റുകളിലേക്ക് മാര്‍ച്ച് ,ഫെബ്രുവരിയില്‍ നിയമ സഭയിലേക്ക് മാര്‍ച്ച്,പിന്നാലെ പഞ്ചായത്ത് തലത്തില്‍ രാപ്പകള്‍ സമരം എന്നിങ്ങനെയുള്ള സമരമാണ് ലീഗ് പ്രഖ്യാപിച്ചത്,വഖഫ് വിഷയത്തില്‍ സമസ്തയുടെ പണ്ഡിതൻമാരെപോലും കബളിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും മുസ്ലീം ലീഗ് നേതൃത്വം കുറ്റപെടുത്തി.
 

click me!