കേരളത്തിൽ പണിമുടക്ക് പൂർണം; ചിലയിടങ്ങളിൽ വാഹനം തടഞ്ഞു

By Web TeamFirst Published Jan 8, 2020, 11:01 AM IST
Highlights

തൃശ്ശൂർ കൊരട്ടി ഇൻഫോപാർക്കിയിൽ ജോലിക്കെത്തിയവരെ സമരാനുകൂലികൾ തടഞ്ഞു. തിരുവല്ലയിൽ സമരാനുകൂലികൾ ബാങ്കുകൾ അടപ്പിച്ചു. 

തിരുവനന്തപുരം: മിനിമം വേതനം വര്‍ദ്ധിപ്പിക്കണമെന്നതടക്കമുളള ആവശ്യങ്ങളുമായി സംയുക്ത തൊഴിലാളി യൂണിയന്‍ സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്ക് തുടരുകയാണ്. ബിഎംഎസ് ഒഴികെയുളള എല്ലാ ട്രേഡ് യൂണിയനുകളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. പണിമുടക്ക് കേരളത്തിൽ ഏകദേശം പൂർണമാണ്. ചിലയിടങ്ങളിൽ വാഹനം തടഞ്ഞു.

44 തൊഴിൽ നിയമങ്ങൾ റദ്ദ് ചെയ്ത് നാല് പുതിയ തൊഴിൽ കോഡുകൾ കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തില്‍ പ്രതിഷേധിച്ചും മിനിമം വേതനം 21000രൂപയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടുമാണ് തൊഴിലാളി പ്രതിഷേധം. തിരുവനന്തപുരം തമ്പാനൂരിലും ടെക്നോപാർക്കിലും കണ്ണൂർ ഇരിട്ടിയിലും പണിമുടക്ക് അനുകൂലികൾ വാഹനം തടഞ്ഞു. ടെക്നോപാർക്കിൽ ജീവനക്കാർക്കായി കോൺവോയി വാഹനങ്ങൾ എത്തിയിരുന്നു. എന്നാൽ, പലയിടത്തും വാഹനങ്ങൾ തടഞ്ഞു.

തൃശ്ശൂർ കൊരട്ടി ഇൻഫോപാർക്കിയിൽ ജോലിക്കെത്തിയവരെ സമരാനുകൂലികൾ തടഞ്ഞു. 200 ഓളം ജീവനക്കാർ പുറത്ത് നിൽക്കുകയാണ്.
തിരുവല്ലയിൽ സമരാനുകൂലികൾ ബാങ്കുകൾ അടപ്പിച്ചു. ഫെഡറൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ,വിജയ ബാങ്ക് ശാഖകളാണ് സിഐടിയു പ്രവർത്തകർ അടപ്പിച്ചത്. കണ്ണൂർ ഇരിട്ടിയിലും സമരാനുകൂലികൾ വാഹനം തടയുന്നു. 

ദേശീയ പണിമുടക്കിൽ കർണാടകത്തിലെ കുടകിൽ ബസുകൾക്ക് നേരെ കല്ലേറ്. കലബുർഗിയിൽ സമരക്കാർ ബസുകൾ തടഞ്ഞു. അതേസമയം ബംഗളുരുവിൽ ജനജീവിതം സാധാരണ നിലയിലാണ്. അതേസമയം, മുംബൈ നഗരത്തെ തൊഴിലാളി പണിമുടക്ക് ഒട്ടും ബാധിച്ചില്ല. ഓഫീസുകളും സ്കൂളുകളുമെല്ലാം സാധാരണ പോലെ പ്രവർത്തിക്കുന്നുണ്ട്. മുംബൈ കോർപ്പറേഷൻ ബസുകൾ സർവീസ് നടത്തുന്നുണ്ട്. മഹാരാഷ്ട്രയിൽ സി പി എം ശക്തികേന്ദ്രമായ പാൽഖറിൽ ചിലയിടങ്ങളിൽ കടകൾ അടഞ്ഞ് കിടക്കുകയാണ്.

click me!