
കോട്ടയം: കോട്ടയത്തെ തോൽവിയിൽ തോമസ് ചാഴിക്കാടൻ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച വിമർശനങ്ങൾ കേരള കോൺഗ്രസ് മാണി വിഭാഗം എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കില്ല. സംസ്ഥാനത്താകെ ഉണ്ടായ രാഷ്ട്രീയ സാഹചര്യം മാത്രമാണ് തോൽവിക്ക് കാരണമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. തോൽവിയെ സംബന്ധിച്ചുള്ള അന്വേഷണവും കേരള കോൺഗ്രസ് വേണ്ടെന്ന് വച്ചു. മുഖ്യമന്ത്രിയുടെ ചില നിലപാടുകളാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്നായിരുന്നു കഴിഞ്ഞ ദിവസം ചേർന്ന കേരള കോൺഗ്രസ് ഉന്നാതാധികാര സമിതിയിൽ കോട്ടയത്തെ സ്ഥാനാർത്ഥിയായിരുന്ന തോമസ് ചാഴികാടൻ തുറന്നടിച്ചത്.
പാലായിലെ നവകേരള സദസിൽ ചാഴിക്കാടനെ മുഖ്യമന്ത്രി പരസ്യമായി ശകാരിച്ചതും തോൽവിയിലേക്ക് വഴി തെളിച്ചെന്നും വിമർശനമുയർത്തി. എന്നാൽ പാർട്ടി വൈസ് ചെയർമാൻ കൂടിയായ ചാഴിക്കാടന്‍റെ വിമർശനങ്ങൾ വയസ്ക്കരകുന്നിലെ പാർട്ടി ഓഫീസിന്റെ ചുവരുകൾക്ക് പുറത്തേക്ക് പോകണ്ടെന്നാണ് ജോസ് കെ മാണിയുടെ തീരുമാനം.
സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും മാത്രമായി വിമർശിക്കേണ്ടെന്ന് ഉന്നതാധികാര സമിതി യോഗത്തിലും ജോസ് കെ മാണി പറഞ്ഞതാണ്. സിപിഎം കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞത് അന്വേഷിക്കണമെന്ന ചാഴിക്കാടന്റെ ആവശ്യവും പാർട്ടി തള്ളി. ഇതെല്ലാം സിപിഎം നൽകിയ രാജ്യസഭ സീറ്റിനുള്ള ചെയർമാന്റെ ഉപകാരസ്മരണ എന്ന് വിലയിരുത്തുന്നവർ പാർട്ടിയിൽ തന്നെയുണ്ട്. ഇക്കൂട്ടർക്ക് നേതൃത്വത്തിന്റെ നിലപാടുകളോട് കടുത്ത വിയോജിപ്പാണ്. അതൃപ്തിയിലുള്ള ചില ഉന്നതാധികാര സമിതി അംഗങ്ങളുടെ നേതൃത്വത്തിൽ പാർട്ടി വിടാനുള്ള നീക്കങ്ങളും അണിയറയിൽ നടക്കുന്നു. പി ജെ ജോസഫ് വിഭാഗവുമായി ചില അനൗദ്യോഗിക ചർച്ചകൾ നടന്നു കഴിഞ്ഞുവെന്നാണ് വിവരങ്ങൾ.
ഗുജറാത്തിലെ ബിൽ ഇതാ...; രാജ്യത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ചാർജ് കേരളത്തിലാണോ? കെഎസ്ഇബി വിശദീകരണം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam