ശബരിമലയിൽ സുരക്ഷ ശക്തമാക്കി സന്നിധാനത്ത് സംയുക്ത സേനയുടെ റൂട്ട് മാർച്ച്, ഇന്നും നാളെയും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ

Published : Dec 05, 2025, 02:55 PM IST
Sabarimala Route march

Synopsis

ഇതിന്റെ ഭാഗമായി വിവിധ സേനാവിഭാഗങ്ങൾ സംയുക്ത റൂട്ട് മാർച്ച് നടത്തുകയും, രാത്രി 11 മണിക്ക് ശേഷം പതിനെട്ടാം പടി കയറുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. ഭക്തർക്കും ജീവനക്കാർക്കും കർശന പരിശോധനകൾ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

സന്നിധാനം: ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി കേരള പൊലീസ്, സിആർപിഎഫ് - ആർഎഎഫ്, എൻഡിആർഎഫ്, ആന്റി സബോട്ടേജ് ചെക്ക് ടീം, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് (BDDS), സ്പെഷ്യൽ ബ്രാഞ്ച് എന്നിവർ ചേർന്ന് സന്നിധാനത്ത് സംയുക്ത റൂട്ട് മാർച്ച് നടത്തി. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഡിസംബർ 5 നും 6 നും, രണ്ട് ദിവസം, അധിക സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സന്നിധാനം പോലീസ് സ്പെഷ്യൽ ഓഫീസർ ആർ. ശ്രീകുമാർ അറിയിച്ചു. ഡിസംബർ 5 നും 6 നും രാത്രി 11 മണിക്ക് നട അടച്ചു കഴിഞ്ഞാൽ ഭക്തരെ പതിനെട്ടാം പടി കയറാൻ അനുവദിക്കില്ല. നട അടച്ച ശേഷം തിരുമുറ്റവും പരിസരവും കേരളാ പോലീസിൻ്റെ ആന്റി സബോട്ടേജ് ടീം പരിശോധനയ്ക്ക് വിധേയമാക്കും. നടയടച്ച ശേഷം വരുന്ന ഭക്തർക്ക് നടപ്പന്തലിലെ ക്യൂവിൽ കാത്തുനിൽക്കാം, പിറ്റേന്ന് രാവിലെ മാത്രമേ പടി കയറാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

ബോംബ് ഡിറ്റക്ഷൻ സ്ക്വാഡിലേക്ക് 8 പേരെ അധികമായി നിയോഗിക്കുകയും ആന്റി സബോട്ടേജ് ടീമിനെ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജീവനക്കാരുടെ ബാരക്കുകൾ ഉൾപ്പെടെ, താമസ സ്ഥലങ്ങൾ, സ്ഥിരം എൻട്രി പോയിന്റുകൾ എന്നിവ കർശനമായി പരിശോധിക്കുമെന്നും സ്പെഷ്യൽ ഓഫീസർ പറഞ്ഞു. തിരിച്ചറിയൽ കാർഡോ രേഖകളോ ഇല്ലാത്ത ആരെയും സ്റ്റാഫ് ഗേറ്റ് ഉൾപ്പെടെയുള്ള മറ്റ് കവാടങ്ങളിലൂടെ കടത്തിവിടുന്നതല്ല. ഈ ഭാഗങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നടപ്പന്തലിലും ദർശനം തുടങ്ങുന്നിടത്തും സ്കാനറുകൾ, ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടറുകൾ (DFMD), ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടറുകൾ എന്നിവ ഉപയോഗിച്ചുള്ള പരിശോധനയുണ്ടാകുമെന്നും സ്പെഷ്യൽ ഓഫീസർ അറിയിച്ചു.

പതിനെട്ടാം പടി വഴിയുള്ള തീർത്ഥാടനം സാധാരണ പോലെ നടക്കും. എന്നാൽ സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ മാത്രം പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇരുമുടിക്കെട്ടുമായി വരുന്ന ഭക്തരെ പൂർണ്ണമായി പരിശോധിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാൽ സംശയം തോന്നുന്നവരെയാകും പ്രധാനമായും പരിശോധിക്കുക. സന്നിധാനത്തേക്കുള്ള ട്രാക്ടറുകളുടെ നീക്കം രണ്ട് ദിവസത്തേക്ക് നിയന്ത്രിച്ചിട്ടുണ്ട്. ട്രാക്ടറുകളിൽ കൊണ്ടുവരുന്ന സാധനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. സുരക്ഷിതമായ ദർശനം ഉറപ്പാക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള ഈ ക്രമീകരണങ്ങളോട് അയ്യപ്പഭക്തരും, ഉദ്യോഗസ്ഥരും, തൊഴിലാളികളും പൂർണ്ണമായി സഹകരിക്കണമെന്ന് സന്നിധാനം പോലീസ് സ്പെഷ്യൽ ഓഫീസർ അഭ്യർത്ഥിച്ചു. വെർച്വൽ ക്യൂ ബുക്കിംഗ് എടുത്ത് കൃത്യമായ നിർദ്ദേശങ്ങൾ പാലിച്ചു വേണം ഭക്തർ ദർശനത്തിന് എത്തേണ്ടതെന്നും അദ്ദേഹം അറിയിച്ചു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'സി എം വിത്ത് മീ' പരിപാടിയിലേക്ക് വിളിച്ച് സ്ത്രീകളോട് അശ്ലീലം പറഞ്ഞു; യുവാവ് അറസ്റ്റിൽ
മലപ്പുറം മച്ചിങ്ങലിൽ വൻ തീപിടിത്തം; കാർ സ്പെയർ പാർട്‌സ് ഗോഡൗൺ കത്തിനശിച്ചു; തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു