കൊവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം നാട്ടിലെത്തിച്ചെന്ന ആരോപണം: മറുപടിയുമായി അൽഫോൺസ് കണ്ണന്താനം

By Web TeamFirst Published Aug 17, 2020, 2:33 PM IST
Highlights

കൊവിഡ് ബാധിതർ മരിച്ചാൽ വ്യാപനമൊഴിവാക്കാൻ  ബന്ധുക്കളെ പോലും കാണിക്കാതെ പ്രത്യേകം പൊതിഞ്ഞ് സംസ്കരിക്കുന്നതാണ് പ്രോട്ടോക്കോൾ പ്രകാരമുള്ള രീതി.  കണ്ണന്താനം ഇതൊഴിവാക്കാൻ സ്വാധീനമുപയോഗിച്ചെന്ന ആരോപണമാണ് ജോമോൻ പുത്തൻ പുരയ്ക്കൽ ഉയർത്തിയത്

തിരുവനന്തപുരം: കൊവിഡ് 19 ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം നാട്ടിലെത്തിച്ച് പ്രോട്ടോക്കോള്‍ പാലിക്കാതെ സംസ്കരിച്ചെന്ന് ആരോപണത്തിന് മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. കൊവിഡ് പ്രധാന അവയവങ്ങളെ ബാധിച്ചതാണ് അമ്മയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് അൽഫോൺസ് കണ്ണന്താനത്തിന്‍റെ വിശദീകരണം.

അമ്മക്ക് മരണത്തിനു മുമ്പ് കൊവിഡ് ഭേദമായിരുന്നു എന്നും എന്നാൽ ശ്വസകോശത്തിനും ഹൃദയത്തിനുമേറ്റ ആഘാതം മരണകാരണമായെന്നാണ് കണ്ണന്താനം വിശദമാക്കുന്നത്. കൊവിഡ് ഭേദമായെന്ന സർട്ടിഫിക്കറ്റ് എയിംസ് നല്കിയിരുന്നു. മരണത്തിനു ശേഷമുള്ള പരിശോധനയിലും നെഗറ്റീവ് സർട്ടിഫിക്കറ്റാണ് കിട്ടിയത്. കൊവിഡ് വിവരം മറച്ചുവച്ച് കേരളത്തിൽ സംസ്താരം നടത്തിയെന്ന ആരോപണം മറുപടി അർഹിക്കാത്തതെന്നും അൽഫോൺസ് കണ്ണന്താനം പറയുന്നു.    

പൊതുപ്രവർത്തകൻ ജോമോൻ പുത്തൻ പുരയ്ക്കലിന്‍റേതായിരുന്നു ആരോപണം. കൊവിഡ് ബാധിച്ചാണ് തന്‍റെ അമ്മ മരിച്ചതെന്ന വിവരം മുന്‍കേന്ദ്രമന്ത്രി മറച്ചുവച്ചു. ജൂൺ 10ന് ഡൽഹിയിൽ മരിച്ച കണ്ണന്താനത്തിന്റെ അമ്മയുടെ മൃതദേഹം വിമാനത്തിൽ നാട്ടിലെത്തിച്ച് കോട്ടയം മണിമലയിൽ പൊതുദർശനവും നടത്തിയാണ്  സംസ്കരിച്ചത്. താനും സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു. ഈ സമയത്തെല്ലാം കൊവിഡ് മരണമാണെന്ന വിവരം കണ്ണന്താനം മറച്ചുവെച്ചുവെന്നുമായിരുന്നു ആരോപണം.

അമ്മയുടേത് കൊവിഡ് മരണമായിരുന്നുവെന്നു പറയുന്ന കണ്ണന്താനത്തിന്റെ വീഡിയോ സഹിതമായിരുന്നു ആരോപണം. കൊവിഡ് ബാധിതർ മരിച്ചാൽ വ്യാപനമൊഴിവാക്കാൻ  ബന്ധുക്കളെ പോലും കാണിക്കാതെ പ്രത്യേകം പൊതിഞ്ഞ് സംസ്കരിക്കുന്നതാണ് പ്രോട്ടോക്കോൾ പ്രകാരമുള്ള രീതി.  കണ്ണന്താനം ഇതൊഴിവാക്കാൻ സ്വാധീനമുപയോഗിച്ചെന്ന ആരോപണമാണ് ജോമോൻ പുത്തൻ പുരയ്ക്കൽ ഉയർത്തിയത്. 

click me!