Joju George| ജോജു ജോർജിന്‍റെ വാഹനം തകർത്ത സംഭവം; ടോണി ചമ്മണി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ കീഴടങ്ങും

By Web TeamFirst Published Nov 8, 2021, 12:38 PM IST
Highlights

സംഭവം വിവാദമാവുകയും കോൺഗ്രസിന്‍റെ സമര രീതി തന്നെ പരക്കെ ചോദ്യം ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ വിവാദങ്ങൾ തുടരുന്നത് ശരിയല്ലെന്നാണ് മുതിർന്ന നേതാക്കളുടെ നിലപാട്. ഈ സാഹചര്യത്തിലാണ് ടോണി ചമ്മിണി അടക്കമുളളവരോട് കീഴടങ്ങാൻ ഡിസിസി ആവശ്യപ്പെട്ടത്

കൊച്ചി: ജോജു ജോർജ് കേസിൽ പ്രതികളായ ആറ് കോൺഗ്രസ് നേതാക്കൾ ഇന്ന് വൈകുന്നേരം കീഴടങ്ങും. മുൻ മേയർ ടോണി ചമ്മിണി അടക്കമുളളവരോട് കീഴടങ്ങാൻ എറണാകുളം ഡിസിസി ആവശ്യപ്പെട്ടു. എന്നാൽ ജോജുവാണ് കൊച്ചിയിൽ പ്രശ്നമുണ്ടാക്കിയതെന്നാരോപിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ രംഗത്തെത്തി. ജോജുവിനെ പിന്തുണച്ച് ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും പ്രതിപക്ഷ നേതാവിന് കത്തയച്ചു.  

കഴിഞ്ഞ ഒന്നിന് കൊച്ചിയിൽ ഇടപ്പളളി –വൈറ്റില ദേശീയ പാത ഉപരോധത്തിനിടെ നടൻ ജോജു ജോർജിന്‍റെ വാഹനം തകർത്ത കേസിലാണ് മുൻ മേയർ അടക്കമുളളവരെ പ്രതി ചേർത്തിരുന്നത്. രണ്ടുപേരെ നേരത്തെ അറസ്റ്റു ചെയ്തു. ശേഷിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടക്കമുളളവരാണ് മരട് പൊലീസിൽ കീഴടങ്ങുന്നത്. 

സംഭവം വിവാദമാവുകയും കോൺഗ്രസിന്‍റെ സമര രീതി തന്നെ പരക്കെ ചോദ്യം ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ വിവാദങ്ങൾ തുടരുന്നത് ശരിയല്ലെന്നാണ് മുതിർന്ന നേതാക്കളുടെ നിലപാട്. ഈ സാഹചര്യത്തിലാണ് ടോണി ചമ്മിണി അടക്കമുളളവരോട് കീഴടങ്ങാൻ ഡിസിസി ആവശ്യപ്പെട്ടത്. മരട് കൊട്ടാരം ജംഗ്ഷനിൽ നിന്ന് ജാഥയായിട്ടാകും പ്രതികളാക്കപ്പെട്ട കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് നീങ്ങുക. ജാമ്യമില്ലാക്കുറ്റം ചുമത്തിയിരിക്കുന്നതിനാൽ റിമാൻഡിൽ പോകേണ്ടിവരും. കാക്കനാട് ജില്ലാ ജയിൽ പരിസരത്തും ഒത്തുകൂടാൻ കോൺഗ്രസ് പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ പൊതുസമൂഹത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ ജോജുവിനെതിരെ പരസ്യനിലപാട് എടുക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ തീരുമാനം

കോൺഗ്രസും ജോജുവുമായുളള ഒത്തുതീർപ്പ് നീക്കങ്ങൾ ചിലർ അട്ടിമറിച്ചെന്ന് ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ വി ഡി സതീശന് കത്തയച്ചത്. സഹപ്രവ‍ർത്തകനെന്ന നിലയിൽ ജോജുവിന്‍റെ പിന്തുണയ്ക്കുക മാത്രമാണ് സംഘടന ചെയ്തത്. ഇതിന്‍റെ പേരിൽ മറ്റ് സിനിമാ സെറ്റുകളിലേക്ക് കോൺഗ്രസ് നടത്തുന്ന പ്രതിഷേധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന് കത്ത് നൽകിയത്.

click me!