കൊവിഡ് പ്രതിരോധം പൊലീസിന്; പ്രതിഷേധവുമായി ജോയിന്‍റ് കൗണ്‍സില്‍

By Web TeamFirst Published Aug 4, 2020, 5:44 PM IST
Highlights

ആരോഗ്യവകുപ്പ് ജീവനക്കാരെ സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കണമെന്നും ജോയിന്‍റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു

തിരുവനന്തപുരം: കൊവിഡ് പ്രതിരോധം പൊലീസിനെ ഏല്‍പ്പിച്ച നടപടിയില്‍ പ്രതിഷേധവുമായി ജോയിന്‍റ് കൗണ്‍സില്‍. സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്നാണ് ആവശ്യം. ആരോഗ്യവകുപ്പ് ജീവനക്കാരെ സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കണമെന്നും ജോയിന്‍റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഇന്ന് മുതൽ പൊലീസിനാണ് കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ പ്രധാന ചുമതലകള്‍ നല്‍കിയിരിക്കുന്നത്. 

കണ്ടെയിന്‍മെന്‍റ് സോണിലെ നിയന്ത്രണങ്ങളും സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കലും അടക്കം ചുമതലകള്‍ ഇന്ന് മുതൽ പൊലീസ് വഹിക്കും. കൊവിഡ് ബാധിച്ചവരുടെ സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ മൂന്നു പൊലീസുകാര്‍ അടങ്ങുന്ന പ്രത്യേക സംഘത്തിനായിരിക്കും ചുമതല. കണ്ടെയിന്‍മെന്‍റ് സോണിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും ഡിജിപി അറിയിച്ചു.

പുതിയ തീരുമാനത്തില്‍ വ്യാപക എതിർപ്പാണ് ആരോഗ്യപ്രവർത്തകർക്കിടയിൽ ഉള്ളത്. ഡോക്ടർമാരുടെ സംഘടനകളായ കെജിഎംഒഎയും ഐഎംഎയും കടുത്ത അതൃപ്തിയാണ് അറിയിക്കുന്നത്. തീരുമാനം ആരോഗ്യമേഖലയിലുള്ളവരുടെ മനോവീര്യം തകർക്കുമെന്നാണ് ഐഎംഎയുടെ വിമർശനം.

click me!