Joju George | ജോജു ലഹരിക്കടിമയായിരുന്നുവെന്ന് ആവർത്തിച്ച് കോൺഗ്രസ്; അന്വേഷണം വേണമെന്ന് മുഹമ്മദ് ഷിയാസ്

Published : Nov 02, 2021, 05:47 PM ISTUpdated : Nov 02, 2021, 06:45 PM IST
Joju George | ജോജു ലഹരിക്കടിമയായിരുന്നുവെന്ന് ആവർത്തിച്ച് കോൺഗ്രസ്; അന്വേഷണം വേണമെന്ന് മുഹമ്മദ് ഷിയാസ്

Synopsis

ജനകീയ സമരങ്ങളെ കേസെടുത്ത് തടയാൻ പിണറായി വിജയന് കഴിയില്ലെന്നാണ് എറണാകുളം ഡിസിസി പ്രസിഡൻ്റിൻ്റെ ഓർമ്മപ്പെടുത്തൽ. മോദിയും പിണറായിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും ഷിയാസ് ആരോപിക്കുന്നു

കൊച്ചി: കേരള പിറവി ദിനത്തിൽ വൈറ്റിലയിലെ ഹൈവേ ഉപരോധത്തിനിടെ നടൻ ജോജു ജോർജ്ജ് (joju george) നടത്തിയ പ്രതിഷേധത്തിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ് (congress). ജോജു മനപ്പൂർവ്വം പ്രശ്നമുണ്ടാക്കാൻ തന്നെ വന്നതാണെന്ന് സംശയിക്കുന്നതായി ഡിസിസി പ്രസിഡൻ്റ് ഷിയാസ് പറയുന്നു. ജോജു ലഹരിക്കടിമപ്പെട്ടാണ് പ്രശ്നമുണ്ടാക്കിയതെന്ന ആരോപണത്തിൽ ഷിയാസ് ഉറച്ച് നിൽക്കുകയാണ്. എന്ത് ലഹരിയാണെന്ന് പൊലീസ് അന്വേഷിക്കട്ടെയെന്നാണ് കോൺഗ്രസ് നേതാവിന്റെ നിലപാട്. ഇന്നലെ തന്നെ ജോജു ജോർജ്ജിനെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ജോജു മദ്യപിച്ചിട്ടില്ലെന്നായിരുന്നു കണ്ടെത്തൽ. 

ജനകീയ സമരങ്ങളെ കേസെടുത്ത് തടയാൻ പിണറായി വിജയന് കഴിയില്ലെന്നാണ് എറണാകുളം ഡിസിസി പ്രസിഡൻ്റിൻ്റെ ഓർമ്മപ്പെടുത്തൽ. മോദിയും പിണറായിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും ഷിയാസ് ആരോപിക്കുന്നു. ജനാധിപത്യ രീതിയിലുള്ള സമരമാണ് നടത്തിയത്. നാട്ടിലെ ജനങ്ങൾക്ക് വേണ്ടിയായിരുന്നു സമരം. അതിനെ ഭീഷണിപ്പെടുത്തി അടിച്ചമർത്താനാവില്ല. 

സിറ്റി പൊലീസ് കമ്മീഷണർക്കെതിരെയും ഷിയാസ് ആരോപണങ്ങളുയ‍‌ർ‌ത്തി. ഏകപക്ഷീയമായ നടപടിയാണ് പൊലീസ് സ്വകരീച്ചത്. ഒരു സ്ത്രീ കൊടുത്ത പരാതിയിൽ കേസെടുത്തില്ല. കലാകാരനായത് കൊണ്ട് ജോജുവിന് ഒരു നീതിയും കോൺഗ്രസുകാർക്ക് ഒരു നീതിയുമെന്നത് നടക്കില്ല. ഒരു നാട്ടിൽ എല്ലാവർക്കും ഒരേ നിയമവും ഒരേ നീതിയുമാണ് ഒരാൾക്കും പ്രത്യേക പ്രിവിലേജില്ല. 

സിറ്റി പൊലീസ് കമ്മീഷണറുമായി വിളിച്ച് സംസാരിച്ചാണ് സമരം നടത്തുന്ന റൂട്ടുകൾ തീരുമാനിച്ചത്. പൊലീസുമായി ധാരണയുണ്ടാക്കിയ ശേഷമാണ് പതിനൊന്ന് മണി മുതൽ സമരം നടന്നത്. ആയിരക്കണക്കിന് വാഹനങ്ങൾ സമരത്തിൽ പങ്കെടുത്തു. അതിനിടയിലേക്ക് മനപ്പൂർവ്വം കടന്ന് വന്ന് കുഴപ്പമുണ്ടാക്കുകയാണ് ജോജു ചെയ്തത്. മറ്റ് വഴിയിലൂടെ പോകാൻ ജോജുവിന് കഴിയുമായിരുന്നു. അത് ചെയ്തില്ലെന്ന് ഷിയാസ് പറയുന്നു. 

ജോജു ജോർജ്ജിന്റെ വാഹനം തകർത്തതിന് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കോൺഗ്രസ് നേതാവ് ടോണി ചമ്മിണി ഉൾപ്പടെ ഉള്ള പ്രതികളെ തിരിച്ചറിഞ്ഞെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു അറിയിക്കുന്നത്. 

വൈറ്റിലയിലെ  ഹൈവേ ഉപരോധത്തിനിടെ നടന്ന സംഭവങ്ങളിൽ നിലവിൽ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വഴി തടയൽ സമരവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെയും, വാഹനം തല്ലിതകർത്ത് ആക്രമിക്കാൻ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയിൽ എട്ട് പേർക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. പ്രതികളെ തിരിച്ചറിയുന്നതിനായി ദൃശ്യങ്ങൾ പൊലീസ് ജോജുവിന് കൈമാറിയിട്ടുണ്ട്. 

മൈക്ക് ഉപയോഗിക്കുന്നതിനും, അഞ്ച് മിനിറ്റിൽ കൂടുതൽ റോഡ് ഉപരോധിക്കാനും  കോൺഗ്രസ്സ് പ്രവർത്തകർക്ക് പൊലീസ് അനുമതി നൽകിയിരുന്നില്ല. ജോജുവിനെതിരായ മഹിള കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജോസഫിനെ വൈകിപ്പിച്ചു വശത്താക്കാൻ കോൺഗ്രസ്; 'തിരുവമ്പാടി'യിൽ വഴങ്ങുമോ മുസ്ലിം ലീഗ് ? യുഡിഎഫ് സീറ്റ് വിഭജനം എന്താകും?
സിജെ റോയിയുടെ മരണം: 'കോൺഫിഡന്റ് ​ഗ്രൂപ്പിന് പിന്നാലെ ഇഡിയോ സിബിഐയോ ഇല്ല'; തങ്ങളുടെ പക്കൽ ആരുടെയും കള്ളപ്പണമില്ലെന്ന് എംഡി ടിഎ ജോസഫ്