മുസ്‌ലിം ലീഗിലെ വനിതാ സ്ഥാനാർഥിത്വം: ഉമർ ഫൈസി മുക്കത്തെ തിരുത്തി ജിഫ്രി മുത്തുക്കോയ തങ്ങൾ; 'സമസ്തയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്'

Published : Mar 29, 2026, 10:06 PM IST
Jifri Muthukoya Thangal

Synopsis

മുസ്ലിംലീഗിലെ സ്ത്രീകളുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് ഉമർ ഫൈസി മുക്കം നടത്തിയ പ്രസ്താവനയെ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ തിരുത്തി. ആരെ സ്ഥാനാർത്ഥിയാക്കണമെന്ന് തീരുമാനിക്കേണ്ടത് ലീഗ് ആണെന്നും, സമസ്തയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഉമർ ഫൈസിയുടെ നിലപാടിനെതിരെ നാസർ ഫൈസി കൂടത്തായിയും രംഗത്തെത്തിയിരുന്നു.

കോഴിക്കോട്: മുസ്ലിംലീഗിലെ സ്ത്രീകളുടെ സ്ഥാനാർഥിത്വം സംബന്ധിച്ചുള്ള അഭിപ്രായത്തിൽ ഉമർ ഫൈസി മുക്കത്തെ തിരുത്തി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ. അനവസരങ്ങളിൽ പ്രസ്താവനകളിറക്കി സമസ്തയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് ജിഫ്രി തങ്ങൾ നിർദ്ദേശിച്ചു. ഉത്തരവാദപ്പെട്ടവർ അത്തരം കാര്യങ്ങളിൽ നിന്നും പിന്തിരിയണം. ആരെ സ്ഥാനാർത്ഥിയാക്കണമെന്ന് മുസ്ലിം ലീഗ് നേതൃത്വമാണ് തീരുമാനിക്കേണ്ടത്. അതിന്‍റെ ഗുണവും ദോഷവും അവരാണ് ആലോചിക്കേണ്ടത് എന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി. ജനറൽ സീറ്റുകളിൽ സ്ത്രീകളെ മത്സരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നായിരുന്നു സമസ്ത കേന്ദ്ര മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിന്റെ പ്രതികരണം. ഇതിലാണ് ജിഫ്രി തങ്ങൾ ഇപ്പോൾ തിരുത്ത് വരുത്തിയത്. നേരത്തെ ഉമർ ഫൈസിയുടെ നിലപാട് പരസ്യമായി തള്ളി നാസർ ഫൈസി കൂടത്തായി പരസ്യമായി രംഗത്തെത്തിയിരുന്നു.

പാർട്ടിക്ക് അവമതിപ്പ് ഉണ്ടാകും

ജനറൽ സീറ്റുകളിൽ മുസ്ലിം വനിതകൾ മത്സരിക്കേണ്ടത് അനിവാര്യമായ സാഹചര്യമാണെന്നും ഇതിന് സമസ്തയുടെ അംഗീകാരമുണ്ടെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞത്. ജനറൽ സീറ്റിൽ വനിതകളെ മത്സരിപ്പിക്കരുതെന്ന ഉമർ ഫൈസിയുടെ നിലപാടിനെ തള്ളിയ അദ്ദേഹം, സ്ത്രീകളെ പൂർണ്ണമായും മാറ്റിനിർത്തുന്നത് പൊതുസമൂഹത്തിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗിനെ മാത്രം ലക്ഷ്യം വെച്ചുള്ള വിമർശനങ്ങൾ രാഷ്ട്രീയ തിമിരം ബാധിച്ചതാണെന്നും, ലീഗിനോട് ചേർന്നുനിന്നുള്ള ഗുണപരമായ വിമർശനങ്ങളെ മാത്രമേ അംഗീകരിക്കാനാവൂ എന്നുമാണ് നാസർ ഫൈസി ഫേസ്ബുക്കിൽ കുറിച്ചത്.

നാസർ ഫൈസിയുടെ കുറിപ്പ്

ജനറൽ സീറ്റും സ്ത്രീ സ്ഥാനാർത്ഥിത്വവും

സ്ത്രീസംവരണ സീറ്റുകളിൽ മുസ്ലിം സ്ത്രീകൾക്ക് മത്സരിക്കാമെന്ന് സമസ്ത തീരുമാനിക്കുന്നത് അനിവാര്യമായ സാഹചര്യത്തിലാണ്. ജനറൽ സീറ്റുകളിൽ മുസ്ലിം സ്ത്രീകൾ മത്സരിക്കേണ്ടി വരുന്നതും അതുപോലെ ഒരു അനിവാര്യ സാഹചര്യത്തിലാണ്. മതേതരത്വം ചോദ്യം ചെയ്യപ്പെടുക, പൊതു സമൂഹത്തിൽ പാർട്ടിയുടെ ഇമേജ്, അവരെ മാറ്റി നിർത്തിയാൽ സ്ത്രീകൾക്കിടയിലും പൊതു സമൂഹത്തിലും ചിലർ ഉണ്ടാക്കാവുന്ന വിരുദ്ധ ധ്രുവീകരണം. തുടങ്ങിയ പല അനിവാര്യ സാഹചര്യവും പരിഗണിച്ച് കൊണ്ട് മുസ്ലിം ലീഗും സ്ത്രീകളെ ജനറൽ സീറ്റുകളിൽ പരിഗണിക്കാമെന്ന് സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേരത്തെ പറഞ്ഞത് കാലിക നിലപാടാണ്. പിന്നെ രാഷ്ട്രീയ സമീപനത്തിൽ സമദൂരം തരാതരം പ്രസ്താവിക്കുകയും നിർദ്ദേശങ്ങളും ഉപദേശങ്ങളും വിമർശനങ്ങളും ലീഗിന് നേരെ മാത്രമാക്കുന്നതും രാഷ്ട്രീയ തിമിരമാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളം ഇനി 'ജെൻ സി' മോഡിൽ; 4.66 ലക്ഷം കന്നിവോട്ടർമാർ; യുവത്വം വിധി നിശ്ചയിക്കുന്ന നിയമസഭാ പോരാട്ടം
കവലകൾ തോറും കോളാമ്പിയുമായി 61കാരന്റെ വ്യത്യസ്തമായ ഇലക്ഷൻ പ്രചാരണം