
തിരുവനന്തപുരം: പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തതോടെ കേരളത്തിൽ അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു എന്ന വാദമുന്നയിച്ച കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ ജോണ്‍ ബ്രിട്ടാസ് എംപി. ഒരു ട്രക്ക് ലോഡ് വെറുപ്പ് കേരളസമൂഹത്തിൽ കുടഞ്ഞിട്ടതിനാണ് പി സി ജോർജ് അറസ്റ്റിലായതെന്ന് അദ്ദേഹം പറഞ്ഞു. ദളിത് നേതാവും ഗുജറാത്തിലെ എംഎല്‍എ പ്രധാനമന്ത്രിയെ വിമർശിച്ച് ഒരു ട്വീറ്റ് ഇട്ടതിന് അസമില്‍ ബിജെപി കേസ് ഫയൽ ചെയ്തതും അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനെ കുറിച്ചും ജോണ്‍ ബ്രിട്ടാസ് ഓര്‍മ്മിപ്പിച്ചു.
ഒന്ന് ശ്വാസം വിട്ടാൽ രാജ്യദ്രോഹക്കുറ്റത്തിന് അകത്താക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തി എന്ന് പറയുന്നത് മറ്റാരുമല്ല, നമ്മുടെ കോടതികൾ തന്നെയാണ്. അപ്പോഴാണ് ഉത്തരേന്ത്യയിലെ വെറുപ്പും വിദ്വേഷവും ഒരു ട്രക്കിൽ കയറ്റി കേരളത്തിൽ നിക്ഷേപിക്കാൻ ശ്രമിച്ച പി സി ജോർജിന് വേണ്ടി വക്കാലത്തുമായി ആളുകൾ രംഗത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ജോണ്‍ ബ്രിട്ടാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഒരു ട്രക്ക് ലോഡ് വെറുപ്പ് കേരളസമൂഹത്തിൽ കുടഞ്ഞിട്ടതിനാണ് പിസി ജോർജ് അറസ്റ്റിലായത്. ഉടൻ വന്നു കേന്ദ്ര സഹ മന്ത്രിയുടെ പ്രസ്താവന - കേരളത്തിൽ അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു !!
ദളിത് നേതാവും ഗുജറാത്തിലെ
MLAയുമായ ജിഗ്നേഷ് മേവാനി പ്രധാനമന്ത്രിയെ വിമർശിച്ച് ഒരു ട്വീറ്റ് ഇടുന്നു. അങ്ങ് ദൂരെ ആസാമിൽ ബിജെപി കേസ് ഫയൽ ചെയ്യുന്നു. കിഴക്ക് നിന്ന് പശ്ചിമ ഭാഗത്തേക്കെത്തി ആസാം പോലീസ് മേവാനിയെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി ജയിലിലടച്ചു. ബാരപ്പെട്ട കോടതി അതിസൂക്ഷ്മമായി അരിച്ചുപെറുക്കിയിട്ടും കേസിൽ ഒരു കഴമ്പും കാണാൻ കഴിയാത്തതുകൊണ്ട് ജാമ്യം നൽകി വിട്ടയച്ചു. ബിജെപി ഉണ്ടോ വിടുന്നു... മറ്റൊരു കേസ് ചുമത്തി വീണ്ടും മേവാനിയെ ജയിലിൽ തള്ളി. കോടതി ഞെട്ടലോടെയാണ് ഈ കേസിലെ വാദം കേട്ടത്. ഇത്തരം കള്ളക്കേസുകൾ ചുമത്തിയാൽ നമ്മുടെ രാജ്യത്ത് ജനാധിപത്യം അവസാനിക്കുമെന്നും പോലീസ് സ്റ്റേറ്റ് ആകുമെന്നും കോടതി പരസ്യമായി പറഞ്ഞു.
എന്തൊരു അഭിപ്രായസ്വാതന്ത്ര്യം!
ഒന്ന് ശ്വാസം വിട്ടാൽ രാജ്യദ്രോഹക്കുറ്റത്തിന് അകത്താക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തി എന്ന് പറയുന്നത് മറ്റാരുമല്ല നമ്മുടെ കോടതികൾ തന്നെയാണ്. അപ്പോഴാണ് ഉത്തരേന്ത്യയിലെ വെറുപ്പും വിദ്വേഷവും ഒരു ട്രക്കിൽ കയറ്റി കേരളത്തിൽ
നിക്ഷേപിക്കാൻ ശ്രമിച്ച പി സി ജോർജിന് വേണ്ടി വക്കാലത്തുമായി ആളുകൾ രംഗത്തുവന്നിരിക്കുന്നത്. ഇതെല്ലാം മുൻകൂട്ടി കണ്ടു കൊണ്ട് തന്നെയാണ്
11 ദിവസങ്ങൾക്കു മുൻപ് തലശ്ശേരിയിൽ ക്രൈസ്തവ മേലധ്യക്ഷന്മാരെ
സാക്ഷി നിർത്തിക്കൊണ്ട് "ആട്ടിൻതോലിട്ട ചെന്നായ്ക്കളെ" സൂക്ഷിക്കണം എന്ന് ഞാൻ ഓർമിപ്പിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam