
തിരുവനന്തപുരം: കൊവിഡ് വാക്സിൻ എടുക്കാൻ തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ വൻ തിക്കും തിരക്കും. ജനങ്ങളെ നിയന്ത്രിക്കുന്നതിൽ സർക്കാർ സംവിധാനങ്ങളെല്ലാം പരാജയപ്പെട്ടതോടെ പുലർച്ചെ മുതൽ വരിയിൽ നിന്ന പലരും തളർന്ന് വീണു. പൊലീസും ആരോഗ്യവകുപ്പ് പരസ്പരം പഴിചാരി കയ്യൊഴിയാനാണ് ശ്രമിച്ചത്.
പ്രായം ചെന്നവരും ആരോഗ്യപ്രശ്നങ്ങളുള്ളവരുമടക്കം നൂറ് കണക്കിന് പേരാണ് രാവിലെ മുതൽ പുലർച്ചെ മുതൽ ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ വാക്സീനെടുക്കാനായി ക്യൂ നിന്നത്. ആരോഗ്യസേതു, കൊവിൻ ആപ്പുകളിൽ രജിസ്റ്റർ ചെയ്തവരാണ് മണിക്കൂറുകളോളം വരിയിൽ നിൽക്കേണ്ടി വന്നത്. പക്ഷെ അനുവദിച്ച സമയത്തിനും വളരെ നേരത്തെ ആളുകളെത്തി. വാക്സിൻ തീർന്ന് പോകുമോ എന്നായിരുന്നു പ്രധാന ആശങ്ക.
സമയത്തിന്റെ സ്ലോട്ട് നോക്കി ആളുകളെ കടത്തിവിടാൻ പൊലീസിന് കഴിഞ്ഞില്ല. ആവശ്യത്തിന് പൊലീസിനെ നേരത്തെ തന്നെ വിളിക്കാൻ ആരോഗ്യവകുപ്പും ശ്രമിച്ചില്ല. ഫലം എല്ലാ കൊവിഡ് പ്രോട്ടോക്കോളും കാറ്റിൽപ്പറത്തി പാവപ്പെട്ട ആളുകളുടെ തിക്കും തിരക്കും. വാക്സിൻ വിതരണം തുടരുന്നതിനിടെ വരിയിൽ നിന്ന പലരും ഇടക്ക് കുഴഞ്ഞ് വീണു. കുടിവെള്ളം പോലും കിട്ടാതെ പ്രായം ചെന്നവർ കരഞ്ഞു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
രണ്ടായിരം പേർക്കാണ് ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ ഇന്ന് വാക്സിൻ കൊടുക്കാൻ ടോക്കൺ നൽകിയത്. പക്ഷെ അതിലേറെ ആളുകളെത്തിയതാണ് പ്രശ്നമെന്ന് ഡിഎംഒ പറയുന്നു. ഇനി മുതൽ രജിസ്റ്റർ ചെയ്ത സമയത്ത് മാത്രം ആളുകൾ എത്തിയാൽ മതിയെന്നാണ് ഡിഎംഒയുടെ നിർദ്ദേശം.
കാര്യങ്ങൾ കൈവിട്ട് പോയപ്പോൾ മാത്രമാണ് പൊലീസിന്റെ സഹായം ആരോഗ്യവകുപ്പ് തേടിയെന്ന് ഡിസിപി വൈഭവ് സക്സേനയും പറയുന്നു. തിക്കും തിരക്കും ഉണ്ടാക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് ഡിസിപി അറിയിച്ചു.
വിവാദമായതോടെ വിഷയത്തിൽ അടിയന്തരമായി ഇടപെടാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ആരോഗ്യമന്ത്രി കെ കെ ശൈലജ നിർദ്ദേശം നൽകി. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് വരുന്ന വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇന്നലെ ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ജനങ്ങളും സമയക്രമം പാലിച്ച് തന്നെ വാക്‌സീനേഷന്‍ കേന്ദ്രങ്ങളിലെത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കൊവിഡിനെ പിടിച്ചുകെട്ടാൻ കൈകോർക്കാം എന്നൊക്കെ പറയുമ്പോഴും ആസൂത്രണമില്ലായ്മ എങ്ങിനെ രോഗവ്യാപനം കൂട്ടാൻ കാരണമാക്കും, ജനങ്ങളെ പൊരിവെയിലത്ത് മണിക്കൂറുകൾ നിർത്തിക്കും എന്നതിൻറെ പ്രത്യക്ഷ ഉദാഹരണമാണ് ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ ഇന്ന് കണ്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam