
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റും എംപിയുമായ കെ സുധാകരനെതിരെ രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് രംഗത്ത്. ഭാര്യയെ കെ റെയിൽ വിവാദവുമായി ബന്ധപ്പെടുത്തി കെ സുധാകരൻ സംസാരിച്ചതിനെ തുടർന്നാണ് എംപി രംഗത്തെത്തിയത്. ഭാര്യക്ക് കെ റെയിലിൽ വലിയ ജോലി കിട്ടി എന്ന തരത്തിൽ സുധാകരൻ ആരോപിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടെന്നും ഒരു നുണ പലവട്ടം പറയുമ്പോൾ ചിലരെങ്കിലും വിശ്വസിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇത് പറയുന്നതെങ്കിൽ അദ്ദേഹത്തിന് അത് തുടരാമെന്നും ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തെ മണ്ടനാക്കാൻ ആരെങ്കിലും പറഞ്ഞു കൊടുക്കുന്നത് ഛർദിക്കുന്നതാണോയെന്നും ബ്രിട്ടാസ് ചോദിച്ചു.
വിവാഹത്തിന് മുന്നേ ഭാര്യ റെയിൽവേയിൽ ജോലിക്കു പ്രവേശിച്ചതാണ്. കെ റെയിലിലേക്ക് ഡെപ്യൂട്ടേഷനിൽ അയച്ചത് റെയിൽവേ ബോർഡാണ്. ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയാക്കി അവർ റെയിൽവേ ബോർഡിലേക്ക് മടങ്ങുകയും ചെയ്തു. കെ സുധാകരന് രാഷ്ട്രീയമായി എന്നോടെന്തെങ്കിലും കണക്ക് തീർക്കണമെന്ന് തോന്നുന്നുണ്ടെങ്കിൽ സ്വാഗതം ചെയ്യും. അല്ലാതെ കുടുംബത്തിലുള്ളവരെ, സ്വന്തം ജോലി ചെയ്ത് തന്റെ പാടു നോക്കി കഴിയുന്ന ഒരു സ്ത്രീയെ വ്യാജ കഥ ഉണ്ടാക്കി വിവാദത്തിലേയ്ക്കു വലിച്ചിഴക്കുന്നത് കെപിസിസി അധ്യക്ഷന് യോജിച്ചതാണോ എന്ന് അദ്ദേഹം ആലോചിക്കട്ടെയെന്നും ബ്രിട്ടാസ് വ്യക്തമാക്കി.
കുറിപ്പിന്റെ പൂർണരൂപം
മോൻസൻ മാവുങ്കലിന്റെ അടുത്ത് മുഖ കാന്തി ചികിത്സക്ക് പോയശേഷം ശ്രീ കെ സുധാകരന്റെ സ്ഥിര ബുദ്ധിക്കു തകരാറു സംഭവിച്ചോയെന്ന് ചില കോൺഗ്രസ് നേതാക്കൾ സംശയം പ്രകടിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതൊക്കെ വെറുതെ എന്ന് വിചാരിച്ചിരുന്ന എനിക്കും അങ്ങിനെ ഒരു ചിന്ത ഇപ്പോൾ ഇല്ലാതില്ല.
എന്റെ ഭാര്യക്ക് കെ റെയിലിൽ വലിയ ജോലി കിട്ടി എന്ന തരത്തിൽ കഴിഞ്ഞ ദിവസവും അദ്ദേഹം ആരോപിച്ചതായി വാർത്ത കണ്ടു. ഒരു നുണ പലവട്ടം പറയുമ്പോൾ ചിലരെങ്കിലും വിശ്വസിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇത് പറയുന്നതെങ്കിൽ അദ്ദേഹത്തിന് അത് തുടരാം. ഇനിയിപ്പോൾ അദ്ദേഹത്തെ മണ്ടനാക്കാൻ ആരെങ്കിലും പറഞ്ഞു കൊടുക്കുന്നത് ഛർദിക്കുന്നതാണെങ്കിൽ ഇതാണ് വസ്തുത ;
എന്നെ വിവാഹം കഴിക്കുന്നതിനു മുൻപ് തന്നെ അവർ റെയിൽവേയിൽ ജോലിക്കു പ്രവേശിച്ചതാണ്. റയിൽവേക്കു പങ്കാളിത്തമുള്ള കെ റെയിലിലേക്ക് ഡെപ്യൂട്ടേഷനിൽ അയച്ചത് റെയിൽവേ ബോർഡ്. ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയാക്കി അവർ റെയിൽവേ ബോർഡിലേക്ക് മടങ്ങിയിട്ടും കുറച്ചായി .... എന്റെ ജീവിതത്തിലേക്ക് അവർ കടന്നു വരുമെന്ന് കവടി നിരത്തി കണ്ടെത്തി, കേന്ദ്രത്തിൽ സ്വാധീനം ചെലുത്തി ഉദ്യോഗം സമ്പാദിച്ചു എന്ന് പറയാനും സ്കോപ് ഇല്ല ... സിപിഐഎം കേന്ദ്രത്തിൽ ഭരിക്കുകയോ റെയിവേയുടെ ചുമതല നിർവഹിക്കുകയോ ചെയ്തിട്ടില്ല !
കെ സുധാകരന് രാഷ്ട്രീയമായി എന്നോടെന്തെങ്കിലും കണക്ക് തീർക്കണമെന്ന് തോന്നുന്നുണ്ടെങ്കിൽ ഞാനത് സ്വാഗതം ചെയ്യും . അല്ലാതെ കുടുംബത്തിലുള്ളവരെ,സ്വന്തം ജോലി ചെയ്ത് തന്റെ പാടു നോക്കി കഴിയുന്ന ഒരു സ്ത്രീയെ വ്യാജ കഥ ഉണ്ടാക്കി വിവാദത്തിലേയ്ക്കു വലിച്ചിഴക്കുന്നത് കെപിസിസി അധ്യക്ഷന് യോജിച്ചതാണോ എന്ന് അദ്ദേഹം ആലോചിക്കട്ടെ ..
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam