ഒരേ ദിവസം രണ്ടിടത്ത് പൊതുപരിപാടികൾ; കുട്ടനാട്ടിൽ ബലാബലം പരീക്ഷിച്ച് ജോസ്-ജോസഫ് വിഭാഗങ്ങള്‍

By Web TeamFirst Published Jan 18, 2020, 6:09 AM IST
Highlights

കുട്ടനാട്ടിൽ ഒരേ ദിവസം രണ്ടിടത്ത് പൊതുപരിപാടികൾ സംഘടിപ്പിച്ചാണ് ഇരുവിഭാഗവും കൊമ്പുകോർത്തത്.

ആലപ്പുഴ: സ്ഥാനാർഥി നിർണയത്തിലെ തർക്കം രൂക്ഷമായിരിക്കെ കുട്ടനാട്ടിൽ ബലാബലം പരീക്ഷിച്ച് കേരള കോൺഗ്രസ് ജോസഫ്-ജോസ് വിഭാഗങ്ങൾ. കുട്ടനാട്ടിൽ ഒരേ ദിവസം രണ്ടിടത്ത് പൊതുപരിപാടികൾ സംഘടിപ്പിച്ചാണ് ഇരുവിഭാഗവും കൊമ്പുകോർത്തത്.

പ്രളയക്കെടുതിയിൽ നിന്ന് രക്ഷനേടാൻ രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ജോസഫ് വിഭാഗം മങ്കൊമ്പിൽ സത്യാഗ്രഹസമരം സംഘടിപ്പിച്ചത്. ജോസഫ് പക്ഷം സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്ന, ജേക്കബ് എബ്രഹാം തന്നെയായിരുന്നു സമരനായകൻ. ഡിസിസി പ്രസിഡന്‍റ് എം ലിജുവടക്കം കോൺഗ്രസ് നേതാക്കളെയും പരിപാടിയിൽ പങ്കെടുപ്പിച്ചു. ഉദ്ഘാടകനായി എത്തിയ പിജെ ജോസഫ്, ജേക്കബ് എബ്രഹാമിന്‍റെ സ്ഥാനാർഥിത്വം അടക്കം നിലപാട് വ്യക്തമാക്കി.

കുട്ടനാട്ടിലെ ജനകീയ വിഷയങ്ങളിൽ സമരപ്രഖ്യാപന കൺവെൻഷനാണ്, രാമങ്കരിയിൽ ജോസ് കെ. മാണി വിഭാഗം സംഘടിപ്പിച്ചത്. ജോസ് വിഭാഗം സ്ഥാനാർഥിയായി പരിഗണിക്കുന്ന ഡോ. ഷാജോ കണ്ടക്കുടി, ബിനു ഐസക് രാജു എന്നിവരും പരിപാടിയിൽ പങ്കെടുത്തു. സ്ഥാനാർഥി നിർണയത്തിലെ അവസാനവാക്ക് ജോസ് കെ. മാണിയുടേതാണെന്ന് നേതാക്കൾ വ്യക്തമാക്കി. കുട്ടനാട്ടിൽ സമാന്തര തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ട്പോകാനാണ് ജോസഫ്, ജോസ് പക്ഷങ്ങളുടെ തീരുമാനം. രണ്ടില ചിഹ്നത്തെ ചൊല്ലിയുള്ള തർക്കത്തിൽ തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ വാദം കേൾക്കും. അനുകൂല തീരുമാനം വരുമെന്നാണ് ഇരുവിഭാഗവും പ്രതീക്ഷിക്കുന്നത്.
 

click me!