ബ്രിട്ടാസിൻ്റെ ആവശ്യം ഉമ്മൻ ചാണ്ടിയെ അറിയിച്ചു: 11 വര്‍ഷം മനസിൽ സൂക്ഷിച്ച കാര്യമെന്ന് ജോൺ മുണ്ടക്കയം

Published : May 17, 2024, 12:46 PM ISTUpdated : May 17, 2024, 01:09 PM IST
ബ്രിട്ടാസിൻ്റെ ആവശ്യം ഉമ്മൻ ചാണ്ടിയെ അറിയിച്ചു: 11 വര്‍ഷം മനസിൽ സൂക്ഷിച്ച കാര്യമെന്ന് ജോൺ മുണ്ടക്കയം

Synopsis

'സോളാര്‍ കേസിനെയും ടിപി കേസിനെയും ബന്ധിപ്പിച്ച് പിന്നീട് ആരോപണങ്ങൾ കേട്ടിരുന്നു. എന്നാൽ ആ രീതിയിൽ ഒത്തുതീര്‍പ്പുണ്ടായതായി തനിക്ക് അറിയില്ല'

തിരുവനന്തുരം: സോളാര്‍ സമരം ഒത്തുതീര്‍ക്കാൻ താത്പര്യമുണ്ടെന്ന വിവരം ഉമ്മൻ ചാണ്ടിയെ അറിയിക്കാൻ ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് തന്നെ വിളിച്ചത് സത്യമായ കാര്യമെന്ന് ആവര്‍ത്തിച്ച് മാധ്യമപ്രവര്‍ത്തകൻ ജോൺ ബ്രിട്ടാസ്. 11 വ‍ര്‍ഷം താൻ മനസിൽ സൂക്ഷിച്ച കാര്യമാണ് അത്. ബ്രിട്ടാസ് ആവശ്യപ്പെട്ട പ്രകാരം താൻ ഉമ്മൻ ചാണ്ടിയെയും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ട പ്രകാരം താൻ പികെ കുഞ്ഞാലിക്കുട്ടിയെയും വിളിച്ചെന്നും ജോൺ മുണ്ടക്കയം പറഞ്ഞു. മലയാള മനോരമ ദിനപ്പത്രത്തിന്റെ തിരുവനന്തപുരം മുൻ ബ്യൂറോ ചീഫായ ജോൺ മുണ്ടക്കയം എഴുതിയ പുസ്തകത്തിലെ ഒരു ഭാഗം സമകാലിക മലയാളത്തിൽ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് സോളാര്‍ കേസ് വീണ്ടും ചര്‍ച്ചയായത്.

ഉമ്മൻ ചാണ്ടിക്കെതിരെ യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണമാണ് ഉന്നയിച്ചതെന്ന് ജോൺ മുണ്ടക്കയം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അദ്ദേഹത്തിനെതിരായ ഗൂഢാലോചന നടത്തിയവരെല്ലാം യാതൊരു പ്രശ്നവുമില്ലാതെ കഴിയുകയാണ്. ആ സത്യം പുറത്തറിയിക്കാൻ അദ്ദേഹത്തിന്റെ മരണശേഷം സോളാര്‍ കേസിനെ കുറിച്ച് പഠിച്ചു. അതുമായി ബന്ധപ്പെട്ട് താനൊരു പുസ്തകം എഴുതി. അതിന്റെ ചില ഭാഗങ്ങൾ മലയാളം വാരികയിൽ പ്രസിദ്ധീകരിച്ചുവരുന്നുണ്ട്. അതിലൊന്നാണ് ഇന്ന് പുറത്തുവന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതിയാണ് പുസ്തകത്തിൽ എഴുതാൻ ശ്രമിച്ചത്. രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാവും അത് വിവാദമാകുന്നത്. സമരം ശക്തമായി നിന്ന സമയത്താണ് സുഹൃത്തായ ജോൺ ബ്രിട്ടാസ് തന്നെ വിളിച്ചത്. ഒറ്റ കോളാണ് വന്നത്. ബ്രിട്ടാസ് കള്ളം പറയുന്നയാളല്ല, അത് തനിക്കറിയാം. മോളീന്നുള്ള തീരുമാനമാണോയെന്ന് താൻ ബ്രിട്ടാസിനോട് ചോദിച്ചു. അതേയെന്നായിരുന്നു ബ്രിട്ടാസിന്റെ മറുപടി. ബ്രിട്ടാസ് പറഞ്ഞത് താൻ ഉമ്മൻ ചാണ്ടിയോട് പറഞ്ഞു. അദ്ദേഹവും അത് മോളീന്നുള്ള തീരുമാനമാണോയെന്ന് ചോദിച്ചു. അതേയെന്ന് മറുപടി നൽകി. പിന്നീട് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ട പ്രകാരമാണ് പികെ കുഞ്ഞാലിക്കുട്ടിയെ വിളിച്ചതെന്നും ജോൺ മുണ്ടക്കയം പറഞ്ഞു.

തുടര്‍ ചര്‍ച്ചയിൽ വേറെ ആരൊക്കെ ഇടപെട്ടുവെന്ന് അറിയില്ല. താൻ പിന്നെ അതിന്റെ ഭാഗമായിട്ടില്ല.  ജോൺ ബ്രിട്ടാസും താനും ഇടനില നിന്നത് സത്യമായ കാര്യമാണ്. വലിയൊരു സമരം തീരുന്നെങ്കിൽ തീരട്ടെയെന്ന് കരുതിയാണ് താൻ ഇടപെട്ടത്. ബ്രിട്ടാസിന് ഇത് എങ്ങനെ നിഷേധിക്കാൻ കഴിയും? ആ യോഗത്തിൽ പങ്കെടുത്ത മറ്റുള്ളവരും ഉണ്ടല്ലോ. സിപിഎം നിഷേധിച്ചോട്ടെ. സത്യം ആര് നിഷേധിച്ചാലും ജനത്തിന് ബോധ്യമാകും. സമരം വളരെ പെട്ടെന്നല്ലേ അവസാനിപ്പിച്ചത്. ജോൺ ബ്രിട്ടാസും താനുമായി നടത്തിയ സംഭാഷണത്തിൻ്റെ ഭാഗമാണ് താൻ പുറത്തുവിട്ടത്. ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചന പുറത്തുവരാത്തതിൽ തനിക്ക് അതിയായ വിഷമമുണ്ടെന്നും ജോൺ മുണ്ടക്കയം പറഞ്ഞു.

നേതാക്കൾ തമ്മിൽ സംസാരിച്ച് തന്നെയാണ് സമരം തീര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു. ജീവിച്ചിരിക്കുന്ന ഒരു സിപിഎം നേതാവ് അതിന്റെ ഭാഗമായിരുന്നു. അല്ലാതെ എങ്ങനെയാണ് സമരം തീരുന്നത്. എല്ലാം വളരെ വേഗത്തിലാണ് നടന്നത്. ഒരു രണ്ട് മണിക്കൂറിൽ എല്ലാം തീര്‍ന്നു. സമരം കൈവിട്ട് പോകുന്ന സ്ഥിതിയുണ്ടായിരുന്നു. രാജി വെക്കാൻ ഉമ്മൻ ചാണ്ടി ഒരുക്കമായിരുന്നില്ല. രാഷ്ട്രീയ കാര്യങ്ങളിൽ താൻ ഇടപെടാറില്ല. സമരം തീര്‍ക്കണമെങ്കിൽ എന്താണ് വഴി? സമരം അവസാനിപ്പിച്ചപ്പോൾ അണികളുടെ വിശ്വാസ്യത സിപിഎമ്മിന് ലഭിച്ചില്ല. ഉമ്മൻചാണ്ടിയോട് പിന്നീട് സംസാരിച്ചിട്ടില്ല. സോളാര്‍ കേസിനെയും ടിപി കേസിനെയും ബന്ധിപ്പിച്ച് പിന്നീട് ആരോപണങ്ങൾ കേട്ടിരുന്നു. എന്നാൽ ആ രീതിയിൽ ഒത്തുതീര്‍പ്പുണ്ടായതായി തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തന്ത്രി എന്തോ വലിയ തെറ്റ് ചെയ്‌തെന്ന് വരുത്താൻ ശ്രമിക്കുന്നു, എസ്ഐടിയെ സംശയമുണ്ട്, ഇത് മനപ്പൂർവം ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമം: കെ മുരളീധരൻ
സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖറിൽ നിന്ന് ഇന്ന് അം​ഗത്വം സ്വീകരിക്കും