സമവായ നീക്കം പാളി; പാര്‍ലമെന്‍ററി പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കാതെ ജോസ് കെ മാണി വിഭാഗം

By Web TeamFirst Published Jun 8, 2019, 11:02 AM IST
Highlights

ഇന്നലെ രാത്രി കോട്ടയത്ത് ചേര്‍ന്ന യോഗത്തില്‍ പി ജെ ജോസഫ് വിഭാഗം മാത്രമാണ് പങ്കെടുത്തത്. പി ജെ ജോസഫ് കെ എം മാണിയെ അപമാനിച്ചുവെന്നും അതിനാലാണ് പങ്കെടുക്കാത്തതെന്നും ജോസ് കെ മാണി വിഭാഗം 

കോട്ടയം: പിളര്‍പ്പിലേക്ക് നീങ്ങുന്ന കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സമവായ നീക്കം പാളി. പാര്‍ലമെന്‍ററി പാര്‍ട്ടി നേതാക്കളുടെ അനൗദ്യോഗിക യോഗത്തില്‍ നിന്ന് ജോസ് കെ മാണി വിഭാഗം വിട്ട് നിന്നു. ഇന്നലെ രാത്രി കോട്ടയത്ത് ചേര്‍ന്ന യോഗത്തില്‍ പി ജെ ജോസഫ് വിഭാഗം മാത്രമാണ് പങ്കെടുത്തത്. പി ജെ ജോസഫ് കെ എം മാണിയെ അപമാനിച്ചുവെന്നും അതിനാലാണ് പങ്കെടുക്കാത്തതെന്നും ജോസ് കെ മാണി വിഭാഗം വ്യക്തമാക്കി. 

അതേസമയം താന്‍ യോഗത്തില്‍ പങ്കെടുത്തില്ലെന്ന് സി എഫ് തോമസ് പറഞ്ഞു. യോഗത്തെക്കുറിച്ച് അറിയില്ലായിരുന്നു. തന്നെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ക്ഷണിച്ചിരുന്നെങ്കില്‍ പോകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേതാക്കൾ പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്നും ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും സി എഫ് തോമസ് ആവശ്യപ്പെട്ടു. 

സമവായ നീക്കം പൊളിക്കാൻ ശ്രമിക്കുന്നത് ജോസ് കെ മാണി വിഭാഗമാണെന്നും തന്നെ ചെയർമാനായി അംഗീകരിച്ചാൽ മാത്രമേ ഇനി യോഗങ്ങൾ വിളിക്കൂ എന്നും കഴിഞ്ഞ ദിവസം പി ജെ ജോസഫ് തൊടുപുഴയിൽ പറഞ്ഞിരുന്നു. ഗ്രൂപ്പ് പ്രശ്നമല്ല പാർട്ടിയിലുള്ളത്, സമവായത്തിന്‍റെ ആളുകളും പിളർപ്പിന്‍റെ ആളുകളും തമ്മിലുള്ള പ്രശ്നമാണ്. കെ എം മാണിയുടെ കീഴ്‍വഴക്കങ്ങൾ ജോസ് കെ മാണി വിഭാഗം ലംഘിക്കുകയാണെന്ന് പി ജെ ജോസഫ് ആരോപിച്ചു. തീരുമാനങ്ങൾ ചെറിയ സമിതി ചർച്ച ചെയ്ത് സംസ്ഥാന കമ്മിറ്റിയിൽ പാസാക്കുന്നതായിരുന്നു കെ എം മാണിയുടെ കീഴ്‍വഴക്കമെന്നും പി ജെ ജോസഫ് പറഞ്ഞു.

click me!